കുട്ടനാട്: ഭവന നിര്‍മ്മാണത്തിന് മുന്‍തൂക്കം നല്കി ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്. 21,87,52,608 രൂപ വരവും 21,48,45,838 രൂപ ചെലവും 39,06,770 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റും ധനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷനുമായ ജോര്‍ജ് മാത്യു പഞ്ഞിമരം അവതരിപ്പിച്ചു. പട്ടികജാതി, പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് 84 വീടും ജനറല്‍, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായി 136 വീടും ഉള്‍പ്പടെ 220 വീടുകള്‍ നിര്‍മ്മിക്കുന്നതിനു 4,11,79,967 രൂപ വകയിരുത്തി.
വനിത ഘടകപദ്ധതി, വൃദ്ധര്‍, വികലാംഗര്‍, ശിശുക്കള്‍ എന്നിവര്‍ക്കുള്ള പദ്ധതി, യുവവജനക്ഷേമത്തിനുള്ള പദ്ധതി എന്നിവയ്ക്കും തുക വകയിരുത്തി. നെല്‍കൃഷിക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനും പാടശേഖരങ്ങളുടെ ബണ്ട് ബലപ്പെടുത്തുന്നതിനും പശ്ചാത്തല മേഖലയില്‍ ആറു മീറ്റര്‍ വീതി ലഭ്യമായ റോഡുകള്‍ ഏറ്റെടുക്കുന്നതിനും തുക മാറ്റിവച്ചിട്ടുണ്ട്.
13,40,000 രൂപ ചെലവില്‍ മങ്കൊമ്പ് വെറ്റിനറി പോളിക്ലിനിക്കിന് കെട്ടിടം നിര്‍മ്മിച്ചു നല്‍കും. സമ്പൂര്‍ണ ശുചിത്വത്തിനായി ഇരുപതു ലക്ഷം രൂപയും സംയോജിത നീര്‍ത്തട പരിപാലന പരിപാടിക്കായി 2,45,00,000 രൂപയും വിലയിരുത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മോന്‍സി സോണി അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: