ചെങ്ങന്നൂര്‍/കായംകുളം: കഴിഞ്ഞ ദിവസം രാത്രിയില്‍ ഉണ്ടായ കനത്തകാറ്റിലും, മഴയിലും താലൂക്കിലെ വിവിധഭാഗങ്ങളില്‍ വ്യാപക നാശനഷ്ടം. നിരവധി വീടുകള്തകരുകയും, കൃഷികള്‍ നശിക്കുകയും, ചെങ്ങന്നൂര്‍ മിനിസിവില്‍ സ്റ്റേഷനിലെ സ്വിച്ച് റൂമില്‍ തീപിടിത്തം ഉണ്ടാവുകയും ചെയ്തു. മുളക്കുഴ, ആലാ, വെണ്മണി പഞ്ചായത്തുകളിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്.
ആലാ ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് കൊന്തച്ചന് പറമ്പില്‍ സരസ്വതിയുടെയും, ബിനുവിന്റെയും വീടുകള്‍ക്ക് മുകളിലേക്ക് ചൊവ്വാഴ്ച രാത്രിയോടെ കനത്ത കാറ്റില്‍ സമീപം നിന്നിരുന്ന തെങ്ങ് ഒടിഞ്ഞുവീണു. അപകടം നടക്കുമ്പോള്‍ ശബ്ദം കേട്ട് ഇരുവീടുകളിലും ഉണ്ടായിരുന്ന കുട്ടികളടക്കമുളളവര്‍ ഓടി രക്ഷപെട്ടതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. പഞ്ചായത്തിലെ തന്നെ മറ്റ് മൂന്ന് വീടുകളും ഭാഗികമായി തകര്‍ന്നിട്ടുണ്ട്. മുളക്കുഴ പഞ്ചായത്തില്‍ കാരയ്ക്കാട് രഞ്ജിത്ത് ഭവനത്തില്‍ വരദനാചാരിയുടെ വീടിന് മുകളിലേക്ക് പ്ലാവ് ഒടിഞ്ഞു വീഴുകയും അടുക്കളയുടെ ഭാഗം പൂര്‍ണ്ണമായി തകരുകയും ചെയ്തു. അപകടത്തില്‍ സമീപമുളള മനോഹരന്റെ വീടിനും കേടുപാടുകള്‍ സംഭവിച്ചു.
പഞ്ചായത്തിലെ പന്ത്രണ്ടോളം വീടുകളും ഭാഗീകമായി തകര്‍ന്നിട്ടുണ്ട്. വീടിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണ് കാരയ്ക്കാട് പാലനില്‍ക്കുന്നതില്‍ കരിമ്പിനാല്‍ പൊയ്കയില്‍ ലീല (57)യ്ക്ക് പരിക്കേറ്റു. വെണ്മണിയില് കാറ്റാടി മരം ഒടിഞ്ഞ് വീണ് ഗതാഗത തടസവും, വൈദ്യുതി ബന്ധവും നിലച്ചു. നഗരത്തിലെ ആല്‍ത്തറ ജങ്ഷന്-ശാസ്താംകുളങ്ങര റോഡില്‍ വൈദ്യുത കമ്പികളിലേക്ക് തെങ്ങ് കടപുഴകി വീണ് വൈദ്യുതി ബന്ധം നിലച്ചു. അപകടം നടന്ന മിക്ക ഭാഗങ്ങളിലും അഗ്നിശമനസേന എത്തി മരങ്ങള്‍ മുറിച്ച് നീക്കി. താലൂക്കില്‍ ഏറ്റവും കൂടുതലായി നശിച്ചിട്ടുളളത് വെറ്റിലക്കൊടിയും, വാഴകൃഷികളുമാണ്.ചെങ്ങന്നൂര്‍ മിനിസിവില്‍ സ്റ്റേഷനിലെ താഴത്തെ നിലയിലുള്ള സ്വിച്ച് റൂമില്‍ ശക്തമായ മിന്നലിനെ തുടര്‍ന്ന് ഷോര്‍ട്ട് സര്‍ക്ക്യൂട്ട് ഉണ്ടാവുകയും മെയിന്‍ സ്വിച്ചിന് തീപിടിക്കുകയും ചെയ്തു. ചെങ്ങന്നൂര്‍ അഗ്നിശമനസേനയുടെ അവസരോചിതമായ ഇടപെടലാണ് വന്‍ അപകടം ഒഴിവാക്കിയത്.
കായംകുളത്തും പരിസരപ്രദേശങ്ങളിലും വ്യാപക നാശനഷ്ടങ്ങള്‍ ഉണ്ടായി. എംഎസ്എം കോളേജിന് സമീപം കടയുടെ തൂണും ഷീറ്റും തകര്‍ന്നുവീണ് പത്തോളം ബൈക്കുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. പത്തിയൂര്‍, ഏനാകുളങ്ങര, കനീസ കടവ്, എരുവ പ്രിയദര്‍ശിനി ജങ്ഷന്, പുത്തന്‍ റോഡിന് തെക്കുവശം, ചെട്ടികുളങ്ങര തട്ടയ്ക്കാട്ടുപടി, കമുകുംവിള ജങ്ഷന് എന്നിവിടങ്ങളില്‍ വന്മരങ്ങള് കടപുഴകി വീണ് വൈദ്യുതിബന്ധം താറുമാറായി. ഇന്നലെ പുലര്‍ച്ചെയോടെയാണ് കായംകുളം ഫീഡറില്‍നിന്നുള്ള വൈദ്യുതിബന്ധം പുഃനസ്ഥാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: