ആലപ്പുഴ: ജീവനക്കാരെ സ്ഥാപനമുടമ കള്ളക്കേസില്‍ കുടുക്കുന്നതായി പരാതി. കൊല്ലം ആസ്ഥാനമായുള്ള ഹൈപ്പര്‍ ടെക് സിസ്റ്റംസ് എന്ന സ്ഥാപനത്തിലെ ജീവനക്കാരാണ് സ്ഥാപനമുടമ ഗിരീഷ്കുമാറിനെതിരെ പരാതിയുമായി രംഗത്തെത്തിയിട്ടുള്ളത്. സ്ഥാപനത്തില്‍ 12 ലക്ഷത്തിന്റെ ക്രമക്കേട് കാട്ടിയതായി ആരോപിച്ച് സൗത്ത് പോലീസില്‍ ഗിരീഷ്കുമാര്‍ തങ്ങള്‍ക്കെതിരെ കള്ള പരാതികള്‍ നല്‍കിയെന്ന് ജീവനക്കാരായ ചിഞ്ചു ചിത്തപ്രസാദ്, നിഷാന്ത്, ആദര്‍ശ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഇതുസംബന്ധിച്ച് ആഭ്യന്തരമന്ത്രി, മനുഷ്യാവകാശ കമ്മീഷന്, വനിതാ കമ്മീഷന്, ജില്ലാ പോലീസ് മേധാവി എന്നിവര്‍ക്ക് പരാതി നല്‍കിയതായും അവര്‍ പറഞ്ഞു. എന്തെങ്കിലും കാരണവശാല്‍ സ്ഥാപനത്തില്‍ നിന്നും വിട്ടുപോകുന്ന ജീവനക്കാരെ ഇത്തരത്തില്‍ കള്ളക്കേസില്‍ കുടുക്കി പണം കൈക്കലാക്കുന്നത് ഇയാളുടെ പതിവാണ്. വിവിധ ഡീലര്‍മാരും ഇയാളുടെ കബളിപ്പിക്കലിന് ഇരകളാണെന്നും അവര്‍ പറഞ്ഞു.
ആവശ്യപ്പെട്ട പണം തന്നില്ലെങ്കില്‍ കുഞ്ഞിനെയും ഭര്‍ത്താവിനെയും അപായപ്പെടുത്തുമെന്ന് ഗിരീഷ്കുമാറും മറ്റു ചിലരും ഭീഷണിപ്പെടുത്തിയതായി ചിഞ്ചു പറഞ്ഞു. സ്ഥാപനത്തില്‍ മുമ്പ് ജോലി ചെയ്തിരുന്ന പതിനഞ്ചോളം ജീവനക്കാരെ ഈ രീതിയില്‍ കള്ളക്കേസില്‍ കുടുക്കിയും ഭീഷണിപ്പെടുത്തിയതായും പണം കൈക്കലാക്കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: