കൊച്ചി: കൊച്ചി സ്മാര്‍ട്സിറ്റിയില്‍ രാജ്യാന്തര വിദ്യാഭ്യാസ സ്ഥാപനമായ ജെംസ് എഡ്യുക്കേഷന്റെയും ബംഗളൂരു ആസ്ഥാനമായ റിയാല്‍റ്റി സ്ഥാപനമായ മാറാട്ട് ലിമിറ്റഡിന്റെയും സംയുക്ത വികസന പദ്ധതികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സെസ്സ് പദവി അനുവദിച്ചു. 246 ഏക്കറിലെ സ്മാര്‍ട്സിറ്റി പദ്ധതിയിലെ 6.4 ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള ആദ്യ ഐടി മന്ദിരത്തിന്റെ ഉദ്ഘാടനവും 40 ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള രണ്ടാം മന്ദിരത്തിന്റെ നിര്മാണാരംഭവും ജൂണില്‍ നടക്കാനിരിക്കെയാണ് സെസ്സ് പദവി ലഭിച്ചിരിക്കുന്നത്. ജെംസ് എഡ്യുക്കേഷന്റെ പദ്ധതിക്ക് സംസ്ഥാന സര്‍ക്കാരിന്റെ ഏകജാലക സംവിധാനം വഴിയുള്ള നിര്‍മാണാനുമതിയും ലഭിച്ചു.
സെസ്സ് പദവി ലഭിച്ചതോടെ ജെംസ് എഡ്യുക്കേഷന്‍ ഇവിടെ സ്ഥാപിക്കുന്ന ജെംസ് മോഡേണ്‍ അക്കാദമിയുടെ നിര്‍മാണം ഉടന്‍ തുടങ്ങും. 8 ഏക്കറില്‍ രണ്ടര ലക്ഷം ചതുരശ്ര അടി വിസ്തൃതിയില്‍ നിര്‍മിക്കുന്ന രാജ്യാന്തര നിലവാരത്തിലുള്ള സ്കൂളില്‍ 3,400 കുട്ടികള്‍ക്ക് പ്രവേശനം നല്‍കും. സ്കൂളില്‍ സിബിഎസ്ഇ പാഠ്യപദ്ധതി പ്രകാരമായിരിക്കും അധ്യയനം. പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളില്‍ ഇന്റര്‍നാഷണല്‍ ബക്കാലോറിയറ്റ് (ഐബി) ഐച്ഛികമായി തെരഞ്ഞെടുക്കാന്‍ അവസരമുണ്ടാകും. ‘ജെംസ് എഡ്യുക്കേഷന്റെ കേരളത്തിലെ ആദ്യത്തെ പ്രധാന സംരംഭമാണ് ജെംസ് മോഡേണ്‍ അക്കാദമി.
സെസ്സ് പദവി ലഭിച്ചതോടെ ഐടി കമ്പനികള്‍ക്കായി 3 ലക്ഷം ച. അടി വിസ്തൃതിയിലുള്ള സൗകര്യങ്ങളാണ് ബംഗളൂരു ആസ്ഥാനമായുള്ള റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ മാറാട്ട് ലിമിറ്റഡ് നിര്‍മിക്കുക. 4000-ത്തോളം തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കുന്നതാണ് ഈ പദ്ധതി. കേരളത്തിലെ ഐടി രംഗത്ത് ഉയര്‍ന്ന നിലവാരമുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് സ്മാര്‍ട്സിറ്റി പദ്ധതിയുടെ മുന്നേറ്റം സഹായകരമാകുമെന്ന് സ്മാര്‍ട്സിറ്റി കൊച്ചി സിഇഒ ജിജോ ജോസഫ് അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: