പിറന്നുവീഴുന്നത് ഏത് മതത്തിന്റെ ചട്ടക്കൂടിനുള്ളിലേക്കാണെങ്കിലും മറ്റുമതങ്ങളെ ബഹുമാനത്തോടെ കാണാന്‍ പഠിക്കേണ്ടുന്നതിന്റെ അനിവാര്യതയിലേക്കാണ് ലോകത്ത് അങ്ങോളമിങ്ങോളമുള്ള പല സംഭവവികാസങ്ങളും വിരല്‍ചൂണ്ടുന്നത്. ഈ സാഹചര്യത്തില്‍ നമുക്ക് മറിയം ആസിഫ് സിദ്ദീഖി എന്ന ബാലികയെ മാതൃകയാക്കാം.
മുംബൈയില്‍ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി ഇസ്കോണ്‍ സംഘടിപ്പിച്ച ഭഗവദ്ഗീത മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയത് ഈ മുസ്ലീം പെണ്‍കുട്ടിയാണെന്നറിഞ്ഞപ്പോള്‍ പലരുടേയും കണ്ണുകള്‍ അത്ഭുതത്തോടെ വിടര്‍ന്നിരിക്കാം. ചിലര്‍ നെറ്റി ചുളിച്ചിട്ടുമുണ്ടാകും. മുംബൈ മിറ റോഡിലെ കോസ്മോപൊളിറ്റന്‍ ഹൈസ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഈ പന്ത്രണ്ട് വയസ്സുകാരി. 4,500 ഓളം കുട്ടികള്‍ ഈ മത്സരത്തില്‍ പങ്കെടുത്തു എന്നതും ഭഗവദ് ഗീതയ്ക്ക് കുട്ടികളുടെ ഇടയിലുള്ള സ്വാധീനം വ്യക്തമാക്കുന്നു. ഭഗവദ്ഗീത പകര്‍ന്നു നല്കുന്ന പാഠം എന്തെന്ന് വിശദീകരിക്കുകയായിരുന്നു മത്സരാര്‍ത്ഥികള്‍ ചെയ്യേണ്ടിയിരുന്നത്.
തന്റെ മാതാപിതാക്കളാണ് ഈ മത്സരത്തില്‍ പങ്കെടുക്കാന്‍ തനിക്ക് പ്രചോദനം നല്‍കിയതെന്നാണ് മറിയത്തിന്റെ വാക്കുകള്‍. ഒരു മതത്തേയും നിന്ദയോടെ കാണേണ്ട ആവശ്യമില്ലെന്ന കാഴ്ചപ്പാടാണ് അവര്‍ക്കുള്ളതെന്നും മറിയം പറയുന്നു. ലോകത്തില്‍ വച്ച് ഏറ്റവും വലിയ മതം മാനവികതയാണെന്ന പാഠമാണ് ഭഗവദ്ഗീത തന്നെ പഠിപ്പിച്ചതെന്നും മറിയം പറഞ്ഞു. ഗീത വായിക്കുക എന്നതുതന്നെ വളരെ രസകരമാണ്. ജീവിതത്തെ കുറിച്ചുള്ള ഒട്ടനവധി വിവരങ്ങളും സുവര്‍ണ നിയമങ്ങളുമാണ് ഈ വിശുദ്ധഗ്രന്ഥത്തില്‍ നിന്നും മനസ്സിലാക്കാനായതെന്നും മറിയം പറയുമ്പോള്‍ മതത്തിന് വേണ്ടി മനുഷ്യനെ കൊന്നൊടുക്കുന്നവര്‍ തീര്‍ച്ചയായും ആ വാക്കുകള്‍ ശ്രദ്ധിക്കണം.
രാജ്യത്തിന്റെ ഭാവിതന്നെ കുട്ടികളാണ്. അവരെ മതത്തിന്റെ പേരില്‍ വിഭജിക്കാന്‍ അനുവദിക്കരുത്. എല്ലാമതങ്ങളേയും ബഹുമാനിക്കാന്‍ അവര്‍ പഠിക്കണമെന്നാണ് മറിയത്തിന്റെ അച്ഛന് ആസിഫ് നസീം സിദ്ദീഖി അഭിപ്രായപ്പെടുന്നത്. ഹിന്ദു മതത്തില്‍ മഹാഭാരതത്തിനുള്ള പ്രാധാന്യം എത്രത്തോളമുണ്ടെന്ന് മനസിലാക്കുന്നതിനും ഗീത വായിക്കുന്നതിനും മകള്‍ മറിയത്തിന് പ്രോത്സാഹനം നല്‍കിയുരുന്നതായും അദ്ദേഹം പറയുന്നു.
മത്സരത്തില്‍ പങ്കെടുക്കുന്നതിന് മുന്നോടിയായി ഒരുമാസം മുമ്പേ തന്നെ മറിയം പരിശീലനവും ആരംഭിച്ചിരുന്നു. മത്സരം സംഘടിപ്പിച്ചവര്‍ ഭഗവദ്ഗീതയുടെ ഇംഗ്ലീഷ് പതിപ്പ് കുട്ടികള്‍ക്ക് നല്‍കുകയും കുട്ടികളെ സഹായിക്കുന്നതിനായി ഒരു ടീച്ചറെ നിയമിക്കുകയും ചെയ്തിരുന്നു. 100 ചോദ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. 100 ല്‍ 100 നും ശരിയുത്തരം നല്‍കിയാണ് മറിയം അഭിമാനനേട്ടം കൈവരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: