പറവൂര്‍: ആരോരുമില്ലാത്ത വിധവയായ വൃദ്ധ കയറിക്കിടക്കാന്‍ ഒരു വീടിന് വേണ്ടി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുന്നു. ഏഴിക്കര പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ കീറ്റോടത്ത് നികത്തില്‍ ലീല (76)ആണ് സുരക്ഷിതമായി കയറിക്കിടക്കാന്‍ ഒരു വീടിന് വേണ്ടി പഞ്ചായത്ത് ഓഫീസ് കയറിയിറങ്ങി നിരാശയായി ഏത് നിമിഷവും ഇടിഞ്ഞ് പൊളിഞ്ഞ് വീഴാറായ വീട്ടില്‍ കഴിയുന്നത്.
ഗ്രാമസഭയിലും മറ്റും വീടിന് വേണ്ടി അപേക്ഷിച്ചെങ്കിലും അധികൃതരാരും ഈ വൃദ്ധയുടെ രോദനം കേട്ടില്ല. ഏഴ് വര്‍ഷത്തിന് മുമ്പ് ഭര്‍ത്താവ് സുബ്രഹ്മണ്യന് കാന്‍സര്‍ പിടിപെട്ട് മരിച്ചു. ഇതോടുകൂടി വൃദ്ധയുടെ ജീവിതം പരുങ്ങലിലായി.തൊട്ടടുത്തുള്ള സരസ്വതിക്ഷേത്രത്തില് പാത്രം കഴുകിയും മുറ്റമടിച്ചു കിട്ടുന്ന തുഛമായ വരുമാനം കൊണ്ടാണ് ഉപജീവനം നടത്തുന്നത്. മുപ്പത് വര്‍ഷത്തിനു മുമ്പ് മൂന്ന് സെന്റ് സ്ഥലം തരാം എന്ന പറഞ്ഞ് പണം വാങ്ങി സ്ഥലം തീറെഴുതികൊടുക്കാതെ വാടകക്കാരെപ്പോലെ താമസിപ്പിച്ചിരിക്കുകയായിരുന്നു ഇവരുടെ അയല്പക്കക്കാരന് ഭര്‍ത്താവ് മരിച്ചതിനുശേഷം നാട്ടുകാരും വിവിധ രാഷ്ട്രീയ പാര്‍ട്ടിക്കാരും ചേര്‍ന്ന് ശക്തമായ പ്രതിഷേധം ഉണ്ടാക്കിയപ്പോള്‍ നില്‍ക്കക്കള്ളിയില്ലാതെ രണ്ടേകാല്‍ സെന്റ് തീറെഴുതികൊടുക്കുകയായിരുന്നു. രണ്ട് മുറിയുള്ള ഓട്മേഞ്ഞ വീടാണ് ഉള്ളത്.
ഉപ്പ് വെള്ളം കയറുന്ന സ്ഥലം ആയതിനാല്‍ വീടിന്റെ ഭിത്തിയെല്ലാം അടര്‍ന്ന് പോയി നിലം പൊത്താവുന്ന അവസ്ഥയിലാണ് വീട്. കാറ്റും മഴയും വന്നാല്‍ വീടിനകം മുഴുവന്‍ വെള്ളമായിരിക്കും. കിടന്നുറങ്ങാന്‍ സാധിക്കില്ലായെന്നാണ് വൃദ്ധപറയുന്നത്. ഇവരുടെ പരിതാപകരമായ അവസ്ഥകണ്ട് ഏഴിക്കര സെക്ഷനിലെ കെഎസ്ഇബി ജീവനക്കാര്‍ സൗജന്യമായി വീട് വൈദ്യുതീകരിച്ച് കറണ്ട് നല്കി.
തനിക്ക് വീട് ലഭിക്കാന്‍ അര്‍ഹതയുണ്ടോ, വീട് ലഭിക്കാന്‍ ഇനി എവിടെയാണ് കയറി ഇറങ്ങേണ്ടതെന്നും ആരെകാണണമെന്നും, ആരോട് പറയണമെന്നൊക്കെയാണ് ഈ എഴുപത്തിയാറുകാരി ചോദിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: