മുഹമ്മ: കരപ്പുറത്തെ പ്രധാന ക്ഷേത്രങ്ങളിലും പാടങ്ങളിലും ആദിത്യപൂജ ആരംഭിച്ചു. അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളിലാണ് ഹൈന്ദവാചാരങ്ങളുടെ ഭാഗമായി സൂര്യപൂജ നടക്കുന്നത്. ഇപ്പോള്‍ വൈക്കം താലൂക്കിന്റെ ചില ഭാഗങ്ങളിലും ഈ ആചാരം നടക്കുന്നുണ്ട്. മീനം, മേടം മാസങ്ങളിലാണ് കര്‍മ്മസാക്ഷിയായ പൂഷാവിന്റെ പ്രീതിക്ക് വേണ്ടി ഈ പ്രത്യേക പൂജ നടക്കുന്നത്. ജലകുംഭത്തിലോ ദര്ഭകൂര്ച്ചത്തിലോ ആദിത്യനെ ആവാഹിച്ച് പൂജിക്കുകയാണ് പതിവ്. വെള്ളിയാഴ്ച വൈകിട്ട് ആരംഭിച്ച് ആദിത്യവാരത്തില് അവസാനിക്കുന്ന സൂര്യപൂജ ഹിന്ദുവിശ്വാസികള്‍ ആത്മസമര്‍പ്പണത്തിന്റെ ദിനങ്ങളായി എണ്ണുന്നു.
വ്രതനിഷ്ഠയോടെ ‘ഒരിക്കല്‍’ ഇരുന്നാണ് പൂജാരി പൂജ നടത്തുന്നത്. പൂജാരിക്ക് വിശ്രമിക്കാനും പൂജാദ്രവ്യങ്ങള്‍ സൂക്ഷിക്കാനും ‘കൊട്ടിലു’കള്‍ കെട്ടിയുണ്ടാക്കും. തളിച്ചുകൊടയും രാപൂജയും ആദിത്യപൂജയ്ക്ക് ഒഴിച്ചുകൂടാനാവാത്ത ചടങ്ങാണ്. ‘പൂജേപ്പം’ ആണ് മുഖ്യനിവേദ്യം. വിത്ത് നെല്ലുകുത്തിയെടുക്കുന്ന പൊടിയില്‍ കരിക്കിന് വെള്ളം, ശര്‍ക്കര, കല്‍ക്കണ്ടം, മുന്തിരി, മധു, തേന്‍, കദളിപ്പഴം, എള്ള്, ഈന്തപ്പഴം, പൂവന്‍പഴം എന്നിവ കുഴച്ചുണ്ടാക്കുന്ന മാവ് തേങ്ങപിഴിഞ്ഞുണ്ടാക്കുന്ന എണ്ണയില്‍ പൊരിച്ചെടുത്ത നിവേദ്യമാണ് പൂജേപ്പം. അരിത്താലം, പഴത്താലം, നെയ്ത്താലം എന്നിങ്ങനെയുള്ള താലങ്ങളും ഉയര്‍ത്തിക്കാണിക്കാറുണ്ട്. ആദിത്യപൂജയ്ക്ക് വൈകാരികമായ പ്രാധാന്യമാണ് വിശ്വാസികള്‍ക്കിടയിലുള്ളത്. ആദിത്യപൂജയ്ക്ക് ഏറ്റവും വിശേഷപ്പെട്ട ദിവസം പത്താമുദയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: