കൊല്ലം: കെഎസ്സിഡിസിയുടെ കീഴിലുള്ള മുപ്പതില്പരം കശുവണ്ടി ഫാക്ടറികള്‍ കഴിഞ്ഞ 40 ദിവസമായി പൂട്ടിയിട്ടിരിക്കുന്നതിനാല്‍ തൊഴിലാളികള്‍ ദുരിതത്തിലായി. 2014 ജൂണ്‍ മുതലുള്ള പി.എഫിന്റെ കുടിശിക തൊഴിലാളികളില്‍നിന്നു പിടിച്ചതും കമ്പനി മാനേജ്മെന്റ് അടയ്ക്കേണ്ടതുമായ തുക ഉള്‍പ്പെടെ 30 ഫാക്ടറികളിലായി കോടിക്കണക്കിന് രൂപ കമ്പനി മാനേജ്മെന്റ് തൊഴിലാളികളുടെ പേരില്‍ അടച്ച് തീര്‍ക്കാനുണ്ട്. ഇ.എസ്.ഐയിലും ക്ഷേമനിധിയിലും കോടിക്കണക്കിന് രൂപ വേറെയും.
പി.എഫിന്റെ തുക സമയത്ത് അടയ്ക്കാത്തതുമൂലം തൊഴിലാളികള്‍ക്ക് ലോണ്‍ എടുക്കാനോ പെന്ഷന് എഴുതി വാങ്ങാനോ കഴിയുന്നില്ല. ഇ.എസ്.ഐ ലോക്കല്‍ ഓഫീസുകളില്‍ തൊഴിലാളികളുടെ വിഹിതവും മാനേജ്മെന്റ് വിഹിതവും അടക്കാത്തതുകാരണം തൊഴിലാളികള്‍ക്ക് ലീവ് എടുത്താല്‍പോലും പണം കിട്ടാത്ത സാഹചര്യമാണ്.
ക്ഷേമനിധി ബോര്‍ഡില്‍ പണം അടയ്ക്കാത്തതുമൂലം തൊഴിലാളികളുടെ മക്കളുടെ സ്കോളര്‍ഷിപ്പ് ആനുകൂല്യങ്ങളും ലഭിക്കുന്നില്ല. 2009 മുതല്‍ 2015 മാര്‍ച്ച് 31 വരെ കോടിക്കണക്കിന് രൂപ 58 വയസ് വരെ ജോലി ചെയ്തു പിരിച്ചുവിട്ട തൊഴിലാളികള്‍ക്ക് ഗ്രാറ്റുവിറ്റി ഇനത്തില്‍ നല്‍കാനുണ്ട്. മുഖ്യമന്ത്രിയും തൊഴില്‍വകുപ്പ് മന്ത്രിയും ഈ സ്തംഭനാവസ്ഥക്കു പരിഹാരം കാണണമെന്നാണ് യൂണിയനുകളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: