കോട്ടയം: ജന്മഭൂമി കോട്ടയം എഡീഷന്റെ പത്താം വാര്‍ഷികം ആഘോഷിച്ചു. തിരുനക്കര ഐശ്വര്യ ഓഡിറ്റോറിയത്തില്‍ ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് കെ.കെ. വിജയകുമാര്‍ വാര്‍ഷികാഘോഷച്ചടങ്ങ് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ മുഖ്യധാരാദിനപ്പത്രങ്ങളിലൊന്നായി ഇന്ന് ജന്മഭൂമി മാറിയിട്ടുണ്ടെന്നും ദേശീയ പ്രസ്ഥാനങ്ങള്‍ക്ക് രാജ്യത്താകമാനം ഉണ്ടായിരിക്കുന്ന സ്വീകാര്യതയും വിശ്വാസ്യതയും ജന്മഭൂമിക്കും മുതല്‍ക്കൂട്ടാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. മറ്റു പലമാധ്യമങ്ങളും തമസ്കരിക്കുന്ന വാര്‍ത്തകള്‍ പുറത്തുകൊണ്ടുവരുന്നതില്‍ ജന്മഭൂമി നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്.
ചടങ്ങില്‍ ജന്മഭൂമി മാനേജിങ് ഡയറക്ടറും ആര്‍എസ്എസ് സഹപ്രാന്തകാര്യവാഹുമായ എം. രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍ ആമുഖപ്രഭാഷണവും പ്രിന്റര്‍ ആന്‍ഡ് പബ്ലിഷര്‍ വി. സദാശിവന് ആശംസാപ്രസംഗവും നടത്തി. ജന്മഭൂമിയുടെ മുതിര്‍ന്ന ഏജന്റുമാരായ സോമനാഥ് തൊടുപുഴ, പ്രഭാകരന് നായര്‍ നെടുംകുന്നം, രവീന്ദ്രനാഥ് തൃക്കോതമംഗലം, ബിജു പാല, ഹരീന്ദ്രനാഥ് എലിക്കുളം, ശശീന്ദ്രന് നെത്തല്ലൂര്‍, ജയകുമാര്‍ മാവേലിക്കര, ശ്രീധരന് നായര്‍ കുമാരനല്ലൂര്‍ എന്നിവരെ പ്രിന്റര്‍ ആന്‍ഡ് പബ്ലിഷര്‍ വി. സദാശിവന് പൊന്നാട അണിയിച്ച് ആദരിച്ചു. ജന്മഭൂമി ഡയറക്ടര്‍ ബോര്‍ഡംഗവും ബിജെപി ജില്ലാ പ്രസിഡന്റുമായ ഏറ്റുമാനൂര്‍ രാധാകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് മാനേജര്‍ സി.ബി. സോമന് സ്വാഗതവും ഡെവലപ്മെന്റ് മാനേജര്‍ എം.വി. ഉണ്ണികൃഷ്ണന് നന്ദിയും പറഞ്ഞു. സംഘ പരിവാര്‍ പ്രസ്ഥാനങ്ങളുടെ സംസ്ഥാന തല നേതാക്കളടക്കം പ്രൗഡഗംഭീരസദസ് ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: