കൊച്ചി: നാളികേര വികസന ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ ഉത്പാദക കമ്പനികള്‍ക്കും അക്രഡിറ്റേഷന് നല്കാന് ധാരണയായി. കൊച്ചിയില്‍ ബോര്‍ഡ് ആസ്ഥാനത്ത് ചേര്‍ന്ന ഉത്പാദക കമ്പനികളുടെ നാലാമത് പ്രതിമാസ അവലോകന യോഗത്തിലാണ് ഇതു സംബന്ധിച്ച മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചത്.
പ്രവര്‍ത്തന മികവ് അടിസ്ഥാനമാക്കി നാല് ഗ്രേഡുകളിലായി കമ്പനികളെ തരം തിരിക്കും. ഓഹരി സമാഹരണം, നീര ഉത്പാദനം, ടെക്നീഷ്യന്മാരുടെ പരിശീലനം, നഴ്സറികള്‍, ഡ്രയര്‍, വെളിച്ചെണ്ണ ഉത്പാദനം, വിവിധ മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ നിര്‍മ്മാണം എന്നിവയുടെ അടിസ്ഥാനത്തിലുള്ള മൂല്യ നിര്‍ണ്ണയത്തില്‍ 40 പോയിന്റില്‍ താഴെ നില്ക്കുന്ന കമ്പനികളെ അക്രഡിറ്റേഷന് പരിഗണിക്കുന്നതല്ല. ഇത്തരത്തില്‍ അക്രഡിറ്റേഷനുള്ള കമ്പനികള്‍ക്കു മാത്രമെ ഭാവിയില്‍ ഗവണ്മെന്റില് നിന്നോ മറ്റ് സ്രോതസുകളില്‍ നിന്നോ ഉള്ള ആനുകൂല്യങ്ങള്‍ക്ക് അര്‍ഹത ഉണ്ടായിരിക്കുകയുള്ളു.
മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഓരോ കമ്പനിക്കും 2015 ജൂണ്‍ 30 വരെ സമയം അനുവദിച്ചിട്ടുണ്ട്. നാളികേര വികസന ബോര്‍ഡ് അസിസ്റ്റന്റ് ഡയറക്ടര്‍ (മാര്‍ക്കറ്റിംങ്) കെ.എസ് സെബാസ്റ്റ്യനാണ് അക്രഡിറ്റേഷന് മാനദണ്ഡങ്ങള്‍ വിവരിച്ചത്. ചെയര്മാന് ടി.കെ ജോസ് ഐഎഎസ് ആമുഖ പ്രഭാഷണം നടത്തി.
കേരളത്തിലെ 19 കമ്പനികളുടെയും ചെയര്മാന്മാര്, ഡയറക്ടര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. കമ്പനികളുടെ ഇതഃപര്യന്തമുള്ള പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍, അടുത്ത വര്‍ഷത്തെ പദ്ധതി രൂപ രേഖ എന്നിവ ഓരോ കമ്പനികളുടെയും പ്രതിനിധികള്‍ യോഗത്തില്‍ അവതരിപ്പിച്ചു. അസിസ്റ്റന്റ് ഡയറക്ടര്‍ പ്രമോദ് കുര്യന് സ്വാഗതവും ടെക്നിക്കല്‍ ഓഫീസര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: