പത്തനാപുരം: ശബരി കുടിവെള്ള പദ്ധതി യാഥാര്‍ഥ്യമാവാന്‍ കടമ്പകളേറെ. ഇനിയും 40 ലക്ഷം രൂപയുടെ യന്ത്രസാമഗ്രികള്‍ കൂടി ലഭ്യമാക്കേണ്ടതുണ്ട്. 2012 ഒക്ടോബര്‍ 27നാണ് പദ്ധതിയുടെ ശിലാസ്ഥാപനകര്‍മം നടന്നത്.
കെ.ബി.ഗണേഷ്കുമാര് വനം-കായിക വകുപ്പ് മന്ത്രിയായിരിക്കുമ്പോഴാണ് ശിലാസ്ഥാപന ചടങ്ങ് നടന്നത്. കൊടിക്കുന്നില്‍ സുരേഷ് എം.പിയാണ് അധ്യക്ഷത വഹിച്ചത്. എന്നാല്‍ ഗണേഷ്കുമാറിന്റെ മന്ത്രിസ്ഥാനം പോയതോടെ സ്വപ്ന പദ്ധതി നിലച്ചു. പിറവന്തൂര്‍ ഗ്രാമപഞ്ചായത്തിലെ കടകേരി വനമേഖലയിലാണ് പ്ലാന്റ് സ്ഥാപിച്ചിട്ടുള്ളത്. കോടികള്‍ മുടക്കി പ്ലാന്റും കിണറും സ്ഥാപിച്ചിട്ടുണ്ട്.
കുപ്പിവെള്ളം മേഖലയില്‍ സ്വകാര്യ കമ്പനികള്‍ മേല്‍കൈ നേടുമ്പോള്‍ ഇതിനു ബദലായാണ് പദ്ധതി കൊണ്ടുവന്നത്. കഴിഞ്ഞ ശബരിമല മണ്ഡലകാലത്ത് ശബരീജലം കുപ്പികളിലാക്കി വിതരണം ചെയ്യുമെന്നാണ് കരുതിയിരുന്നത്.
നിലവില്‍ കുപ്പിവെള്ളത്തിന്റെ മേന്മ ശരിക്കും പരിശോധിക്കാതെയാണ് വിതരണം ചെയ്യുന്നത്. ബ്രാന്റഡ് കമ്പനികളുടെ കുപ്പിവെള്ളത്തിനു 20 രൂപയില്‍ കൂടുതലാണ് വില ഈടാക്കുന്നത്. ശരിയായ പിഎച്ച് മൂല്യവും ശുദ്ധതയും ഉറപ്പുവരുത്തി കുപ്പികളിലാക്കി വിതരണം ചെയ്യുന്നതിന് ആവശ്യമായ ആധുനിക യന്ത്ര സാമഗ്രികളാണ് ഇനി ലഭ്യമാക്കാനുള്ളത്.
വനം-വന്യജീവി വകുപ്പിന്റെ ചുമതലയിലാണ് പദ്ധതി ആരംഭിച്ചതെങ്കിലും ലഭിക്കുമെന്നു കരുതിയ ഫണ്ട് ലഭ്യമാകാത്തതാണ് പദ്ധതി വൈകിയതിനു കാരണമായത്. പദ്ധതിക്കായി ആധുനിക രീതിയില്‍ നിര്‍മിച്ച കുളവും കെട്ടിടവും ഇപ്പോള്‍ അനാഥമായിരിക്കുകയാണ്. വേനല്‍ കടുത്താല്‍ കുപ്പിവെള്ളത്തിനു ഇനിയും പ്രിയവും വിലയും ഏറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: