ആലപ്പുഴ: സര്‍ക്കാരിന്റെ പരോക്ഷ പിന്തുണയോടെ ഹരിപ്പാട് മണ്ഡലത്തില്‍ ആരംഭിക്കുന്ന സ്വകാര്യ മെഡിക്കല്‍ കോളേജ്, വണ്ടാനം ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ വളര്‍ച്ചയും വികസനവും തടസപ്പെടുത്തുന്നതും ജനവിരുദ്ധവുമാണെന്ന് ആക്ഷേപമുയരുന്നു. വണ്ടാനം മെഡിക്കല്‍ കോളേജില്‍ എല്ലാ സൂപ്പര്‍ സ്പെഷ്യാലിറ്റി വകുപ്പുകളും കൊണ്ടുവരാനോ, ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിക്കാനോ സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ല. ഇതിനിടെയാണ് കേവലം 20 കിലോമീറ്റര്‍ പരിധിക്കുള്ളില്‍ സ്വകാര്യ മെഡിക്കല്‍ കോളേജിനായി തകൃതിയില്‍ നീക്കം നടക്കുന്നത്. എന്‍ടിപിസിയുടെ സ്ഥലം ക്രമവിരുദ്ധമായി ഈ സ്വകാര്യ മെഡിക്കല്‍ കോളേജിന് കൈമാറുന്നത് സംബന്ധിച്ച കേസ് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ സര്‍ക്കാരിന്റെ പിന്തുണയില്‍, കരുവാറ്റയില്‍ നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും ജനവാസകേന്ദ്രങ്ങളും നികത്തിയാണ് സ്വകാര്യ മെഡിക്കല്‍ കോളിജിനായി പുതിയ സ്ഥലം കണ്ടെത്തിയിരിക്കുന്നത്
ഹരിപ്പാട് താലൂക്ക് ആശുപത്രിയുടെ റഫറല്‍ ആശുപത്രിയാണ് വണ്ടാനം മെഡിക്കല്‍ കോളേജ്. അതിനാല്‍ ഹരിപ്പാട് നിവാസികളായ പാവപ്പെട്ടവരെ സംബന്ധിച്ച് ഗവണ്മെന്റ് മെഡിക്കല്‍ കോളേജിന്റെ വികസനം അതിപ്രധാനമാണെന്നത് ഭരണകര്‍ത്താക്കള്‍ കണ്ടില്ലെന്ന് നടിക്കുന്നു. മെഡിക്കല്‍ കോളേജിന്റെ ഏറ്റവും പ്രധാനമായ ഭാഗം ആശുപത്രിയാണ്. സര്‍ക്കാര്‍ ഉറപ്പില്‍ നബാര്‍ഡില്‍ നിന്നും വായ്പ എടുത്ത് ആശുപത്രി ആരംഭിക്കുകയും അത് സ്വകാര്യ കോളേജിന്റേതാക്കി മാറ്റുന്നതിനുള്ള ഗൂഢനീക്കവുമാണ് ഇതിനുപിന്നിലെന്ന് ആക്ഷേപമുണ്ട്.
ഹരിപ്പാട് മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട എല്ലാ നീക്കങ്ങളും ഗൂഡമായും ദുരുദ്ദേശപരവുമായുമാണ് നടക്കുന്നത്. ഇവിടെ ആരംഭിക്കുന്നത് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജാണെന്ന പ്രചരണം ഇതിനുദാഹരണമാണ്. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ പങ്ക് വിശദമാക്കണമെന്നും സ്വകാര്യ മെഡിക്കല്‍ കോളേജിനായി പൊതുപണവും പൊതുസ്ഥലവും വിനിയോഗിക്കാനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നും ആലപ്പുഴ ഗവണ്മെന്റ് മെഡിക്കല്‍ കോളേജിനെ മെച്ചപ്പെടുത്താനുള്ള അടിയന്തിര നടപടികള്‍ ഉണ്ടാകണമെന്നും ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ വാര്‍ഷികം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: