കാക്കനാട്: തങ്കളം നാലുവരിപ്പാതയുടെ ഭൂമി ഏറ്റെടുക്കാന്‍ സ്ഥലമെടുപ്പ് വിഭാഗം നിര്‍ണയിച്ച ഭൂമിവില റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ അംഗീകരിച്ചു. കോതമംഗലം തൃക്കാരിയൂര്‍ വില്ലേജിലെ സ്ഥല വിലയാണ് പൊന്നുംവില സ്പെഷല്‍ തഹസില്‍ദാര്‍ നിര്‍ണയിച്ചത്. അടുത്ത ദിവസം തന്നെ ഭൂവുടമകളെ വിളിച്ചുകൂട്ടി അന്തിമ വില നിര്‍ണയം ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
തൃക്കാരിയൂര്‍ വില്ലേജിലെ ഭൂമി വില നിര്‍ണയിക്കാന്‍ നേരത്തെ കളക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗം അലസിപ്പിരിഞ്ഞിരുന്നു. ഭൂവുടമകള്‍ പര്‍ച്ചേസ് കമ്മറ്റി നിശ്ചയിച്ചതിനേക്കാള്‍ കൂടുതല്‍ തുക ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണു യോഗം പിരിച്ചുവിട്ടത്. തുടര്‍ന്ന് തൃക്കാരിയൂര്‍ പ്രദേശത്തെ ഭൂമിയുടെ മാര്‍ക്കറ്റ് വില പരിശോധിച്ച് വീണ്ടും അടിസ്ഥാന വില നിര്‍ണയിക്കുകയായിരുന്നു.
ഈ വില കളക്ടര്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണ് ഭൂവുടമകളെ വിളിച്ചുകൂട്ടി ജില്ലാതല പര്‍ച്ചേസ് കമ്മറ്റി വീണ്ടും വിളിക്കുന്നത്. കളക്ടര്‍ അധ്യക്ഷനായ ജില്ലാതല പര്‍ച്ചേസ് കമ്മറ്റി തയാറാക്കിയ ശുപാര്‍ശ സംസ്ഥാനതല എംപവേര്‍ഡ് കമ്മറ്റി അംഗീകാരിച്ചാല്‍ മാത്രമെ ഭൂമിയേറ്റെടുക്കാന്‍ പണം ലഭിക്കുകയുള്ളൂ. ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റിയില്‍ റവന്യൂ, ധനകാര്യ, നിയമ സെക്രട്ടറിമാരടങ്ങിയ എസ്എല്‍ഇസി യോഗം ചേര്‍ന്നാണ് സ്ഥലവില ശുപാര്‍ശ അംഗീകരിക്കുന്നത്.
കാക്കനാട് തങ്കളം നാലുവരിപ്പാതയുടെ സര്‍വ്വേ ജോലികള്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രി സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ മേല്‍നോട്ടത്തില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ പൂര്‍ത്തിയാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തങ്കളം മുതല്‍ മുനിയറ വരെയും കാക്കനാട് മുതല്‍ വീഗാലാന്റ് വരെയും റോഡിന്റെ അതിര്‍ത്തി കല്ലിട്ടു. ഇവിടെ സ്ഥലമെടുപ്പിനുള്ള പണവും സര്‍ക്കാര്‍ അനുവദിച്ചു.
എന്നാല്‍, തങ്കളം റോട്ടറി ക്ലബിന് പിറകുവശത്തെ റോഡ് ആരംഭിക്കുന്നത് മുതല്‍ എളമ്പ്ര ക്ഷേത്രം വരെ ഒരു കിലോ മീറ്റര്‍ ദൂരം മാത്രമാണ് നിലവില്‍ നാലുവരിപ്പാതയുടെ പണി നടന്നത്. അഞ്ച് കോടി രൂപയാണ് ഇതിന് മുടക്കിയത്. ബാക്കി ഭാഗങ്ങളില്‍ റൂട്ടിന്റെ കാര്യത്തില്‍ ചില സാങ്കേതിക പ്രശ്നങ്ങളില്‍ കുടുങ്ങി മറ്റു നടപടികള്‍ മുന്നോട്ടു പോയില്ല.
തങ്കളം മുതല്‍ നെല്ലിക്കുഴി വരെയുള്ള മൂന്നു കിലോമീറ്റര്‍ ദൂരം എട്ടുമീറ്റര്‍ വീതിയില്‍ റോഡു നിര്‍മിക്കാന്‍ നാട്ടുകാര്‍ സൗജന്യമായി സ്ഥലം വിട്ടുകൊടുത്തിട്ടുണ്ട്. ദേശീയപാത 47, 49, 17 എന്നിവയെ ബന്ധിപ്പിക്കുന്ന അതിപ്രധാനമായ ഈ റോഡ് ആലുവ മൂന്നാര്‍ റോഡ്, എംസി റോഡ് എന്നിവയ്ക്കു കുറുകെയാണു കടന്നുപോകുന്നത്. റോഡ് പൂര്‍ത്തിയാവുന്നതോടെ മെട്രോ നഗരമായ കൊച്ചിക്ക് കിഴക്കന്‍ മേഖലയിലേക്കുള്ള ഏറ്റവും എളുപ്പ പാതയായി മാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: