കോട്ടയം: നെല്‍കൃഷി സംരക്ഷിക്കാന്‍ സര്‍ക്കാരും ബന്ധപ്പട്ട ഏജന്‍സികളും നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ അപ്പര്‍കുട്ടനാട്ടിലെ നെല്‍കര്‍ഷകരുടെ ദുരിതമൊഴിയുന്നില്ല. വിവിധ ബാങ്കുകളില്‍ നിന്നും കാര്‍ഷിക വായ്പ എടുത്ത കര്‍ഷകര്‍ക്ക് യഥാസമയം വായ്പാതിരിച്ചടവ് നടക്കാത്തതിനാല്‍ പലിശയിനത്തിലടക്കം വന്‍തുക തിരിച്ചടയ്ക്കേണ്ടിവരുന്നതായി പറയുന്നു. ജനുവരിയില്‍ കൊയ്ത്തുകഴിഞ്ഞ് നെല്ലെടുത്ത കര്‍ഷകര്‍ക്ക് ഇനിയും നെല്‍വില ലഭിച്ചിട്ടില്ലെന്ന് കര്‍ഷകര്‍ പരാതിപ്പെടുന്നു.
ഫെബ്രുവരി 28 വരെ നെല്ലെടുത്ത മുഴുവന്‍ കര്‍ഷകര്‍ക്കും തുക നല്‍കിക്കഴിഞ്ഞതായി പാഡി ഡെവലപ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഇപ്പോള്‍ നെല്ല് എടുക്കുന്ന കര്‍ഷകര്‍ക്ക് നാഗമ്പടം കാനറ ബാങ്ക് ശാഖയില്‍ നിന്നും വായ്പയായി നെല്‍വില ലഭിക്കും. ഈ വായ്പയുടെ പലിശ സപ്ലൈകോതന്നെ ബാങ്കിന് നല്‍കും. നെല്ലെടുക്കുന്ന സ്വകാര്യ മില്ലുകാര്‍ നല്കുന്ന ഈ പിആര്‍എസ് ബാങ്കില്‍ ഹാജരാക്കിയാല്‍ മതിയെന്നും പാഡി ഓപീസര്‍ പറയുന്നു. എന്നാല്‍ സ്വകാര്യ മില്ലുകാര്‍ നെല്ലെടുക്കുമ്പോള്‍ കര്ഷകന് താത്കാലിക രസീതുമാത്രമാണ് നല്‍കുന്നത്. പേരും തൂക്കവും ചാക്കുകളുടെ എണ്ണവും പാടശേഖരത്തിന്റെ പേരും തീയതിയും കൈപ്പടയില്‍ ഇതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
പാഡിഓഫീസര് പറയുന്നതുപോലെ കമ്പ്യൂട്ടര്‍ ബില്ലിങ് മെഷീന് ഉപയോഗിച്ചുള്ള ഇപിആര്‍എസ് കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല. അതുകൊണ്ടുതന്നെ കാനറ ബാങ്കില്‍ ലഭ്യമാകുന്ന സേവനം പ്രയോജനപ്പെടുത്താന്‍ കഴുയുന്നില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.
കര്‍ഷകര്‍ക്കുള്ള വായ്പാസൗകര്യങ്ങള്‍ ഈമാസം ഒന്നിന് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം നിര്‍ത്തിയിരുന്നു. എന്നാല്‍ ജൂണ്‍ 30 വരെ ഈ സൗകര്യം നീട്ടിയതായി വീണ്ടും അറിയിപ്പ് ലഭിച്ചിട്ടുള്ളതായും കാനറ ബാങ്ക് നാഗമ്പടം ശാഖാ അധികൃതര്‍ അറിയിച്ചു. സപ്ലൈകോയും സ്വകാര്യ മില്ലുടമകളും ചേര്‍ന്നുള്ള ഒത്തുകളിയുടെ ഭാഗമാണ് ഇപിആര്‍എസ് യഥാസമയം നല്‍കാത്തതിന്റെ പിന്നിലെന്നാണ് കര്‍ഷകര്‍ പറയുന്നത്. നെല്‍വില വായ്പയായി നല്കുനപോള് സപ്ലൈകോയ്ക്ക് പലിശ ഇനത്തിലുണ്ടാകുന്ന നഷ്ടം ഒഴിവാക്കാനാണീ ഒത്തുകളിയെന്നും കര്‍ഷകര്‍ പരാതിപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: