കൊച്ചി: ഏപ്രില്‍ 23ന് കളക്ട്രേറ്റില്‍ നടക്കുന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി കരുതല്‍ 2015ല്‍ രോഗികളെ എത്തിക്കേണ്ട. ഇത്തരത്തിലുള്ളവരെ നേരില്‍ കണ്ട് റിപ്പോര്‍ട്ട് ചെയ്യാന്‍ സബ്.കളക്ടര്‍ എസ്.സുഹാസിനെ ഓഫീസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടിയായി നിയമിച്ചു. തഹസില്‍ദാര്‍മാരും ബന്ധപ്പെട്ട സ്ഥലങ്ങളിലെ ഡോക്ടര്‍മാരും അടങ്ങിയ സംഘം ഈമാസം ആറു മുതല്‍ എട്ടുവരെ ഇത്തരത്തിലുള്ള അപേക്ഷകരെ നേരില്‍ കണ്ട് റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കു നല്‍കും.
ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി ആവശ്യമായ സഹായം നല്‍കുമെന്ന് ജില്ലാ കളക്ടര്‍ എം.ജി.രാജമാണിക്യം അറിയിച്ചു. കരുതല്‍ 2015ന്റെ ഭാഗമായുള്ള ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കിടപ്പുരോഗികള്‍ ഉള്‍പ്പടെയുള്ള 7500 അപേക്ഷകളാണ് കഴിഞ്ഞ 28വരെ ഓണ്‍ലൈനില്‍ കരുതലിലേക്കു ലഭിച്ചത്.
ഇതില്‍ രോഗികളായവരെ നേരില്‍കണ്ട് റിപ്പോര്‍ട്ട് ചെയ്യുന്നതിനൊപ്പം ഇത്തരത്തിലുള്ളവര്‍ക്കു പുതുതായി അപേക്ഷിച്ചാല്‍ പ്രത്യേക കേസായി പരിഗണിക്കും.
ഈമാസം 10ന് അടുത്ത അവലോകനയോഗം സംഘടിപ്പിച്ചിട്ടുണ്ട്. അതിനകം ഓരോ വകുപ്പുകള്‍ക്കും ലഭിച്ച പരാതിയിലുള്ള നടപടി കളക്ട്രേറ്റില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഇതിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുന്ന 100 പേരെയായിരിക്കും മുഖ്യമന്ത്രി ജനസമ്പര്‍ക്കത്തില്‍ ആദ്യം നേരില്‍ കാണുക.
ഇക്കുറി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ധനസഹായം ഉള്‍പ്പടെയുള്ളവ അപേക്ഷകരുടെ ബാങ്ക് അക്കൗണ്ടിലുടെ മാത്രമേ നല്‍കൂ. അതിനാല്‍ ഇതിനകം പരാതി നല്കിയവരും പുതിയ അപേക്ഷകരും തങ്ങള്‍ക്ക് ബാങ്ക് അക്കൗണ്ട് ഉണ്ടെന്ന് ഉറപ്പാക്കിയിരിക്കണമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.
അക്കൗണ്ട് ഇല്ലാത്തവര്‍ക്ക് അക്കൗണ്ട് തുറക്കാനുള്ള നിര്‍ദേശം ഉദ്യോഗസ്ഥരും നല്‍കണം. കിടപ്പുരോഗികള്‍ ഉള്‍പ്പടെയുള്ളവര്‍ക്കും ഈ നിബന്ധന ബാധകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: