ആലപ്പുഴ: വന്‍ജനാവലിയെ സാക്ഷിയാക്കി ജില്ലയുടെ ചിരകാലസ്വപ്നമായ ആലപ്പുഴ ബൈപ്പാസിന്റെ നിര്‍മ്മാണോദ്ഘാടനം കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി നിര്‍വഹിച്ചു. ബൈപ്പാസ് തുടങ്ങുന്ന കൊമ്മാടിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയിലായിരുന്നു പ്രൗഢഗംഭീരമായ ഉദ്ഘാടനച്ചടങ്ങ്. വൈദ്യുതി, ബയോ സിഎന്‍ജി, എഥനോള്‍, ബയോ ഡീസല്‍ തുടങ്ങിയവ ഉപയോഗിച്ചുള്ള ഗതാഗതസംവിധാനങ്ങളുടെ പരീക്ഷണങ്ങള്‍ക്കായി ഈ വര്‍ഷം 260 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ നീക്കിവച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. കേരളം വലിയ ഹൈവേകളെപ്പറ്റി ചിന്തിക്കണം. തിരുവനന്തപുരം-ചെന്നൈ, തിരുവനന്തപുരം- ബംഗളൂരു എക്സ്പ്രസ് ഹൈവേ ഉള്‍പ്പെടെയുള്ള പുതിയ പാതകളെപ്പറ്റി പഠിച്ച് കേന്ദ്രത്തെ അറിയിച്ചാല്‍ സഹായിക്കാന്‍ തയ്യാറാണ്.
ഭൂമി ഏറ്റെടുക്കുന്നതിന് കേരളത്തിലുള്ള തടസം ഇല്ലാതാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഗ്രാമപ്രദേശങ്ങളില്‍ കളക്ടര്‍ നിശ്ചയിക്കുന്ന ഭൂമിവിലയുടെ നാലിരട്ടിയും നഗരങ്ങളില്‍ രണ്ടിരട്ടിയും നല്‍കും. കേരളത്തില്‍ നാഷണല്‍ ഹൈവേയില്‍ ആവശ്യമായ എല്ലാ റെയില്വേമേല്പ്പാലങ്ങളും നിര്‍മിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. കൃഷിക്കും വ്യവസായത്തിനും മുഖ്യസ്ഥാനമാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്. പുഴകളും കനാലുകളും നിറഞ്ഞ ആലപ്പുഴ അതിമനോഹരമാണ്.കേരളം തന്നെ ഏറെ ആകര്‍ഷിച്ചു.ആലപ്പുഴ അതിമനോഹരമാണ്. ആംസ്റ്റര്ഡാമിലോ മറ്റോ വിനോദയാത്ര പോയതിന്റെ അനുഭവമാണ് ആലപ്പുഴയിലെത്തിയപ്പോള്‍ തനിക്ക് അനുഭവപ്പെട്ടതെന്ന് ഗഡ്കരി പറഞ്ഞു.
കേരളത്തില്‍ 45 മീറ്ററില്‍ത്തന്നെ നാഷണല്‍ ഹൈവേ വികസനത്തിന് ഭൂമിയേറ്റെടുത്തു നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇതിനാവശ്യമായ സ്ഥലം നല്ല വില നല്‍കിയാണ് ഏറ്റെടുക്കുക. ശബരിമലയ്ക്കുള്ള റോഡിന് സഹായം, തലശേരി-മാഹി ബൈപ്പാസ് തുടങ്ങിയവ കേന്ദ്രം അനുവദിച്ചു.
ആലപ്പുഴയുടെ ദീര്‍ഘകാലമായുള്ള കാത്തിരിപ്പിനാണ് ഇന്ന് അവസാനമാകുന്നതെന്ന് ചടങ്ങില്‍ സംസാരിച്ച മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. റോഡുകളുടെ വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ ധ്രുതഗതിയില്‍ ശ്രമിച്ചുവരികയാണെന്നും കേന്ദ്രത്തിന്റെ സഹായം ആവശ്യപ്പെട്ടപ്പോഴൊക്കെ ലഭിച്ചിട്ടുണ്ടെന്നും മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് സ്വാഗതപ്രസംഗത്തില്‍ പറഞ്ഞു. സമയബന്ധിതമായി ബൈപ്പാസിന്റെ പണി പൂര്‍ത്തീകരിക്കാന്‍ കേന്ദ്രമന്ത്രിയും മുഖ്യമന്ത്രിയും പ്രത്യേക താല്‍പ്പര്യമെടുക്കണമെന്ന് കെ.സി. വേണുഗോപാല്‍ എംപി ആവശ്യപ്പെട്ടു.
പൊതുമരാമത്ത് വകുപ്പു സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, നാഷണല്‍ ഹൈവേ വിഭാഗം ചീഫ് എന്‍ജിനീയര്‍ കെ.പി. പ്രഭാകരന്, ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍, നഗരസഭാധ്യക്ഷ മേഴ്സി ഡയാന മാസിഡോ, ജില്ലാ പോലീസ് മേധാവി കെ.കെ. ബാലചന്ദ്രന്, ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്, ജില്ലാപ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന് തുടങ്ങിയവര്‍ പങ്കെടുത്തു. ദേശീയപാത വികസനത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തുല്യമായി പണം മുടക്കി നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംരംഭമാണിത്. 348.43 കോടി രൂപയാണു പദ്ധതിച്ചെലവ്. ബിഒടി ഒഴിവാക്കി ഇപിസി (എന്‍ജിനീയറിങ്, പ്രൊക്യുവര്‍മെന്റ്, ആന്‍ഡ് കണ്‍സ്ട്രക്ഷന്‍) വ്യവസ്ഥയില്‍ 30 മാസം കൊണ്ടു നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണു കരാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: