ചെങ്ങന്നൂര്‍: കാതടപ്പിക്കുന്ന വെടിയൊച്ചകള്‍ക്കും, ബോബ് വര്‍ഷങ്ങള്‍ക്കുമിടയില്‍ നിന്നും രഞ്ജുവും കുടുംബവും നാട്ടില്‍ തിരിച്ചെത്തി. ആഭ്യന്തര കലാപം രൂക്ഷമായിരിക്കുന്ന യെമനില്‍ 12 വര്‍ഷമായി ജോലി ചെയ്തിരുന്ന ചെങ്ങന്നൂര്‍ പേരിശേരി ചെല്ലുവേല് തുണ്ടിയില്‍ രഞ്ജുവും (34) കുടുംബവുമാണ് ജീവന് പോലും നഷ്ടപ്പെടുമെന്ന സാഹചര്യത്തില്‍ നിന്നും നാട്ടില്‍ തിരിച്ചെത്തിയത്. ഇതിന് വേണ്ട നടപടി സ്വീകരിച്ച കേന്ദ്രസര്‍ക്കാരിന് നന്ദി പറയുവാനും ഈ കുടുംബം മറക്കുന്നില്ല.
യെമനിലെ സനയിലുള്ള ചൈന കമ്പനിയില്‍ മൊബൈല്‍ ഫോണ്‍ ടെക്നീഷ്യനായാണ് രഞ്ജു ജോലിചെയ്തിരുന്നത്. ഭാര്യ ബിജി ഇതിന് സമീപം തന്നെയുള്ള യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ടെക്നോളജി ഹോസ്പിറ്റലിലെ നേഴ്സുമായിരുന്നു. സമീപപ്രദേശങ്ങളിലേക്കും യുദ്ധം വ്യാപിച്ചതോടെ റൂമിന് പുറത്തേക്ക് പോലും ഇറങ്ങാന്‍ കഴിയാതെ ഭയപ്പാടിലായിരുന്നുവെന്ന് രഞ്ജു പറഞ്ഞു. ഈ ഭയപ്പാടില്‍ വിറങ്ങലിച്ച് നില്‍ക്കുമ്പോഴാണ് നാട്ടിലേക്ക് എത്താനുളള അവസരം ലഭിച്ചത്. ഏപ്രില്‍ എട്ടിന് രാവിലെ 11ന് എയര്‍ ഇന്ത്യയുടെ വിമാനത്തില്‍ യെമനില്‍ നിന്ന് ജിബൂത്തിയില്‍ എത്തിച്ചു.
ഇവിടെ നിന്നും ബുധനാഴ്ച രാവിലെ പത്തിന് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ കൊച്ചിയില്‍ എത്തുകയും ഇവിടെ നിന്ന് കെഎസ് ആര്‍ടിസി നല്കിയ സൗജന്യയാത്രയില്‍ വ്യാഴാഴ്ച രാവിലെ ഒമ്പതോടെ വീട്ടിലെത്തുകയായിരുന്നു. യെമനില്‍ അകപ്പെട്ടുപോയിട്ടുളള തന്റെ ബന്ധുക്കള്‍ അടക്കമുളളവരെ അടിയന്തിരമായി നാട്ടിലെത്തിക്കണമെന്നും, വര്‍ഷങ്ങളായി സ്വരൂപിച്ച സമ്പാദ്യങ്ങള്‍ മുഴുവന്‍ യെമനില്‍ ഉപേക്ഷിച്ചാണ് മടങ്ങിയെത്തിയതെന്നും രഞ്ജു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: