കോട്ടയം: അയര്‍ക്കുന്നം വില്ലേജിലെ സര്‍വ്വേ നമ്പര്‍ 158/11 ല്‍ പെട്ട സ്ഥലത്തെ കുടുംബശ്മശാനം നിരോധിക്കുവാനുള്ള നീക്കം വിവാദമാകുന്നു. മഞ്ഞപ്പള്ളിക്കുന്നേല്‍ കുടുംബം 1944 മുതല്‍ കുടുംബാംഗങ്ങളുടെ മൃതദേഹങ്ങള്‍ ഹൈന്ദവ ആചാരപ്രകാരം സംസ്കാരം നടത്തിവരുന്ന സ്ഥലമാണിപ്പോള്‍ വിവാദത്തില്‍പെട്ടത്. മഞ്ഞപ്പള്ളിക്കുന്നേല്‍ കുടുംബത്തിലെ കാരണവര്‍ പരേതനായ നീലകണ്ഠനാചാരി തന്റെ കുടുംബത്തിലെ പിന്‍തലമുറക്കാര്‍ക്കെല്ലാം തുല്യാവകാശത്തോടെ സംസ്കാരം നടത്തുന്നതിനായി നീക്കി വച്ച സ്ഥലമാണിത്. ഇവിടെ കുടുംബക്ഷേത്രവും പിതൃപൂജ ചെയ്യുന്നതിനുള്ള പ്രത്യേക സ്ഥലവുമുണ്ട്. കല്‍വിളക്കില്‍ തിരിതെളിച്ച് ആരാധന നടത്തുന്നുമുണ്ട്. ഇവിടെ മൃതശരീരങ്ങള്‍ ദഹിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന പുകയും ദുര്‍ഗന്ധവും പരിസ്ഥിതി പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു എന്ന് സമീപവാസികളായ രണ്ട്പേര് പരാതി നല്‍കിയിരുന്നു.
ഈ പരാതിയിന്മേല് അന്വേഷണം നടത്തിയ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പരാതിക്കാസ്പദമായ കാര്യങ്ങള്‍ ശരിയാണെന്ന് റിപ്പോര്‍ട്ട് നല്കി. നിയമപരമായ അനുമതികളോ സെമിത്തേരിക്ക് വേണ്ടുന്ന സൗകര്യങ്ങളോ മറ്റ്മാനദണ്ഡങ്ങളോ പാലിക്കാതെയാണ് ഇവിടെ ശവദാഹം നടത്തുന്നത്. ശവസംസ്കാരം നടത്തുമ്പോള്‍ പരാതിക്കാരുള്പ്പെടെയുള്ള പൊതുജനങ്ങള്‍ക്ക് മാനസികവും ശാരീരികവുമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്നും ഡിഎംഒയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആയതുകൊണ്ട് ഈ സ്ഥലത്ത് ശവശവീരങ്ങള് കുഴിച്ചുമൂടുകയോ ദഹിപ്പിക്കുകയോ ചെയ്യുന്നത് തടഞ്ഞുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ഡിഎംഒയുടെ റിപ്പോര്‍ട്ട് കളക്ടറോട് അഭ്യര്‍ത്ഥിക്കുന്നു.
എന്നാല്‍ ഈ കുടുംബശ്മശാനത്തില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ 10 പേരുടെ മൃതദേഹങ്ങള്‍ മാത്രമാണ് സംസ്കരിച്ചിട്ടുള്ളതെന്നാണ് മഞ്ഞപ്പള്ളിക്കുന്നേല്‍ കുടുംബാംഗങ്ങള്‍ പറയുന്നത്. വിവരാവകാശനിയമപ്രകാരമുള്ള ചോദ്യത്തിന് മറുപടിയായി അയര്‍ക്കുന്നം ഗ്രാമപഞ്ചായത്ത് സെക്രട്ടറി നല്കിയ മറുപടി പ്രകാരം ഈ പഞ്ചായത്തില്‍ ലൈസന്സോടുകൂടിയോ പ്രവര്ത്തനാനുമതിയോടുകൂടിയോ പ്രവര്‍ത്തിക്കുന്ന ശ്മശാനങ്ങളോ മുസ്ലീം ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കുള്ള സെമിത്തേരികളോ ഇല്ല.
ഈ സാഹചര്യത്തില്‍ ഡിഎംഒയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുടുംബശ്മശാനം നിരോധിച്ചാല്‍ അത് പഞ്ചായത്തിലെ ക്രിസ്ത്യന്‍ മുസ്ലീം ആരാധനാലയവുമായി ചേര്‍ന്നുള്ള സെമിത്തേരികള്‍ക്കും ഖബറിടങ്ങള്‍ക്കും ബാധകമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: