കേരളത്തിന്റെ കലാ സാംസ്കാരിക രംഗത്തു കഴിഞ്ഞ നാലുപതിറ്റാണ്ടുകളായി നിശബ്ദ വിപ്ലവം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ബാലഗോകുലം എന്ന പ്രസ്ഥാനത്തിന്റെ സ്വപ്നമായി ഉയര്‍ന്നു വരുന്ന അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രത്തിന്റെ ആദ്യത്തെ പ്രകല്പമായ ഗോകുലഗ്രാമമെന്ന ഗോശാലാ സാകല്യം ഇന്ന് കൊടകരയ്ക്കടുത്ത് കനകമലയുടെ താഴ്വരയിലെ വിശാലമായ സ്ഥലത്ത് സാക്ഷാത്കരിക്കപ്പെടുകയാണ്.
ഇന്ന് മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന ഏറ്റവും പ്രചാരമുള്ള കേസരിവാരികയുടെ ബാലപംക്തിയായിട്ടാണല്ലൊ ബാലഗോകുലം രൂപം കൊണ്ടത്. ബാലഗോകുലത്തിലൂടെ സാഹിത്യ, ചിന്താമേഖലകളില്‍ പിച്ചവെച്ചു തുടങ്ങിയ എത്രയോ പ്രതിഭകള്‍ ഇക്കാലത്തിനിടയ്ക്കു പ്രശസ്തരായിക്കഴിഞ്ഞു. അവരില്‍ ഉറങ്ങിക്കിടക്കുന്ന പ്രതിഭകളുടെ പ്രകാശം ദീപ്തമാക്കുന്നതിനായി കേസരി പത്രാധിപരായിരുന്ന കാലത്ത് മുതിര്‍ന്ന പ്രചാരകനായിരുന്ന എം.എ.കൃഷ്ണന്റെ (എംഎ സാര്‍) ഭാവനയില്‍ കുരുത്ത ആശയമായിരുന്നു ബാലഗോകുലത്തെ കലാ, സാഹിത്യ സാംസ്കാരികവേദിയാക്കുകയെന്നത്.
1975 ല്‍ അടിയന്തരാവസ്ഥയ്ക്ക് അല്‍പ്പം മുമ്പ് കോഴിക്കോട്ട് നഗരപ്രാന്തത്തിലുള്ള ഒരു ചെറുമുറിയില്‍ ആരംഭിച്ച നവീന പ്രസ്ഥാനം ക്രമേണ ത്രിമാനരൂപത്തില്‍ വളര്‍ന്നുവലുതായി ഇന്ന് ഭാരതത്തിലെ ഏറ്റവും വലിയ ബാലപ്രസ്ഥാനമായി അന്താരാഷ്ട്ര ശ്രദ്ധ തന്നെ പിടിച്ചുപറ്റിക്കഴിഞ്ഞു.
മാനവരാശിയുടെ സര്വതോന്മുഖമായ ഉന്നതിക്ക് ഒറ്റമൂലിയായി കണക്കാക്കാവുന്ന ശ്രീമദ് ഭഗവദ്ഗീത ആരുടെ ദിവ്യോപദേശമാണോ ആ മഹാത്മാവാണല്ലോ ശ്രീകൃഷ്ണ ഭഗവാന്. കേവല ശിശുക്കള്‍ മുതല്‍ ജീവിതത്തിന്റെ ഏതു ദശയിലെത്തിയ ആള്‍ക്കും തന്റെ സ്വന്തമെന്നു കരുതാന്‍ കഴിയുന്ന സങ്കല്പം അതല്ലാതൊന്നില്ലതന്നെ. ശ്രീകൃഷ്ണന്റെ ബാല്യകാലം കഴിഞ്ഞുകൂടിയ യമുനാതീരത്തെ ഗോകുലവും വൃന്ദാവനവുമൊക്കെ ആയിരക്കണക്കിന് കവികള്‍ക്കും കലാപ്രതിഭകള്‍ക്കും ഭക്തസിദ്ധന്മാര്ക്കും പ്രചോദനമേകിയിട്ടുണ്ടല്ലോ.
ഭാരതീയ സാഹിത്യങ്ങളുടെ ആകെത്തുക ചികഞ്ഞുനോക്കിയാല്‍ അതിലെ ഏറ്റവും വലിയ പങ്ക് ഏതെങ്കിലും വിധത്തില്‍ ശ്രീകൃഷ്ണനുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നു കാണാന്‍ കഴിയും. എത്തിപ്പിടിക്കാനാവാത്ത അകലത്തിലുള്ള ഒരു സങ്കല്‍പ്പമല്ല ആര്‍ക്കും ശ്രീകൃഷ്ണന്. ചെറിയ കുഞ്ഞുങ്ങള്‍ക്കു കൂടെത്തന്നെയുള്ള കളിക്കൂട്ടുകാരനാണെന്നതുപോലെ ഓരോ പ്രായക്കാര്‍ക്കും താന്താങ്ങളുടെ സ്വകാര്യ ചിന്തകള്‍ പങ്കുവെച്ച് ആശ്വാസം തേടാന്‍ ആവുന്ന സജീവ സാന്നിദ്ധ്യം തന്നെയാണ് ഭഗവാന്. തന്നില്‍ നിന്നന്യനല്ലാത്ത തന്നില്‍ത്തന്നെ നിറഞ്ഞിരിക്കുന്ന ഭഗവല്സ്വരൂപത്തെയാണ് അതു സാക്ഷാത്താക്കുന്നത്.
ഭഗവാന് കൃഷ്ണന്റെ ബാല്യകാലം ചെലവഴിച്ച സ്ഥലമാണല്ലോ ഗോകുലം. ആ ഗോകുലത്തെ ആധുനികകാലത്ത് പ്രതിനിധാനം ചെയ്യുന്ന ഒരു വിശാലഗ്രാമത്തെ സൃഷ്ടിച്ചെടുക്കണമെന്ന എംഎ സാറിന്റെ സ്വപ്നം ഒരു വ്യാഴവട്ടത്തിലേറെയായി രൂപംകൊണ്ടുവരികയായിരുന്നു. അതിനായുള്ള അന്വേഷണം ചെന്നെത്തിയ സ്ഥലമാണ് കൊടകരയ്ക്കടുത്തു പ്രകൃതി മനോഹരമായ കനകമലയുടെ താഴ്വാരത്തെ വിശാലമായ സമതല പ്രദേശം.
അവിടെ നൂറേക്കര്‍ സ്ഥലത്ത് എന്തെല്ലാം സങ്കല്പങ്ങള് സൃഷ്ടിച്ചെടുക്കണമെന്നതിനെപ്പറ്റിയും അദ്ദേഹത്തിന്റെ മനസ്സില്‍ മഥനം നടന്നു. സംഘത്തിനകത്തും അടുത്തുമുളള നൂറുകണക്കിന് പ്രതിഭകളുമായുള്ള ആശയവിനിമയത്തിനും സംവാദത്തിനും ശേഷം മൂന്നുഘട്ടങ്ങളായി ശ്രീകൃഷ്ണ കേന്ദ്രത്തില്‍ നടപ്പാക്കാനുള്ള മുപ്പതോളം പ്രകല്പങ്ങള് വിഭാവനം ചെയ്യപ്പെട്ടു. നടുനായകമായി ഒരു ശ്രീകൃഷ്ണ ക്ഷേത്രവും ഗോശാലയുമാണ് സങ്കല്‍പ്പിക്കപ്പെട്ടത്. കേന്ദ്രത്തിന്റെ ഭൂമി പൂജാ കര്‍മം വമ്പിച്ചൊരു ജനസഞ്ചയത്തിന്റെ പ്രതീക്ഷാ നിര്‍ഭരമായ സാന്നിദ്ധ്യത്തില്‍ കഴിഞ്ഞ ഏപ്രില്‍ മാസം 16 ന് കാഞ്ചികാമകോടി പീഠം ശങ്കരാചാര്യര്‍ ശ്രീമദ് ജയേന്ദ്ര സരസ്വതി സ്വാമികളുടെ തൃക്കൈകളാല്‍ നിര്‍വഹിക്കപ്പെട്ടു.
ഒരുവര്‍ഷം തികയുന്ന അവസരത്തില്‍ വൃന്ദാരണ്യത്തിലെ ഗോശാല ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുന്നു. മലയാള ചലച്ചിത്രരംഗത്തെ സമുന്നത സ്ഥാനീയന് സുരേഷ് ഗോപിയാണ് ഉദ്ഘാടനം ചെയ്യുന്നത്. എംഎ സാര്‍ ആലപ്പുഴയില്‍ പ്രചാരകനായിരുന്ന 1950-60 കാലഘട്ടത്തില്‍, അദ്ദേഹം സംഘത്തിലേക്കു നയിച്ച ഒരു കുടുംബത്തിലെ അനന്തര തലമുറക്കാരന് കൂടിയാണ് ഉദ്ഘാടകന്‍ എന്നത് അദ്ദേഹത്തിന് കൂടുതല്‍ സംതൃപ്തി നല്കുമെന്നതിനു സംശയമില്ല.
ശ്രീകൃഷ്ണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു ഇന്നു ചുമതലയേറ്റിട്ടുള്ള മേജര്ലാല് കൃഷ്ണയാകട്ടെ പ്രശസ്തമായ സൈനിക സേവനത്തില്‍നിന്ന് സ്വയം വിരമിച്ച് വന്ന ആളാണ്. ബാല്യകാലത്ത് ബാലഗോകുലത്തിന്റെ സജീവ പ്രവര്‍ത്തകനായ അദ്ദേഹവും സമ്പൂര്‍ണ സംഘകുടുംബാംഗമാണ് അക്ഷരാര്‍ത്ഥത്തില്‍ തന്നെ.
ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുന്ന ഗോശാലയില്‍ ഭാരതീയ ജനുസ്സുകളില്‍ പെടുന്ന കന്നുകാലികള്‍ മാത്രമാവും ഉണ്ടാവുക. ഇപ്പോള്‍ കാസര്‍കോട്, ഗീര്‍, വെച്ചൂര്‍, കൃഷ്ണ, കപില, കാങ്കരേജ്, വടകര, വില്വാദ്രി (തിരുവില്വാമല) ഇനങ്ങളില്‍പ്പെട്ട പശുക്കളാണുളളത്. 108 പശുക്കളെയും കിടാക്കളെയും സംരക്ഷിക്കാനുള്ള സൗകര്യങ്ങള്‍ അവിടെ ചെയ്തുകഴിഞ്ഞു.
ഗോശാലാ പരിസരത്ത് 25 അടി ഉയരമുള്ള ഒരു ശ്രീകൃഷ്ണ വിഗ്രഹവും ഇതോടൊപ്പം അനാവരണം ചെയ്യപ്പെടുന്നു. ധിനീശ് ആണ് വിഗ്രഹശില്പ്പി. കണ്ണൂര്‍ സര്‍വകലാശാലയ്ക്കു മുന്നില്‍ ഗാന്ധി പ്രതിമ നിര്‍മിക്കുന്നതും അദ്ദേഹം തന്നെ.
വൃന്ദാവനവും ഗോകുലഗ്രാമവും മറ്റു പല പ്രകല്പങ്ങളും സമൂഹത്തെ അയ്യായിരം കൊല്ലത്തിനപ്പുറത്തേക്കു പിന്തിരിപ്പിക്കുന്ന പ്രവണതയാണെന്ന ധാരണ ചിലര്‍ക്കെങ്കിലുമുണ്ടാകാം. ശരിയാണ് ഗതകാലവൈഭത്തിന്റെ അഭിമാനത്തില്‍ ഉറച്ചുനിന്നുകൊണ്ടു മാത്രമേ ഏതു ജനതയ്ക്കും മുന്നോട്ടു നോക്കാന്‍ കഴിയൂ. ഇറാക്കിലും സിറിയയിലും അഫ്ഗാനിസ്ഥാനിലും മറ്റും തങ്ങളുടെ പൗരാണിക സംസ്കാരത്തിന്റെ ശേഷിപ്പുകളെ തകര്‍ത്തുടച്ച് നാമംപോലും അവശേഷിപ്പിക്കാത്തവിധത്തില് നശിപ്പിക്കുന്ന പ്രക്രിയ ഇപ്പോഴും നടക്കുകയാണല്ലൊ.
ഗ്രീസിലും റോമിലും ഈജിപ്തിലും നിലനിന്ന സമ്പന്നമായ നാഗരികതകളെ ക്രിസ്തുമതവും ഇസ്ലാംമതവും പ്രചരിപ്പിച്ചവര്‍ കേവലം അവശേഷിപ്പുകളാക്കി, ശവപ്പറമ്പുകളാക്കിയപ്പോള് ഭാരതീയര്‍ അവയെ ചൈതന്യവത്താക്കി നിലനിര്‍ത്തുകയാണ് ചെയ്തത്. ഇസ്ലാം, ക്രൈസ്തവ ആക്രമണകാരികള്‍ തകര്‍ത്ത സോമനാഥനെയും മഥുരയെയും ദല്‍ഹിയേയും അതുപോലെ മറ്റായിരം സ്ഥാനങ്ങളെയും ഭാരതീയര്‍ വീണ്ടെടുത്തുകൊണ്ടിരിക്കുന്നു. അയോധ്യയും കാശിയും വീണ്ടെടുക്കലിന്റെ പാതയിലാണുതാനും.
ഗോകുലഗ്രാമത്തില്‍ നവനിര്മാണമാണ് നടക്കാന്‍ പോകുന്നത്. അത്യാധുനിക ശാസ്ത്ര സാങ്കേതിക വിദ്യകളെ പ്രയോജനപ്പെടുത്തിയുള്ള പഠന ഗവേഷണങ്ങളിലൂടെ വൈവിധ്യമാര്‍ന്ന ഭാരതീയ സാംസ്കാരിക മേഖലകളിലെ ജ്ഞാനത്തെ പുനരാവിഷ്കരിക്കാനും അവയില്‍ തത്പരരായവര്‍ക്ക് വേണ്ടത്ര പരിജ്ഞാനം നല്‍കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ ക്രമേണ അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രത്തില്‍ നടപ്പിലാക്കുമെന്നാണ് പ്രതീക്ഷ. മഹത്തായ ഒരു പ്രസ്ഥാനത്തിന്റെ അഭിമാനകരമായ ആദ്യത്തെ കാല്‍വെപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: