ജനപ്രളയം സദാ തരംഗമാലകള്‍ സൃഷ്ടിക്കുന്ന മഹാനഗരമാണ് ബെംഗളൂരു. ഇവിടെ ആനന്ദവും അത്ഭുതവും നിത്യവിസ്മയങ്ങളാണ്. ഇവിടെ സ്ഥിതിചെയ്യുന്ന മൈത്രേയബുദ്ധ പിരമിഡ് ഏവരുടേയും ഹൃദയം കവരുന്ന നിര്‍മാണ ചാതുരിയാല്‍ തലയുയയര്‍ത്തി നില്ക്കുന്നു.
മഹാനഗരമായ ബെംഗളൂരുവില്‍ നിന്നും 38 കിലോമീറ്റര്‍ ദൂരെയായി കനകപുര റോഡില്‍ ഹാരോഹള്ളി എല്ലാ പരിതൃപ്തിയുമേകുന്നു. ഈ നഗരിക്കു നാലുകിലോമീറ്റര്‍ അകലെയായി അംബരം ചുംബിച്ചുകൊണ്ട് മൈത്രേയ പിരമിഡ് തലയെടുപ്പോടെ ശോഭിക്കുന്നു.
ഈ പിരമിഡിന്റെ ഉയരം 101 അടിയാണ്. ഏഷ്യയിലെ ഏറ്റവും വലിയ പിരമിഡും മറ്റൊന്നല്ല. പല ആകൃതിയിലാണ് ഈ മഹാസ്ഥാപനം. ധ്യാനകേന്ദ്രങ്ങളാണ് ഈ പിരമിഡിന്റെ ഉള്‍ഭാഗം മുഴുവന്‍. ഓരോ ഭാഗവും 160 അടിയിലധികം വിസ്തൃതിയില്‍ നിര്‍മിച്ചിരിക്കുന്നു. താഴെയുള്ള ഭാഗം മാത്രം 25,600 ചതുരശ്രയടിയെന്ന് രേഖപ്പെടുത്തിയിരിക്കുന്നു.
ശാന്തസൗന്ദര്യം
തത്തിക്കളിക്കുന്നു
പിരമിഡ് പ്രേമികള്‍ ഇവിടെ ആദ്യം ആസ്വദിക്കുന്നത് ഇവിടുത്തെ ശാന്തസൗന്ദര്യം തന്നെയാണ്. ധ്യാനയോഗത്തില്‍ ലയിക്കുവാന്‍ പ്രേരണയൊരുക്കുന്ന സുഷമാ വിലാസം. കിളികളുടെ മധുര കീര്‍ത്തനങ്ങള്‍ മാത്രം നിശബ്ദതയെ മുറിക്കുന്നു. ഇവിടെ ധ്യാനപരിശീലനം നല്കാന് ഇന്റര്‍നാഷണല്‍ പിരമിഡ് സ്പിരിച്വല്‍ സൊസൈറ്റി പ്രവര്‍ത്തിക്കുന്നു. ധ്യാനകേന്ദ്രത്തിനായി പിരമിഡ് മെഡിറ്റേഷന്‍ ഹാളും കാണാം. ഇവിടെ പാലി ലിപിയിലുള്ള ഒരു മനോജ്ഞ മന്ത്രവും മുഴങ്ങിക്കേള്‍ക്കാം. ആനാ അപ്നാ സാഥി എന്നാണത്. ആനാ എന്നാല്‍ ഉച്ഛാസം, അപ്നാ നിശ്വാസവും. സാഥി കൂടെക്കൊണ്ടുപോകുകയെന്നുമാണ് ആശയം. ഉച്ഛാസവും നിശ്വാസവും കൂടെക്കൊണ്ടുപോകുകയെന്നതാണ് പൂര്‍ണാര്‍ത്ഥം. ധ്യാനത്തില്‍ മുഴുകുന്ന ഒരാളുടെ ഉച്ഛാസ നിശ്വാസങ്ങളെ കൂടെ കൊണ്ടുപോകുന്നുവെന്നും അപ്പോള്‍ മാത്രമാണ് മനസ്സ് പൂര്‍ണമായ ശാന്തിയിലെത്തുന്നതെന്നും കരുതുന്നു. ആത്മാവ് സ്വസ്ഥമാക്കാനാണ് മെഡിറ്റേഷന്‍ ഹാളിലെ സൗഹൃദമന്ത്രം പ്രകീര്‍ത്തിക്കുന്നത്. ബ്രഹ്മശ്രീ സുഭാഷ് പത്രിജി ദീര്‍ഘവീക്ഷണം ചെയ്ത് പിരമിഡ് സ്പിരിച്വല്‍ സൊസൈറ്റി പ്രാണാധിക പ്രിയത്തോട് വേദാന്തവേദ്യമാക്കി. ആത്മീയ സര്‍വകലാശാല സ്ഥാപിക്കാനുള്ള തീവ്രശ്രമവും ഇപ്പോള്‍ നടക്കുന്നുണ്ട്.
പിരമിഡിനുള്ളില്‍
പിരമിഡിനുള്ളിലേക്ക് പ്രവേശിച്ചാല്‍ പാലാഴി ചുരത്തുന്ന ദൃശ്യഭംഗിയാണ്. ഈ പിരമിഡിന്റെ നിര്‍മാണം 2004 ല്‍ ആരംഭിച്ച് 2008 ല്‍ പൂര്‍ണമാക്കി. അന്നു മുതല്‍ വന്‍ ജനാവലി സമയക്രമമൊന്നുമില്ലാതെ പിരമിഡ് കാണാനെത്തുന്നു. ധ്യാനപീഠങ്ങളിലിരുന്നു പാഠങ്ങളുരുവിടുന്നു.
കിങ്സ് ചേംബര്‍
കിങ്സ് ചേംബര്‍ വാസ്തുശാസ്ത്ര പ്രകാരം പണിതുയര്‍ത്തിയതാണ്. പിരമിഡിന്റെ ഏറ്റവും ഉയര്‍ന്ന ഭാഗമാണിത്. പിരമിഡിന്റെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന വളയന്‍ ഗോവണികള്‍ കയറിച്ചെന്നാല്‍ 33 അടിപ്പൊക്കത്തില്‍ കലാവിരുത് കമനീയമാം വിധം പ്രകാശിപ്പിച്ചിരിക്കുന്ന ഇതിന്റെ നിര്‍മാണ ഭംഗി നുകരാം.
അവിടെ ഇരിക്കാനുള്ള പ്ലാറ്റ്ഫോം കിങ്സ് ചേംബര്‍ എന്നറിയപ്പെട്ടുന്നു. 650 സ്ക്വയര്‍ ഫീറ്റ് അടി വിസ്തൃതിയുണ്ട്. ഒരേ സമയം 60 പേര്‍ക്കിരുന്ന് ധ്യാനിക്കാം. പിരമിഡിന്റെ മൂന്നില്‍ ഒരു ഭാഗം ഉയരത്തില്‍ ഇതു സ്ഥിതിചെയ്യുന്നു. പിരമിഡിന്റെ താഴെ ഇടതുവശത്തായി വരാന്തയുണ്ട്. അവിടേക്ക് ഇറങ്ങാനുള്ള പടികള്‍ അതിമനോഹരമാണ്. ശ്രീബുദ്ധ ദേവന്റെ വിവിധ ഭാവങ്ങളിലും രൂപങ്ങളിലുമുള്ള പ്രതിമകള്‍ ഇവിടെ കാണാം. തൊട്ടടുത്തുള്ള കണ്ണാടിവാതിലുകളും ജനാലകളും പ്രകാശം നല്കി ബുദ്ധ വിഗ്രഹങ്ങളെ പ്രോജ്വലിപ്പിക്കുന്നു.
നാല്പത് ഏക്കര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന പിരമിഡ് വാലിയില്‍ 20 അടി താഴ്ചയില്‍ പിരമിഡിന്റെ അടിത്തറ പണിതിരിക്കുന്നു. താഴെ ഒരേസമയം അയ്യായിരം പേര്‍ക്ക് ധ്യാനത്തില്‍ മുഴുകാം. സിമന്റും സ്റ്റീലും പ്രധാന നിര്‍മാണ സാമഗ്രികളായി വിനിയോഗിച്ചിരിക്കുന്നു. വാസ്തുശില്പത്തിന്റെ മഹാരൂപമാണിത്. ശാസ്ത്രക്കണക്കും ഇണക്കിയിട്ടുണ്ട്. 51 ഡിഗ്രി 51 മിനിറ്റാണ് പിരമിഡ് കോണുകളുടെ അളവ്.
പിരമിഡിന്റെ അകവും പുറവും സിമന്റ് ടൈലുകളിലുള്ള മ്യൂറല്‍ പണികള്‍ വ്യാപിച്ചുകാണാം.416000 സ്ക്വയര്‍ ഫീറ്റില്‍ നീണ്ടുകാണുന്ന മ്യൂറല്‍ വര്‍ക്കുകള്‍ പഞ്ചഭൂതങ്ങളായ ഭൂമി, വായു, ജലം, അഗ്നി, ആകാശം എന്നിവയെ ആവാഹിച്ചിരിക്കുന്നു. ആകാശത്തെ സൂചിപ്പിക്കുന്ന സ്പേസ് പിരമിഡിനകത്ത് ആവോളം ആസ്വദിക്കാം.
മേല്‍ക്കൂര വളരെ വര്‍ണ ഭംഗിയുള്ളതാണ്. 786 ക്രിസ്റ്റല്‍ ബോളുകള്‍ ചേര്‍ത്തിണക്കിയിരിക്കുന്നു. തറ സംവിധാനം സൗന്ദര്യ പ്രവാഹംകൊണ്ട് തിരതല്ലുന്നു. മൊസൈക് ചിപ്സുകളെങ്കിലും സവിശേഷ ശോഭ ഒരുക്കുന്നു. ഊര്‍ജപ്രദാനങ്ങളാണ് ശില്പ തന്ത്രത്തില്‍ ഉള്‍ക്കൊള്ളുന്നത്. ശീതീകരണ യന്ത്രങ്ങളില്ലാതെതന്നെ തണുപ്പ് നിറഞ്ഞ അന്തരീക്ഷം. വെളിച്ചം ഉള്ളിലേക്ക് കടന്നുവരാന്‍ വേണ്ടത്ര വെന്റിലേഷനും മേല്ക്കുരയിലെ അഗ്നി പ്രതിരോധ ഷീറ്റുകളും ഇവിടുത്തെ പ്രത്യേകതകളിലൊന്നാണ്.
ആത്മാവില്‍
ഭാഗ്യമുദ്രയണിയല്‍
ആത്മീയതയുടെ പുളകോത്ഗമം ഈ കിങ്സ് ചേംബറില്‍ നിന്നും അഗ്നിദേവതയായി അവതരിപ്പിക്കാന്‍ വേള്‍ഡ് സ്പിരിച്വല്‍ മാസ്റ്റേഴ്സ് യൂണിറ്റായി ഈ കിങ്സ് ചേംബറിനെ അണിയിച്ചൊരുക്കുന്നു. അവിടേക്ക് നടന്നടുക്കുന്നവരുടെ മനസ്സ് ആത്മീയ ചിന്തകളാല്‍ മിനുസുപ്പെടുമെന്നുറപ്പാണ്.
പിരമിഡിനുള്ളിലെപ്പോലെ പുറം കാഴ്ചകളും സുകൃതകരമാണ്. 40 ഏക്കര്‍ ഭൂമിയിലായി ഇവ പണിയാന്‍ ചെലവ് വന്നത് ആറരക്കോടിയിലധികമാണ്. ജല സംഭരണിയോടുകൂടിയ ലാന്‍ഡ്സ്കോപ്പ്, അതിനരികില്‍ അതിഥികള്‍ക്കുള്ള പാര്‍പ്പിടങ്ങള്‍. അതിഥികള്‍ക്കുള്ള എല്ലാ സംവിധാനങ്ങളും ചേര്‍ന്ന മറ്റൊരു പതിനാറുമുറികള്‍, ഒരു സമയം എഴുനൂറ് പേര്‍ക്ക് താമസിക്കാന്‍ പറ്റുന്ന ഏഴ് ഡോര്‍മിറ്ററികള്‍ എന്നിവ കൗതുകജാലം പണിയുന്നു.
പൂന്തോട്ടങ്ങളുടെ പൂമ്പട്ടുനെയ്യുന്ന ലാല്‍ബാഗ്, ഐടി പ്രൊഫഷണലുകളുടെ സിലിക്കണ്‍ വാലി എന്നിവയെല്ലാം ആര്‍ഭാട പൂര്‍ണമെങ്കിലും ചന്തം ചിന്തുന്നവയാണ്. എന്നാല്‍ ഈ മഹാനഗരത്തിന്റെ വിഭ്രമങ്ങളോ വിഹ്വലതകളോ ഇല്ലാതെ ധ്യാനലോകം പിടിച്ചടക്കി ശാന്തതയിലേക്ക് എത്തിച്ചേരാന്‍ മൈത്രേയ മാടി വിളിക്കുന്നുവെന്ന് പറയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: