ആലപ്പുഴ: പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനു ശേഷമാണ് ബൈപ്പാസ് യാഥാര്‍ത്ഥ്യമാകുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തുല്യമായി പണം മുടക്കി നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംരംഭമാണിത്. 348.43 കോടി രൂപയാണു പദ്ധതിച്ചെലവ്. ബിഒടി ഒഴിവാക്കി ഇപിസി (എന്‍ജിനീയറിങ്, പ്രൊക്യുവര്‍മെന്റ്, ആന്‍ഡ് കണ്‍സ്ട്രക്ഷന്‍) വ്യവസ്ഥയിലാണ് കരാര്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തുല്യമായി ചെലവു വഹിക്കും. 30 മാസം കൊണ്ടു നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണു കരാര്‍.
ദേശീയപാത 66ന്റെ (പഴയ എന്‍എച്ച് 47) പടിഞ്ഞാറു ഭാഗത്തു കൂടി, കൊമ്മാടി മുതല്‍ കളര്‍കോട് വരെയാണ് 6.8 കിലോമീറ്റര്‍ നീളമുള്ള ബൈപാസ് നിര്‍മ്മിക്കുക. രണ്ടു വശത്തും ചെറുവാഹനങ്ങള്‍ക്കുള്ള 1.50 മീറ്റര്‍ പേവ്ഡ് ഷോള്‍ഡറോടു കൂടിയ രണ്ടുവരിപ്പാതയായിരിക്കും ഇത്. 3.6 കിമീ റോഡ് 10 മീറ്റര്‍ വീതിയിലാണ്. 2.6 കിമീ സര്‍വീസ് റോഡ്, 4.25 കിമീ സ്ലിപ്പ് റോഡ്, 14 കലുങ്കുകള്‍, രണ്ടു പ്രധാന കവലകള്‍, നാലു ചെറിയ കവലകള്‍ എന്നിവയാണ് മറ്റു സവിശേഷതകള്‍.
ബീച്ചിലെ ഭാഗം ഉയരം കൂടിയ തൂണുകളിലുള്ള എലിവേറ്റഡ് ഹൈവേയായിരിക്കും. മാളികമുക്കിലും കുതിരപ്പന്തിയിലുമുള്ള രണ്ടു റെയില്‍വേ മേല്‍പ്പാലങ്ങളെ ബന്ധിപ്പിച്ച് 3,200 മീറ്റര്‍ നീളത്തിലാണ് ഇത് നിര്‍മ്മിക്കുക. എലിവേറ്റഡ് ഹൈവേ ബീച്ചിന്റെ ഭംഗി കൂട്ടും. ഈ ഭാഗത്തുള്ള സര്‍വീസ് റോഡുകളും സ്ലിപ്പ് റോഡുകളും ബീച്ചിലേക്കുള്ള സഞ്ചാരം സുഗമമാക്കും. പാതയില്‍ തണല്‍ കിട്ടത്തക്കവിധത്തില്‍ മരങ്ങള്‍ വച്ചുപിടിപ്പിക്കും.
നിലവില്‍ ബീച്ചിലേക്ക് എത്തിച്ചേരുന്ന എല്ലാ റോഡുകളും സര്‍വീസ്/സ്ലിപ്പ് റോഡുകളുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ പട്ടണത്തില്‍ നിന്നു ബീച്ചിലേക്കു പോകാന്‍ പ്രയാസമുണ്ടാകില്ല. സ്ഥലവാസികള്‍ക്ക് നിലവിലുള്ള എല്ലാ സൗകര്യവും തുടര്‍ന്നും ലഭിക്കും. ആറാട്ടുവഴി-മാളികമുക്ക് റോഡ്, ആലപ്പുഴ-അര്‍ത്തുങ്കല്‍ തീരദേശറോഡ്, കുതിരപ്പന്തി-തീരദേശറോഡ് എന്നിവിടങ്ങളില്‍ അടിപ്പാതകള്‍ നിര്‍മ്മിച്ചു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: