ആലപ്പുഴ: തൊഴിലാളി സംഘടനകള്‍ നീണ്ട പ്രക്ഷോഭ സമരങ്ങളില്‍ കൂടി നേടിയെടുത്ത എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് വരിക്കാര്‍ക്ക് ചുരുങ്ങിയ പെന്ഷന് ആയിരം രൂപയായി നിശ്ചയിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനം ധനമന്ത്രാലയം തള്ളിക്കളഞ്ഞ നടപടിയില്‍ പ്രതിഷേധിക്കാന്‍ ബിഎംഎസ് ജില്ലാ കമ്മറ്റി തീരുമാനിച്ചു.
യുപിഎ സര്‍ക്കാര്‍ പദ്ധതി കൊണ്ടുവന്നെങ്കിലും നടപ്പാക്കിയത് മോദി സര്‍ക്കാരായിരുന്നു. ഏകദേശം 32 ലക്ഷം തൊഴിലാളികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചിരുന്നു. ഇപ്പോള്‍ ഫണ്ടില്ലായെന്ന കാരണത്താലാണ് സര്‍ക്കാര്‍ പെന്ഷന് ഇപ്പോള്‍ നിര്‍ത്തിയത്. അവകാശികളില്ലാതെ ആറായിരം കോടി രൂപ ഇപിഎഫ് അക്കൗണ്ടില്‍ കെട്ടിക്കിടക്കുന്നു. മൂവായിരം കോടി രൂപയോളം പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടിലുമുണ്ട്. ഇതില്‍ സര്‍ക്കാരിന് യാതൊരു അവകാശവുമില്ല. തൊഴിലാളികള്‍ കാലാകാലങ്ങളായി നിക്ഷേപിച്ച പണമാണിത്.
തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങള്‍ നിഷേധിക്കുന്ന സര്‍ക്കാര്‍ നയങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴ പ്രൊവിഡന്റ് ഫണ്ട് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്താന്‍ ജില്ലാ കമ്മറ്റി തീരുമാനിച്ചു. ഏപ്രില്‍ 17ന് രാവിലെ 10ന് നഗരചത്വരത്തില്‍ നിന്നാരംഭിക്കുന്ന മാര്‍ച്ച് പിഎഫ് ഓഫീസ് പടിക്കല്‍ എത്തുമ്പോള്‍ ധര്‍ണ ആരംഭിക്കും.
ബിഎംഎസ് സംസ്ഥാന ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി എം.പി. രാജീവന് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ബി. രാജശേഖരന് അദ്ധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറി സി.ജി. ഗോപകുമാര്‍ മുഖ്യപ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: