കുരീപ്പുഴ: പ്രകൃതിയെ നശിപ്പിച്ചായാലും ഭരിക്കുന്നവര്‍ക്കും ഭരിക്കാത്തവര്ക്കും വേണ്ടത് ലാഭമാണ്. ലാഭക്കൊതിയന്മാരുടെ നാടായി നമ്മുടെ നാട് മാറിക്കൊണ്ടിരിക്കുകയാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍സെക്രട്ടറി കുമ്മനം രാജശേഖരന് പറഞ്ഞു.
കുരീപ്പുഴ തിരുആക്കല് ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായുള്ള വിശ്വസാരഥി പുരസ്കാരം ഏറ്റുവാങ്ങികൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൈതൃക ഗ്രാമങ്ങളായ ആറന്മുളയെയും പരിസരത്തെയും ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവരുടെയും ലക്ഷ്യം ലാഭം തന്നെയാണ്.
ആറന്മുള ക്ഷേത്രത്തിലെത്തുന്ന ഒരു ജനതയുടെ വിശ്വാസത്തിന്റെയും അന്തസ്സിന്റെയും അഭിമാനത്തിന്റെയും ഉജ്ജ്വല സങ്കല്പമാണ് നമ്മുടെ കാവുകളും വയലുകളും. ഇവ വെട്ടിയും മണ്ണിട്ട് മൂടിയും നശിപ്പിക്കുകയാണ്. ഇതെല്ലാം ചെയ്യുന്നവര്‍ക്ക് കാവുകളും വയലുകളും പുനര്‍സൃഷ്ടിക്കാന്‍ സാധിക്കുമോയെന്ന് അദ്ദേഹം ചോദിച്ചു.
കേരളത്തിലെ ഏറ്റവും വലിയ കൊടിമരമാണ് ആറന്മുളയിലേത്. 30 മീറ്റര്‍ നീളമുള്ള കൊടിമരം ലാഭക്കൊതിയന്മാര് അഞ്ച് മീറ്റര്‍ കുറയ്ക്കണമെന്ന് വാദിക്കുന്നത് എന്തിനുവേണ്ടിയാണ്. ഒരു ജനതയുടെ ദര്‍ശനത്തെ ചോദ്യം ചെയ്യുന്ന ഇത്തരക്കാര്‍ക്ക് ഈ പൈതൃകത്തെ തിരികെ കൊണ്ടുവരാന്‍ സാധിക്കുമോയെന്നും അദ്ദേഹം ചോദിച്ചു. കാളിദാസ ഭട്ടതിരി, ചന്ദ്രശേഖരന്‍നായര്‍, ആറന്മുള മധുസൂദനന്‍പിള്ള, രാജേഷ് കടമ്പനാട് എന്നിവരെ യോഗത്തില്‍ ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: