കൊല്ലം: ബാറുകള്‍ അടച്ചുപൂട്ടിയതോടെ ബിവറേജസ് ഔട്ട്ലെറ്റുകള് സാമൂഹ്യപ്രശ്നമായി മാറുന്നു. രാത്രി വൈകുവോളം പല മേഖലകളിലും റോഡ് ഗതാഗതം തടസ്സപ്പെടുത്തുംവിധമുള്ള തിരക്കാണ് ഇത്തരം ഔട്ട്ലെറ്റുകളില്. ഗതാഗതത്തിരക്കുള്ള നിരത്തുവക്കുകളില്‍ സ്ഥിതി ചെയ്യുന്ന ഔട്ടലെറ്റുകള്‍ അടിയന്തരമായി മാറ്റിസ്ഥാപിക്കണമെന്ന ആവശ്യമുയര്‍ത്തി പല മേഖലകളിലും സമരം ആരംഭിച്ചുകഴിഞ്ഞു.
കുണ്ടറ മുക്കടയ്ക്കും ആശുപത്രിമുക്കിനുമിടയിലെ ബിവറേജസ് ഔട്ട്ലെറ്റിലെ തിരക്കുകാരണം ഈസ്റ്റര്തലേന്നാള് പല തവണ കൊല്ലം- ചെങ്കോട്ട പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. ഇത്തരം മേഖലകളില്‍ കൂടുതല്‍ പോലീസുകാരെ വിന്യസിക്കേണ്ട അവസ്ഥയിലാണ് കാര്യങ്ങള്‍. ബാറുകള്‍ അടച്ചതോടെ ബിവറേജസ് ഔട്ട്ലെറ്റുകള് വഴിയുള്ള വില്പന കുത്തനെ ഉയര്‍ന്നു.
ജില്ലയിലെ 35 വിദേശമദ്യവില്‍പ്പന ശാലകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. അതിനിടെ പുത്തൂരില്‍ പോലീസ് സ്റ്റേഷന്വളപ്പിനുള്ളിലെ ബിവറേജസ് ഔട്ട്ലെറ്റില് നിന്ന് കഴിഞ്ഞദിവസം കൂടിയ വിലയുള്ള ബ്രാന്‍ഡഡ് മദ്യം മോഷണം പോയതും കൗതുകമായി. കാല്‍ലക്ഷത്തിലധികം രൂപയുടെ മദ്യമാണ് ഇവിടെ നിന്ന് മോഷണം പോയത്.
അതേസമയം ഗ്രാമപ്രദേശങ്ങളില്‍ വ്യാജവാറ്റുകേന്ദ്രങ്ങളും മിനിബാറുകളും സജീവമായിത്തുടങ്ങിയെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. ബിവറേജസ് ഔട്ട്ലെറ്റുകളില് നിന്ന് വാങ്ങുന്ന മദ്യം കൂടിയ വിലയ്ക്ക് മറിച്ചുവില്‍ക്കുന്ന ലോബിയും സജീവമായിട്ടുണ്ട്. നഗരത്തിലെ രണ്ടു ബാറുകള്‍ മാത്രമാണ് ഇപ്പോള്‍ ജില്ലയില്‍ തുറന്നു പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ കിഴക്കന്‍മേഖലയിലും മറ്റുമുള്ളവര്‍ മദ്യത്തിന് പൂര്‍ണമായും ബിവറേജസ് ഔട്ട്ലെറ്റിലേക്ക് തന്നെയാണ് എത്തുന്നത്.
പത്തനാപുരം കൊട്ടാരക്കര, അഞ്ചല്‍ എഴുകോണ്‍, ചടയമംഗലം റേഞ്ചുകളിലെ എല്ലാ ഷാപ്പുകളും പൂട്ടിക്കിടക്കുകയാണ്. ഈ പ്രദേശങ്ങളിലെ ബാറുകളും ഇല്ലാതായതോടെ ഔട്ടലെറ്റുകളില്‍ നിന്നു വാങ്ങുന്ന മദ്യം നിരത്തുവക്കില്‍ നിന്നുതന്നെ കുടിക്കുകയാണ് ആളുകള്‍ ചെയ്യുന്നത്. ഇത് സ്ത്രീകളടക്കമുള്ള വഴിയാത്രക്കാര്‍ക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്.
അതേസമയം കൊല്ലത്ത് പൂന്തലില്‍ ബിവറേജസ് ഔട്ട്ലെറ്റിനെതിരെ വീണ്ടും നാട്ടുകാര്‍ സമരം ആരംഭിച്ചു. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയില്‍നിന്ന് ഔട്ട്ലെറ്റ് മാറ്റിസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം.
പൊതുജനത്തെ വലച്ച് മദ്യവിപണി
കൊട്ടാരക്കര: കൊട്ടാരക്കര ബിവറേജ് ഔട്ട്ലറ്റിലെ തിരക്ക് യാത്രക്കാരെയും മദ്യം വാങ്ങാനെത്തുന്നവരെയും ഒരുപോലെ ബുദ്ധിമുട്ടിലാക്കുന്നു. കെഎസ്ആര്‍ടിസി, സ്വകാര്യ ബസ് സ്റ്റാന്റുകളിലേക്കുമുള്ള യാത്രക്കാരുടെ ഏകമാര്‍ഗം ഇതായതുകൊണ്ട് യാത്രക്കാര്‍ക്ക് ക്യൂ ഭേദിച്ച് ബസ്സ്റ്റാന്റിലേക്ക് എത്തുക ദുഷ്കരമാണ്. മദ്യം വാങ്ങാനെത്തുന്നവരെ കൊണ്ടും കൂടെയെത്തിയവരെക്കൊണ്ടും ഈ ഇടുങ്ങിയ വഴി നിറഞ്ഞത് മൂലം സ്ത്രീകളടക്കമുള്ളവര്‍ ഏറെ ബുദ്ധിമുട്ടുന്നു.
പൊരിവെയിലിലും മദ്യം വാങ്ങാന്‍ നില്ക്കുന്നവരുടെ നീണ്ട നിരയാണ്. അവധി ദിനത്തില്‍ മദ്യം ലഭിക്കാത്തതുമൂലം ബുദ്ധിമുട്ടനുഭവപ്പെട്ടവരാണ് ഈസ്റ്റര്‍ തലേന്ന് രാവിലെ തന്നെ എത്തിയത്. ക്യൂവില്‍ നിന്ന പലരും പരിചയക്കാരെ കണ്ട് തങ്ങളുടെ ജാള്യത മറക്കാന്‍ ശ്രമിക്കുന്നത് കാണാമായിരുന്നു. തിരക്കേറിയ ഇവിടെ നിന്നും വില്പനശാല സൗകര്യപ്രദമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ഉയരാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി.
സന്ധ്യയായാല്‍ സ്ത്രീകള്‍ക്ക് ഇതുവഴി കടന്നുപോകാന്‍ വലിയ പ്രയാസമാണിപ്പോള്‍.
ബാറുകള്‍ നിര്‍ത്തിയതോടെ മദ്യം വാങ്ങാന്‍ എത്തുന്നവരുടെ എണ്ണത്തില്‍ പല മടങ്ങ് വര്‍ധനയാണ് അനുഭവപ്പെടുന്നത്. തിരക്കേറിയ ഈ യാത്രാമാര്‍ഗത്തില്‍ ഇത് ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നു. ലോഡ് ഇറക്കാന്‍ ലോറി കൂടി എത്തിയാല്‍ യാത്രാമാര്‍ഗം പൂര്‍ണ്ണമായും അടഞ്ഞുകിടക്കും. മദ്യ വില്പനശാല ഇവിടെ നിന്ന് മാറ്റിയില്ലെങ്കില്‍ പ്രക്ഷോഭവുമായി രംഗത്തിരങ്ങാനാണ് യാത്രക്കാരും നാട്ടുകാരും ആലോചിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: