ആലപ്പുഴ: ജില്ലയുടെ ദീര്‍ഘനാളത്തെ രണ്ട് സ്വപ്നങ്ങള്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ സാക്ഷാത്കരിക്കുന്നു. ആലപ്പുഴ ബൈപാസും ഫുഡ്പാര്ക്കുമാണ് ഒടുവില്‍ യാഥാര്‍ത്ഥ്യമാകുന്നത്. ജില്ലയില്‍ നിന്നുള്ള നാല് എംപിമാരും കേന്ദ്രമാരായി ‘രാജ്യസേവനം’ നടത്തിയപ്പോഴും ലഭിക്കാതിരുന്ന സര്‍വകാല നേട്ടമാണ് കഴിഞ്ഞ പത്തു മാസത്തെ ബിജെപി സര്‍ക്കാരിന്റെ ഭരണ കാലയളവില്‍ ജില്ലയ്ക്ക് ലഭിച്ചത്.
തീരദേശ റെയില്‍വേ വികസനത്തിന് 300 കോടിയിലേറെ അനുവദിച്ചതിന് പിന്നാലെയാണ് ബൈപാസും ഫുഡ്പാര്‍ക്കും യാഥാര്‍ത്ഥ്യമാകുന്നത്. കഴിഞ്ഞ മൂന്നര ശതാബ്ഗത്തിലേറെയായുള്ള കാത്തിരിപ്പിനാണ് ഇന്ന് വിരാമമാകുന്നത്. ബൈപാസിന്റെ നിര്‍മ്മാണോദ്ഘാടനം ഇന്ന് രാവിലെ 10.30ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരി നിര്‍വഹിക്കുന്നതോടെ മറ്റൊരു സ്വപ്നം കൂടി യാഥാര്‍ത്ഥ്യത്തിലേക്ക് നീങ്ങുന്നു.
രണ്ടരവര്‍ഷം കൊണ്ട് ബൈപാസ് നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. ബൈപാസിന്റെ പേരില്‍ ഇടതു-വലതു മുന്നണികള്‍ വോട്ടുനേടി മാറിമാറി ലോക്സഭയിലെത്തിയപ്പോഴും യാതൊന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. കരാര്‍ ഒപ്പിട്ടെന്നും നിര്‍മ്മാണം ഉടനെന്നും ചില മാധ്യമങ്ങളെ കൂട്ടുപിടിച്ച് മുന്‍കാലങ്ങളില്‍ ഒരുഡസനിലേറെ തവണ വാര്‍ത്തകള്‍ പ്രചരിപ്പിച്ചവരും എട്ടുകാലി മമ്മൂഞ്ഞുമാരായി രംഗത്തെത്തിക്കഴിഞ്ഞു.
ആലപ്പുഴക്കാര്‍ക്ക് മാത്രമല്ല, ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് മൂലം മണിക്കൂറുകള്‍ വഴിയില്‍ കിടക്കേണ്ടി വരുന്ന എല്ലാ യാത്രക്കാര്‍ക്കുമായുള്ള മോദി സര്‍ക്കാരിന്റെ വിഷുക്കൈനീട്ടമായി മാറുകയാണ് ആലപ്പുഴ ബൈപാസിന്റെ പുനര്‍നിര്‍മ്മാണം.
ജില്ലയുടെ വികസനത്തിലെ മറ്റൊരു നാഴികക്കല്ലാണ് കേന്ദ്ര സര്‍ക്കാര്‍ ജില്ലയ്ക്ക് അനുവദിച്ച ഫുഡ്പാര്‍ക്ക്. പള്ളിപ്പുറം ഇന്‍ഫോപാര്‍ക്കിന് സമീപം 65 ഏക്കര്‍ സ്ഥലത്താണ് കേന്ദ്രസഹായത്തോടെ സംസ്ഥാനത്തെ ഏറ്റവും വലിയ ഫുഡ്പാര്‍ക്ക് സ്ഥാപിക്കുന്നത്. സമുദ്രോത്പന്നങ്ങളുമായി ബന്ധപ്പെട്ട മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ ഉത്പാദനവും സംസ്കരണവുമാണിവിടെ നടക്കുക. 125 കോടി മുതല്‍മുടക്കുള്ള പാര്‍ക്കിനായി ഇതിനകം 50 കോടി കേന്ദ്രം അനുവദിച്ചു കഴിഞ്ഞു.
പാര്‍ക്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉടന്‍ തുടക്കം കുറിക്കുമെന്ന് കെഎസ്ഐഡിസി അധികൃതര്‍ അറിയിച്ചു. പതിനായിരം ടണ്‍ സമുദ്രോത്പന്നങ്ങളും മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളും കേടുകൂടാതെ സംരക്ഷിക്കാനുള്ള ശീതീകരണ സംവിധാനവും ഇവിടെ ഒരുക്കും. കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ സംസ്ഥാനത്ത് നടപ്പാക്കുന്ന രണ്ട് ഫുഡ്പാര്ക്കുകളിലൊന്നാണ് പള്ളിപ്പുറത്തേത്. മറ്റൊന്ന് പാലക്കാട് ജില്ലയിലെ ഇലപ്പള്ളിയിലാണ് തുടങ്ങുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: