കുന്നത്തൂര്‍: ശൂരനാട് തെക്ക് ഇരവിച്ചിറയില്‍ കഴിഞ്ഞ ദിവസമുണ്ടായ പേപ്പട്ടിയുടെ ആക്രമണത്തില്‍ ബംഗാളി തൊഴിലാളിയും വയോധികയും ഉള്‍പ്പെടെ 25ഓളം പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞദിവസം വൈകിട്ട് അഞ്ച് മണിയോടുകൂടിയാണ് സംഭവം ആരംഭിച്ചത്. പേ ഇളകിയ പട്ടി കണ്ണില്‍ കണ്ടവരെയെല്ലാം ആക്രമിക്കുകയായിരുന്നു.
മുഖത്ത് ഗുരുതരമായി കടിയേറ്റ തിക്കിനാപുരത്ത് ഭവാനിയമ്മയെ (78) ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി എട്ട് മണിവരെ ആക്രമം തുടര്‍ന്ന പട്ടിയെ നാട്ടുകാര്‍ പിന്നീട് തല്ലിക്കൊന്നു. കടിയേറ്റവര്‍ ശാസ്താംകോട്ട താലൂക്കാശുപത്രിയില്‍ ചികിത്സ തേടി എത്തിയെങ്കിലും പേവിഷ ബാധയ്ക്കുള്ള വാക്സിനുകള്‍ ഇവിടെ ലഭ്യമല്ലായിരുന്നു.
ഇത് ആശുപത്രി അധികൃതരും രോഗികളുടെ ഒപ്പമെത്തിയ നാട്ടുകാരും തമ്മില്‍ വാക്കേറ്റത്തിനും സംഘര്‍ഷത്തിനും ഇടയാക്കി. തുടര്‍ന്ന് കടിയേറ്റവരെ പ്രാഥമിക ശുശ്രൂഷ നല്‍കിയശേഷം ജില്ലാശുപത്രിയിലേക്ക് മാറ്റി. പിന്നീട് ജനപ്രതിനിധികള്‍ ഇടപെട്ടതിനെ തുടര്‍ന്ന് പേവിഷബാധയ്ക്കുള്ള വാക്സിന് ആശുപത്രിയില്‍ അടിയന്തിരമായി എത്തിച്ചു. തെരുവ് നായ്ക്കളുടെ ആക്രമണം പ്രദേശത്ത് വ്യാപകമായിരിക്കുകയാണ്.
തെരുവ് നായ്ക്കളുടെ നിയന്ത്രണത്തിനായി അടിയന്തിര നടപടി സ്വീകരിക്കണമെന്ന ആവശ്യം പലതവണ ഉയര്‍ന്നിട്ടും പഞ്ചായത്ത് യാതൊന്നും ഇതുവരെ ചെയ്തിട്ടില്ല. പേപ്പട്ടിയുടെ ആക്രമണത്തിന് ഇരയായവര്‍ക്ക് അടിയന്തിരമായി സഹായധനം നല്‍കണമെന്നും തെരുവുനായ്ക്കളെ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നും ബിജെപി ശൂരനാട് തെക്ക് പഞ്ചായത്ത് സമിതി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: