ചേര്‍ത്തല: താലൂക്കാശുപത്രിയിലെ മാലിന്യ സംസ്കരണ പ്ലാന്റിന്റെ നിര്‍മ്മാണം ഇഴയുന്നു, മാലിന്യസംസ്കരണത്തിന് മതിയായ സംവിധാനങ്ങള്‍ ഇല്ലാത്തത് ആശുപത്രിയുടെ ദേശീയ അംഗീകാരം പുതുക്കുന്നതിന് തടസമാകുമെന്ന് ആശങ്ക. ഒരു വര്‍ഷം മുന്‍പാണ് പ്ലാന്റിന്റെ നിര്‍മ്മാണം ആരംഭിച്ചത്. ആറ് മാസം കൊണ്ട് പൂര്‍ത്തിയാക്കുമെന്നായിരുന്നു വാഗ്ദാനം.
ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1.05 കോടി രൂപയാണ് ഇതിനായി അനുവദിച്ചത്. സര്‍ക്കാര്‍ ഏജന്‍സിക്കാണ് നിര്‍മ്മാണ ചുമതല. ആശുപത്രിയില്‍ നിന്ന് പുറംതള്ളുന്ന മലിനജലം പ്ലാന്റില്‍ ശുദ്ധീകരിച്ച് കൃഷി ആവശ്യങ്ങള്‍ക്കും മറ്റുമായി ഉപയോഗിക്കാനായിരുന്നു പദ്ധതി ലക്ഷ്യമിട്ടത്.
ആശുപത്രിക്ക് പിന്നിലായി ഇന്‍സിനറേറ്റര്‍ സ്ഥാപിച്ചിരുന്ന സ്ഥലത്താണ് പ്ലാന്റ് നിര്‍മ്മാണം നടക്കുന്നത്. എന്‍എബിഎച്ച് അംഗീകാരമുള്ള ആശുപത്രിയില്‍ മാലിന്യ സംസ്കരണത്തിന് ആവശ്യമായ സംവിധാനങ്ങള്‍ ഇല്ലാത്തത് വ്യാപകമായ പരാതിക്ക് ഇടയാക്കിയിരുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇഴയുന്നത് രൂക്ഷ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. ആശുപത്രിയുടെ ദേശീയ അംഗീകാരം പുതുക്കുന്നത് സംബന്ധിച്ചുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
ലാബിന്റെ സൗകര്യം മെച്ചപ്പെടുത്തുക, ജീവനക്കാരുടെ അഭാവം പരിഹരിക്കുക, കെട്ടിടങ്ങള്‍ മോടിപിടിപ്പിക്കുക എന്നിവയടക്കമുള്ള നിരവധി നിര്‍ദ്ദേശങ്ങളാണ് പരിശോധനയ്ക്കെത്തുന്ന എന്‍എബിഎച്ച് സംഘം ആശുപത്രി അധികൃതര്‍ക്ക് നല്‍കിയിട്ടുള്ളത്. അടുത്തമാസം നടക്കുന്ന പരിശോധനയ്ക്ക് മുന്‍പായി ഇവ പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ആശുപത്രിയിലെ മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരമാകുന്ന പ്ലാന്റിന്റെ നിര്‍മ്മാണം ഇതോടൊപ്പം പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ അംഗീകാരം ലഭിക്കുന്നതിനുള്ള നടപടികള്‍ തുലാസിലാകുമെന്ന സ്ഥിതിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: