ജനങ്ങളുടെ ആരോഗ്യത്തിനും ജീവനും സംരക്ഷണം നല്കാന് ഉത്തരവാദപ്പെട്ടവര്‍തന്നെ മറിച്ച് ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്താല്‍ എന്തായിരിക്കും അവസ്ഥ. അധികാരത്തിന്റെ മറവില്‍ ജനങ്ങളെ മറന്നുകൊണ്ട് പ്രവര്‍ത്തിക്കുന്നവരായി അധികൃതര്‍ മാറിയിട്ട് നാളുകളേറെയായി. പ്രതികരിച്ചും പ്രതിഷേധിച്ചും നില്ക്കുന്ന സാധാരണക്കാരെ കണ്ടില്ലെന്ന് നടിച്ച് കാലാവധി തീരുംവരെ അധികാരക്കസേരയില്‍ അമര്‍ന്നിരിക്കുകയും എതിര്‍പ്പുകളെയെല്ലാം അവഗണിച്ച് സ്വാര്‍ത്ഥലാഭത്തിന് വേണ്ടി അധികാരം ദുരുപയോഗം ചെയ്യുന്ന ജനപ്രതിനിധികള്‍. എന്നാല്‍ നാട്ടുകാരുടെ ഭാഗത്തുനിന്നും സംസാരിക്കാന്‍ അവിടെയെല്ലാം ഒരാളെങ്കിലും ഉണ്ടാവുകയും ചെയ്യും.
സാധാരണക്കാരന്റെ പ്രശ്നം മനസ്സിലാക്കി അവര്‍ക്കൊപ്പം നിന്നുകൊണ്ട് പ്രവര്‍ത്തിക്കുന്ന രേണു സുരേഷിന്റെ പോരാട്ടാവും അധികാരക്കസേരയില്‍ ഇരിക്കുന്നവര്‍ക്ക് എതിരെ തന്നെ. പെരുമ്പാവൂര്‍ നഗരസഭയിലെ 26, 27 വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന സൗത്ത് വല്ലം, വാഴക്കുളം പഞ്ചായത്തിലെ ഗാന്ധിനഗര്‍ എന്നീ പ്രദേശവാസികള്‍ക്കുവേണ്ടിയാണ് രേണു ഇപ്പോള്‍ സമരമുഖത്ത് സജീവമാകുന്നത്.
വല്ലം പ്രദേശത്ത്, പെരുമ്പാവൂര്‍ നഗരസഭാ ചെയര്മാന് കെ. എം. എ. സലാമിന്റെ ഉടമസ്ഥതയിലുള്ള ഗ്രീന്‍ലാന്റ് പാര്‍ട്ടിക്കിള്‍ ബോര്‍ഡ് കമ്പനിക്കെതിരായാണ് ഈ പ്രദേശ നിവാസികള്‍ ഒന്നടങ്കം സമരരംഗത്തുള്ളത്. ജാതിയോ മതമോ രാഷ്ട്രീയമോ ഒന്നുംതന്നെ ഈ സമരത്തില്‍ വിഷയമാകുന്നുമില്ല. തങ്ങളുടെ ആരോഗ്യത്തിനും പരിസ്ഥിതിക്കും കോട്ടം വരുത്തുന്ന ഈ കമ്പനിക്കെതിരെ ആരാണോ ശബ്ദമുയര്‍ത്തുന്നത് അവര്‍ക്കൊപ്പം നില്ക്കാന് ആ പ്രദേശത്തെ ജനങ്ങള്‍ തീരുമാനിക്കുകയായിരുന്നു.
ഭരിക്കുന്നത് വലതുപക്ഷമോ ഇടതുപക്ഷമോ ആയാലും പ്രതിപക്ഷത്തിരിക്കുന്നവര്‍ എതിര്‍ക്കേണ്ടതിനെ എതിര്‍ക്കാതിരിക്കുന്ന പ്രവണതയ്ക്ക് പെരുമ്പാവൂര്‍ നഗരസഭയിലും മാറ്റമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് വല്ലത്തെ ജനങ്ങളുടെ പ്രശ്നം തികഞ്ഞ ബിജെപി അനുഭാവി ഏകാത്മമാനവ ദര്‍ശനത്തില്‍ അടിയുറച്ച് വിശ്വസിക്കുകയും ചെയ്യുന്ന രേണുവിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. വല്ലം സൊസൈറ്റി തെരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ മത്സരിക്കാന്‍ ബിജെപി തീരുമാനിക്കുകയും സ്ഥാനാര്‍ത്ഥിയായി രേണുവിനെ നിശ്ചയിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി വീടുകളില്‍ സമ്പര്‍ക്കം നടത്തുന്നതിനിടയിലാണ് കമ്പനിയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് മനസ്സിലാക്കാന്‍ ഇടയായത്.
ജനങ്ങള്‍ക്കും പറയാനുണ്ടായിരുന്നത് പാര്‍ട്ടിക്കിള്‍ ബോര്‍ഡ് കമ്പനിയുടെ ദോഷവശങ്ങളെക്കുറിച്ചാണ്. ഇതേക്കുറിച്ച് കൂടുതല്‍ പഠിക്കുകയും പാര്‍ട്ടിക്കുള്ളില്‍ പ്രശ്നം ചര്‍ച്ച ചെയ്യുകയും പാര്‍ട്ടിപ്രവര്‍ത്തകരുടെ പൂര്‍ണ പിന്തുണ ഉറപ്പാക്കിക്കൊണ്ടുതന്നെ ഈ വിഷയവുമായി മുന്നോട്ട്പോവുകയുമാണ് രേണു ചെയ്തത്. പ്രദേശവാസികള്‍ പൗരസമിതി രൂപീകരിച്ച് സമരം ചെയ്തിരുന്നെങ്കിലും ബിജെപിയുടെ പിന്തുണകൂടി ലഭിച്ചതോടെയാണ് സമരത്തിന് ജനകീയ സ്വഭാവം കൈവന്നത്. മുസ്ലിം സമുദായക്കാര്‍ കൂടുതലുള്ള പ്രദേശമായിരുന്നിട്ടുകൂടി ബിജെപിയോട് അയിത്തം കല്‍പ്പിച്ച് മാറിനില്ക്കാതെ അവര്‍ക്കൊപ്പം ചേര്‍ന്നുപ്രവര്‍ത്തിക്കാനാണ് അവിടുത്തെ സ്ത്രീകളും പുരുഷന്മാരുമടക്കമുള്ളവര് മുന്നോട്ടുവന്നത്.
ഇവര്‍ ഒരു നിവേദനം തയ്യാറാക്കി നല്‍കുകയും ചെയ്തിരുന്നു. സമരത്തിന്റെ മുന്‍ നിരയില്‍ സ്ത്രീകളും കുട്ടികളുമാണെന്നതാണ് ശ്രദ്ധേയം. പെരുമ്പാവൂര്‍ നഗരസഭ 26-ാം വാര്‍ഡിലെ ഒട്ടുമിക്ക കുടുംബങ്ങളും ഇപ്പോള്‍ ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന ആഗ്രഹം പ്രകടിപ്പിക്കുമ്പോള്‍ രേണു സുരേഷിന് സന്തോഷം. താന്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയിലേക്ക് ഇതുവരെ അകലം പാലിച്ചുനിന്നവരെക്കൂടി കൊണ്ടെത്തിക്കുന്നതില്‍ ഒരു നിമിത്തമാകാന്‍ സാധിച്ചതിന്റെ ചാരിതാര്‍ത്ഥ്യമുണ്ട് രേണുവിന്റെ വാക്കുകളില്‍. ഇവരില്‍ പലരും ഇടത്-വലത് പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചവരാണ്. കൂട്ടത്തില്‍ നേതൃപ്രദവി വഹിച്ചവരുമുണ്ട്.
വളഞ്ഞവഴിയിലൂടെയാണ് കമ്പനിയ്ക്ക് പ്രവര്‍ത്തനാനുമതി നേടിയെന്ന ആരോപണവും ശക്തമാണ്. നഗരസഭ ചെയര്മാന് സ്ഥാനത്തിരുന്നുകൊണ്ട് കൗണ്‍സിലിന്റെ അംഗീകാരവും വില്ലേജ്, പഞ്ചായത്ത് തലത്തിലുള്ള അനുമതിയും നേടിയെടുക്കുന്നതിന് യാതൊരു പ്രയാസവും ഉണ്ടായില്ല. കോടിക്കണക്കിന് രൂപ ചെലവഴിച്ചുകൊണ്ട് തുടങ്ങുന്ന ഈ കമ്പനിയ്ക്ക് പ്രവര്‍ത്തനാനുമതി നേടിയെടുക്കുന്ന വകയിലും പണമൊഴുക്കേണ്ടിവന്നിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. നഗരസഭാ തെരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെ ജയിച്ച് ചെയര്മാന് സ്ഥാനത്തെത്തിയ കെ.എം.എ. സലാം, തന്നെ വിജയിപ്പിച്ച വോട്ടര്‍മാരുടെ ന്യായമായ ആവശ്യത്തിന് നേരെ കണ്ണടക്കുകയാണെന്ന് രേണു പറയുന്നു.
പാര്‍ട്ടിക്കിള്‍ ബോര്‍ഡ് കമ്പനി പ്രവര്‍ത്തനം ആരംഭിക്കുന്നത് മൂലം പ്രദേശവാസികള്‍ക്കുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ ഒട്ടനവധിയാണ്. 300 ഓളം കുടുംബങ്ങള്‍ പാര്‍ക്കുന്ന ജനസാന്ദ്രമായ പ്രദേശത്ത് ഒരു കമ്പനി സ്ഥാപിക്കുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ ഒന്നും തന്നെ ഇവിടെ പാലിച്ചിട്ടില്ല. കമ്പനി സ്ഥിതിചെയ്യുന്ന സ്ഥലത്തിന് ചുറ്റും നെല്‍കൃഷി നടത്തുന്ന വയലുകളായിരുന്നു എന്നതും ഈ കമ്പനി പ്രവര്‍ത്തനം തുടങ്ങിയാലുണ്ടാവുന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കരിമ്പിന്‍ചണ്ടി, പ്ലാസ്റ്റിക്, മരപ്പൊടി തുടങ്ങിയവയ്ക്കൊപ്പം ഫോര്‍മാല്‍ഡിഹൈഡ്, മെഥനോള്‍, അമോണിയ തുടങ്ങിയ രാസവസ്തുക്കളും ചേര്‍ത്താണ് പശനിര്‍മാണം. വായുവിലൂടെയും മറ്റും ഈ വിഷപദാര്‍ത്ഥം ശരീരത്തിലെത്തുവാനുള്ള സാധ്യതയും പതിന്മടങ്ങാണ്. കൂടാതെ നിര്‍ദ്ദിഷ്ട സ്ഥലത്തിനടുത്തുകൂടെ പെരിയാറിലേക്കുള്ള കൈവരി തോടുകളും ഒഴുകുന്നുണ്ട്.
കാന്‍സര്‍പോലുള്ള മാരക രോഗങ്ങളെ ക്ഷണിച്ചുവരുത്തുന്ന പദ്ധതിയ്ക്കെതിരെയാണ് രേണുവിന്റെ നേതൃത്വത്തില്‍ ജനകീയ സമരം നടക്കുന്നത്. ആറന്മുള വിമാനത്താവളത്തിനെതിരായ സമരത്തില്‍ മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് ബിജെപി. ആ നിലയില്‍ തൊട്ടടുത്ത് നടക്കുന്ന വിഷയവും കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് രേണു പറയുന്നു. പട്ടികജാതി മോര്‍ച്ചയുടെ സംസ്ഥാന സെക്രട്ടറി കൂടിയാണ് രേണു സുരേഷ്. ഈ പ്രദേശത്ത് ഭൂരിഭാഗവും മുസ്ലിം വിഭാഗക്കാരായതിനാല്‍, ബിജെപിയുടെ ന്യൂനപക്ഷ മോര്‍ച്ച ദേശീയ സമിതി അംഗമായ എ.കെ. നസീറിന്റെ ശ്രദ്ധയില്‍ ഈ വിഷയം കൊണ്ടുവരുകയും അദ്ദേഹം സ്ഥലം സന്ദര്‍ശിച്ച് കാര്യങ്ങള്‍ മനസ്സിലാക്കി സമരത്തിന് പിന്തുണ നല്‍കുകയും ചെയ്തു.
ഒരു വര്‍ഷത്തിലേറെക്കാലമായി വല്ലം നിവാസികള്‍ ഗ്രീന്‍ലാന്റ് പാര്‍ട്ടിക്കിള്‍ ബോര്‍ഡ് കമ്പനിക്കെതിരെ സമരം തുടങ്ങിയിട്ട്. അധികാരികളുടെ നിസംഗതയ്ക്കെതിരായി ലോക്സഭാ തെരഞ്ഞെടുപ്പ് വരെ ഇവര്‍ ബഹിഷ്കരിച്ചു. എന്നിട്ടും കണ്ണുതുറക്കാത്ത ഭരണവൃന്ദത്തിനെതിരെ രേണുവിന്റെ നേതൃത്വത്തില്‍ നടക്കുന്ന സമരം അടിച്ചമര്‍ത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. സമരത്തിന്റെ മുന്‍പന്തിയില്‍ നില്ക്കുന്നു എന്ന ഒറ്റക്കാരണത്താല്‍ത്തന്നെ രേണുവിനെ മാനസികമായി തളര്‍ത്തുന്ന സമീപനവും ഭരണാധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നുണ്ട്. എന്നാല്‍ അതൊന്നും തന്നെ രേണു മുഖവിലയ്ക്കെടുക്കുന്നില്ല. 18-ാം വയസ്സിലായിരുന്നു സുരേഷുമായിട്ടുള്ള വിവാഹം.
വിവാഹശേഷം 1990 ലാണ് ബിജെപിയില്‍ അംഗമാകുന്നത്. രാഷ്ട്രീയകാര്യങ്ങളും വീട്ടുകാര്യങ്ങളും ഒരുമിച്ചുകൊണ്ടുപോകാന്‍ കുടുംബം നല്കുന്ന ശക്തിയാണ് എല്ലാ ഉയര്‍ച്ചക്കും പിന്നിലെന്ന് രേണു പറയുന്നു. വിവാഹത്തോടെ പാതിവഴിയില്‍ നിലച്ച വിദ്യാഭ്യാസം പുനരാരംഭിക്കാന്‍ പ്രചോദനമായതും കുടുംബംതന്നെ. കര്‍മമാണ് ജീവിതത്തെ മുന്നോട്ട് നയിക്കുന്നതെന്ന വിശ്വാസക്കാരിയാണ് രേണു. അതുകൊണ്ടുതന്നെ വഹിച്ചുപോന്നതും ഇപ്പോള്‍ വഹിക്കുന്നതുമായ നേതൃപദവികളും നിരവധിയാണ്.
ബിജെപി മണ്ഡലം സെക്രട്ടറി, വൈസ്പ്രസിഡന്റ,് ജില്ല കമ്മറ്റി അംഗം, മഹിളാമോര്‍ച്ച ജില്ല കമ്മറ്റി അംഗം എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. റസിഡന്റ്സ് അസോസിയേഷന് വൈസ് പ്രസിഡന്റ്. കുടുംബശ്രീ എഡിഎസ് ചെയര്‍പേഴ്സണ്‍ എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു. പട്ടികജാതി മോര്‍ച്ചയുടെ സംസ്ഥാന സെക്രട്ടറിസ്ഥാനം കൂടാതെ ഭാരതീയ വിചാരകേന്ദ്രം ജില്ലാകമ്മറ്റി അംഗം, സ്വാമി വിവേകാനന്ദ ജന്മശതാബ്ദി ആഘോഷസമിതി ജില്ലാ സംയോജക, സഹാര്‍ഭാരതി ജില്ലകമ്മറ്റി അംഗം, ആശാന് സ്മാരക സാഹിത്യവേദി അംഗം എന്നീ ചുമതലകളും വഹിക്കുന്നു.
പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാരുടെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്കി വരുന്ന സംസ്ഥാന അവാര്‍ഡായ ആഗമാനന്ദ പുരസ്കാരത്തിന് 2014 ല്‍ രേണു അര്‍ഹയായി. ഈ പുരസ്കാരം ലഭിക്കുന്ന ആദ്യ വനിതയും രേണുവാണ്. രാഷ്ട്രീയ-സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ മാത്രമല്ല എഴുത്തിന്റെ വഴിയിലൂം സജീവമാണ് രേണു.
‘ ഐതിഹ്യ സംഗ്രഹം’ എന്ന പേരിലൊരു പുസ്തകം എഴുതി പൂര്‍ത്തിയാക്കി. ഈ ഗ്രന്ഥത്തിന് ഭാരതീയ വിചാരകേന്ദ്രത്തിന്റെ എന്റോള്‍മെന്റും ലഭിക്കുകയുണ്ടായി. ‘എന്റെ മൂകാംബിക യാത്ര’ എന്ന ലേഖന സമാഹാരത്തിന്റെ രചനയും പൂര്‍ത്തിയായി. കൂടാതെ കേരളത്തിലെ പട്ടികജാതി-പട്ടിക വര്‍ഗ്ഗക്കാര്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ഒരു പ്രബന്ധം അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. സ്വന്തം നാടായ പെരുമ്പാവൂരിനെക്കുറിച്ചുള്ള ‘എന്റെ പെരുമ്പാവൂര്‍’ എന്ന ഗ്രന്ഥത്തിന്റെ പണിപ്പുരയിലാണ് രേണു. അക്ഷയും പ്രണവുമാണ് മക്കള്‍.
പെരുമ്പാവൂര്‍ മുന്‍സിപ്പാലിറ്റിയില്‍ ഉള്‍പ്പെടുന്ന സൗത്ത് വല്ലം നിവാസികളില്‍ ബഹുഭൂരിപക്ഷം ആളുകളും ഇപ്പോള്‍ ബിജെപിയോട് അനുഭാവം പുലര്‍ത്തുന്നവരാണ്. ഈ ഒരു മാറ്റത്തിന് കളമൊരുക്കിയത് ജനങ്ങള്‍ക്കിടയിലുള്ള രേണുവിന്റെ നിസ്വാര്‍ത്ഥ പ്രവര്‍ത്തനമാണ്. പാര്‍ട്ടിക്കിള്‍ ബോര്‍ഡ് കമ്പനിക്കെതിരെ സമരം ചെയ്തതിന് സ്ത്രീകളടക്കമുള്ളവരെ അറസ്റ്റുചെയ്ത് വലിച്ചിഴച്ചാണ് പോലീസ് വാഹനത്തിലേക്ക് കൊണ്ടുപോയത്. കാന്‍സര്‍ രോഗബാധിതയും സമരത്തില്‍ സജീവമായി പങ്കെടുക്കുകയും ചെയ്യുന്ന ജമീല, ഇവരോടുപോലും മനുഷ്യത്വരഹിതമായാണ് പോലീസ് പെരുമാറിയതെന്നും രേണു പറയുന്നു.
സര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍ പ്രതിമാനിര്‍മാണ പ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള വാഹന ജാഥയ്ക്കും വന്‍ സ്വീകരണമാണ് വല്ലത്തെ ജനങ്ങള്‍ നല്‍കിയത്. മുസ്ലിം സ്ത്രീകളാണ് ആവേശത്തോടെ അന്ന് മുന്‍നിരയില്‍ നിന്നതും. കാന്‍സറിനോട് പൊരുതുന്ന അതേ മനസ്സോടുതന്നെ ജനങ്ങള്‍ക്കുവേണ്ടി പോരാടുന്ന ജമീലയെപ്പോലുള്ളവരാണ് തനിക്ക് ഊര്‍ജ്ജം പകരുന്നതെന്നും രേണു പറയാതെ പറയുന്നു…
പ്രതികരിക്കാൻ ഇവിടെ എഴുതുക: