മഹര്‍ഷി വേദവ്യാസനും സ്വാമി വിവേകാനന്ദനും ആദിശങ്കരാചാര്യരും ചട്ടമ്പി സ്വാമികളും ശ്രീനാരായണ ഗുരുദേവനും തുടങ്ങി ഒട്ടനവധി ദാര്ശനികന്മാര് സമ്പന്നമാക്കിയ സനാതന ധര്‍മ പരമ്പരയിലെ മഹത്തായ കണ്ണി, സ്വജീവിതാനുഭവത്തിലെ ആദര്‍ശംകൊണ്ട് വിളക്കി ചേര്‍ത്ത സന്യാസി ശ്രേഷ്ഠനായിരുന്നു സ്വര്‍ഗീയ സ്വാമി ഋതാനന്ദപുരി. സനാതന ധര്‍മ്മമായ ഹിന്ദുത്വത്തിന്റെ പ്രചാരത്തിനും രാഷ്ട്രത്തിന്റെ വൈഭവത്തിനും തടസ്സമായി നിലകൊണ്ട നിരവധി പ്രശ്നങ്ങളുടെ ദൂരീകരണത്തിന് അദ്ദേഹം ജീവിതം സമര്‍പ്പിച്ചു. പല പ്രബല തത്വശാസ്ത്രങ്ങളും മനുഷ്യവര്‍ഗത്തെ ഉള്ളവനെന്നും ഇല്ലാത്തവനെന്നും തരംതിരിച്ച് ചിന്തിച്ചപ്പോള്‍ കണക്കുകൂട്ടലുകളെ തകിടം മറിച്ച് എല്ലാ സമ്പത്തും ജീവിതസുഖവും ഉപേക്ഷിച്ചുകൊണ്ട് ഭാരതീയ ദര്‍ശനത്തില്‍ അധിഷ്ഠിതമായ ത്യാഗജീവിതം നയിക്കുന്ന മറ്റൊരു കൂട്ടരുണ്ടെന്ന് ബോധ്യപ്പെടുത്തിയ കണ്ണികളില്‍ ഒരാളായിരുന്നു വിപ്ലവകാരിയായ ഋതാനന്ദപുരി സ്വാമികള്‍. അദ്ദേഹം അന്തര്‍ധാനം ചെയ്തിട്ട് ഈ മാര്‍ച്ച് 31-ാം തീയതി 15 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. അദ്ദേഹം ജനിച്ചിട്ട് 105 വര്‍ഷവുമാകുന്നു.
ചാലക്കുടിയില്‍ കൊച്ചി രാജാവിന്റെ പ്രതിപുരുഷനായി നാടുവാഴി അധികാരത്തില്‍പ്പെട്ട കോടശ്ശേരി ഇരുമ്പുംതോപ്പ് തറവാട്ടിലെ മൂപ്പില്‍ കുഞ്ഞുണ്ണി കര്‍ത്താവിന്റെയും പുത്തന്‍കാട്ടൂര്‍ ലക്ഷ്മിക്കുട്ടിയമ്മയുടേയും ആറാമത്തെ പുത്രനായി 15-03-1905 ല്‍ മീനമാസത്തിലെ ആയില്യം നക്ഷത്രത്തില്‍ സ്വാമിജി ജാതനായി. മാണിക്യമേനോന്‍ എന്നായിരുന്നു പൂര്‍വാശ്രമത്തിലെ പേര്. ആജാനു ബാഹുവായിരുന്ന അദ്ദേഹത്തിന്റെ ദേശഭക്തിയും സ്വധര്മ്മാവബോധവും ജന്മസിദ്ധമായിരുന്നു. കുഞ്ഞുണ്ണികര്ത്താവ്-ലക്ഷ്മിക്കുട്ടിയമ്മ ദമ്പതികള്‍ക്ക് ആറ് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമാണ് ഉണ്ടായിരുന്നത്. ആറാമത് മാണിക്യമേനോന്‍. കൂട്ടുകുടുംബ വ്യവസ്ഥയായിരുന്നു അന്ന്. ഈ വലിയ പുത്തന്‍കാട്ടൂര്‍ തറവാടിനെ അമ്മ ലക്ഷ്മിക്കുട്ടിയമ്മയാണ് നിയന്ത്രിച്ചിരുന്നത്. ബാലനായ മാണിക്യന് വലിയ വികൃതിയും സമര്‍ത്ഥനുമായിരുന്നു. പഠനത്തില്‍ ഏറെ മികവ് പുലര്‍ത്തിയിരുന്ന മാണിക്യന് സാധാരണ കുട്ടികള്‍ ചിന്തിക്കാത്ത തരത്തില്‍ ജീവകാരുണ്യ ധര്‍മ്മപ്രവര്‍ത്തനങ്ങളുടെ സംശയം അമ്മയോട് ചോദിക്കുക പതിവായിരുന്നു. അമ്മയോടുള്ള അതിരറ്റ സ്നേഹവും ആദരവും പ്രകടിപ്പിച്ചിരുന്ന മാണിക്യന് ഒരു ദിവസം ഒരു സംശയം ഉന്നയിച്ചു.
”അമ്മേ നമ്മുടെ ചുറ്റും താമസിക്കുന്ന ദുരിതവും കഷ്ടതയും അനുഭവിക്കുന്ന കുടിലില്‍ താമസിക്കുന്ന ആളുകള്‍ നമ്മുടെ വീട്ടില്‍ വരുമ്പോള്‍ അകലെ മുറ്റത്തെ വാഴത്തോപ്പില്‍ വച്ച് ഭക്ഷണം കൊടുക്കുന്നത് ശരിയാണോ” ഏഴ് വയസ്സുകാരന്റെ ചോദ്യം അമ്മയെ കുഴക്കി. ”മോനെ, അവര്‍ കുളിച്ച് ശുദ്ധമായിട്ടല്ല വരുന്നത്.” സമര്‍ത്ഥയായ അമ്മയുടെ മറുപടി കേട്ടയുടനെ ”ഞാന്‍ അവരോട് കുളിച്ചിട്ട് വരൂ എന്നുപറയും.” അവന് ഓടി പിന്നാക്ക സമുദായത്തില്‍പ്പെട്ട ചില കുടുംബത്തോട് കുളിച്ച് വന്നാല്‍ അകത്ത് കയറ്റാം എന്ന് അറിയിച്ചു. അന്നത്തെ നായര്‍ തറവാടുകളിലും മറ്റും നിലനിന്നിരുന്ന അയിത്താചാരത്തേയും ജാതി സമ്പ്രദായത്തേയും ചെറുപ്പം മുതല്‍ തന്നെ മാണിക്യന് ചോദ്യം ചെയ്തിരുന്നു.
1921 തന്റെ 16-ാമത്തെ വയസ്സില്‍ പത്താം ക്ലാസില്‍ ഉന്നതവിജയം കരസ്ഥമാക്കി. ഇക്കാലത്താണ് മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തില്‍ നിസ്സഹകരണ പ്രസ്ഥാനം രൂപമെടുക്കുന്നത്. ഭാരതത്തില്‍ ബ്രിട്ടീഷ് സര്‍ക്കാരുമായുള്ള നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി തീവണ്ടി മാര്‍ഗം അദ്ദേഹം എറണാകുളത്ത് വന്ന സമയത്ത് സ്കൂളിലെ ക്ലാസ് ഉപേക്ഷിച്ച് കൂട്ടുകാരോടൊത്ത് ഗാന്ധിജിയെ സ്വീകരിക്കാന്‍ മാണിക്യന് തയ്യാറായി. വളരെ ചെറുപ്പം മുതല്‍ക്കെ ദേശീയ വികാരം ഈ ബാലനില്‍ വളര്‍ന്നിരുന്നു.
യുവാവായിരിക്കെ ജോലി തേടി വളരെ സാഹസികമായി തന്നെ മലേഷ്യയിലേക്ക് പുറപ്പെട്ടു. അവിടെ ഒരു ചെറിയ ജോലിയോടൊപ്പം ബ്രിട്ടീഷ് കോളേജില്‍ എഞ്ചിനീയറിംഗ് കോഴ്സില്‍ ചേര്‍ന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് പരീക്ഷ പാസ്സായി. തുടര്‍ന്ന് മലേഷ്യന്‍ റെയില്‍വേയില്‍ എഞ്ചിനീയറായി. ഇതിനിടെ പരിയാരം അരിയംപറമ്പത്ത് കല്യാണിയമ്മയുടെ മകള്‍ ശാരദയുമായുള്ള വിവാഹം ആചാരപ്രകാരം നടത്തി. രണ്ട് ആണ്‍കുട്ടികള്‍ക്ക് ജന്മം നല്കി. ഡോക്ടര്‍മാരായ അവര്‍ ഇപ്പോഴും മലേഷ്യയില്‍ താമസിച്ചുവരുന്നു.
മലേഷ്യയിലെ തിരക്കുപിടിച്ച ജീവിതത്തിനിടയിലും അദ്ദേഹത്തിന്റെ മനസ്സില്‍ ഭാരതത്തിലെ സ്വാതന്ത്ര്യ സമരമുണ്ടായിരുന്നു. ഉദ്യോഗസ്ഥനായിരിക്കെ തന്നെ സ്വാതന്ത്ര്യസമരത്തെ സഹായിക്കുവാന്‍ മലയന്‍-ഇന്ത്യന്‍ കോണ്‍ഗ്രസ് സ്ഥാപിക്കുവാന്‍ അദ്ദേഹം മുന്‍കൈയെടുത്തു. സുഭാഷ് ചന്ദ്രബോസ്, റാസ് ബിഹാരി ബോസ്, രുഗ്മിണി അരുണ്ഡേല്, മഹാകവി വള്ളത്തോള്‍ തുടങ്ങിയ നിരവധി പേരുടെ ദേശഭക്തി തുളുമ്പുന്ന പ്രസംഗങ്ങള്‍ക്ക് മലേഷ്യയില്‍ വേദിയൊരുക്കി. 1931 ല്‍ വിപ്ലവകാരിയായ ഭഗത്സിംഗിനേയും കൂട്ടരേയും തൂക്കിലേറ്റുവാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ച കാലത്ത് ബലിദാനികളുടെ വൃദ്ധരായ മാതാപിതാക്കളെ സന്ദര്‍സിച്ച് ആശ്വസിപ്പിക്കുവാന്‍ പോലീസിന്റെ വിലക്കുകള്‍ ലംഘിച്ച് വേഷം മാറി അദ്ദേഹം ലാഹോര്‍ സന്ദര്‍ശിച്ചു. ഭാരിച്ച ഉദ്യോഗത്തോടൊപ്പം ഭാരതസ്വാതന്ത്ര്യ ഭടനായി സ്വയം പ്രവര്‍ത്തിക്കുവാന്‍ തുടങ്ങി. 1950 ആയപ്പോഴേക്കും അദ്ദേഹത്തിന് വളരെ നല്ല സാമ്പത്തികസ്ഥിതി ആയിക്കഴിഞ്ഞിരുന്നു. സഹധര്‍മിണി മക്കളുടെ എല്ലാ കാര്യവും ഭംഗിയായി നിര്‍വഹിക്കുന്നുണ്ടെന്ന് ബോധ്യപ്പെട്ടു. ഇനി തന്റെ ജീവിതം പൂര്‍ണമായും സമാജസേവനത്തിന് അര്‍പ്പിക്കണമെന്ന ദൃഢനിശ്ചയത്തോടെ സന്യാസം സ്വീകരിക്കുവാന്‍ തീരുമാനിച്ചു.
1960 ല്‍ തന്റെ 55-ാം വയസ്സില്‍ സന്യാസ ജീവിതം ആരംഭിച്ചു. കല്‍ക്കത്തയിലെ ദക്ഷിണേശ്വരത്തുള്ള ശ്രീരാമകൃഷ്ണ ആശ്രമത്തിലെ സ്വാമി യതീശ്വരാനന്ദയില്നിന്നും മന്ത്രദീക്ഷ സ്വീകരിച്ച് മാണിക്യമേനോന്‍ സ്വാമി ഋതാനന്ദപുരിയായി. കാശിയില്‍ താമസിച്ച്് പ്രസിദ്ധ വേദജ്ഞനായ കാശിനാഥദ്വിവേദിയില് നിന്ന് വേദപഠനം നടത്തി. മനോഹരമായ ഗംഗാ തീരത്ത് മണികര്ണികാഘട്ടിനടുത്ത് സ്വന്തമായി കുറച്ച് സ്ഥലവും അതില്‍ ആശ്രമവും സ്ഥാപിച്ചു. നരസിംഹമഠം എന്നായിരുന്നു ആശ്രമത്തിന്റെ പേര്. അങ്ങനെ മഠാധിപതിയും ആയി. കുറച്ചുവര്‍ഷങ്ങള്‍ക്ക് ശേഷം ഈ സ്ഥലവും മഠവും വിശ്വഹിന്ദുപരിഷത്തിന് ദാനമായി കൈമാറി. പിന്നീട് കേരളത്തിലെത്തിയ അദ്ദേഹം വടക്കാഞ്ചേരി പര്‍ളിക്കാട് ജ്ഞാനാശ്രമത്തിന്റെ മഠാധിപതിയായി തപസ്സ് തുടര്‍ന്നു. ഇക്കാലത്താണ് പണ്ടുകാലത്തെ ബ്രാഹ്മണര്‍ക്കിടയില്‍ മാത്രം പ്രചാരത്തിലുണ്ടായിരുന്ന വേദമന്ത്രമായ ചെവിയിലോത്ത് എന്നറിയപ്പെടുന്ന ‘പവമാനസൂത്രം’ മുഴുവന്‍ ഹിന്ദുസമാജത്തിനും ഉപകാരപ്രദമാകണമെന്ന വിപ്ലവകരമായ ചിന്തയോടെ സ്വാമി ഋതാനന്ദപുരി ശ്ലോകസഹിതം വ്യാഖ്യാനിച്ച് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചത്.
താന്‍ ജനിച്ചു വളര്‍ന്ന ഒരേക്കറില്‍ പരം വിസ്തീര്‍ണമുള്ള വിശാലമായ പറമ്പും തറവാട്ട് കെട്ടിടവും ധാര്‍മിക സേവന പ്രവര്‍ത്തനങ്ങള്‍ക്കായി രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ മാര്‍ഗദര്‍ശനത്തിലുള്ള ചാലക്കുടിയിലെ ജഗദ്ഗുരു ട്രസ്റ്റിന് അദ്ദേഹം ദാനമായി നല്കി. ഇന്നവിടെ അറിയപ്പെടുന്ന ഒരു സേവന കേന്ദ്രമായി പുത്തന്‍ കാട്ടൂര്‍ ലക്ഷ്മിക്കുട്ടിയമ്മ സ്മാരക സേവാ കേന്ദ്രവും വിവേകാനന്ദ ബാല വികാസ കേന്ദ്രവും മാതൃകാപരമായി പ്രവര്‍ത്തിച്ചുവരുന്നു.
കുറച്ചുവര്‍ഷങ്ങള്‍ക്കുശേഷം സ്വാമിജി വീണ്ടും കല്‍ക്കത്തയിലെ ദക്ഷിണേശ്വരത്തെ ഗോപാലാന്ദ സ്വാമികളുടെ ആശ്രമത്തില്‍ വിശ്രമിച്ചുവരവേ പ്രായാധിക്യത്താല്‍ രോഗബാധിതനായി ആ വിപ്ലവകാരിയായ യോഗീശ്വരന് 2000 മാര്‍ച്ച് 16-ാം തീയതി തന്റെ 95-ാം വയസ്സില്‍ ഈ ലോകത്തോട് വിട പറഞ്ഞു. സ്വാതന്ത്ര്യസമര സേനാനി, ബഹു ഭാഷാ പണ്ഡിതന്, തത്വജ്ഞാനി, വാഗ്മി, ചിന്തകന്‍, പ്രഗത്ഭ വിഷ ചികിത്സകന്, നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവ് ഇതെല്ലാമായിരുന്നു സ്വാമിജി. എന്നാല്‍ അതിലുപരി മനുഷ്യമനസ്സുകളെ മനസ്സിലാക്കുകയും സാമീപ്യംകൊണ്ട് ശാന്തിയുടെ ദിവ്യത നമ്മിലേക്ക് സന്നിവേശിപ്പിക്കുകയും ചെയ്ത ആദ്ധ്യാത്മിക തേജസ്സായിരുന്നു അദ്ദേഹം. യുഗങ്ങളായി ഹൈന്ദവ ഹൃദയങ്ങളില്‍ എരിഞ്ഞു നീറിക്കൊണ്ടിരുന്ന അനശ്വരങ്ങളായ തീക്കനലുകളെ ഊതിപ്പൊലിപ്പിച്ച് വിപ്ലവകാരിയും ദേശഭക്തനുമായ ആ യോഗീശ്വരന് ജീവിച്ചു.
എല്ലായ്പ്പോഴും അധരങ്ങളില്‍ ഒരു പുഞ്ചിരി കരുതിവെയ്ക്കുകയും ഹൃദയത്തില്‍ കലവറയില്ലാത്ത പ്രേമഭാവന ഊട്ടിയുറപ്പിക്കുകയും വൈയക്തിക ജീവിതത്തെ സമാജത്തിനര്പ്പിക്കുന്ന ഒരുപഹാരമായി ദര്‍ശിക്കുകയും ചെയ്ത ആ ദിവ്യ തേജസ്സ് ഓര്‍മകളിലേക്ക് മടങ്ങിയിട്ട് 15 വര്‍ഷം തികയുന്നു. ഭാരതത്തിന്റെ ചിരപുരാതനമായ സാംസ്കാരിക ചൈതന്യത്തെ ലക്ഷാവധി ജനമനസ്സുകളില്‍ ഉണര്ത്തിയെടുക്കുന്നതിനായി സ്വജീവിത പുഷ്പം സമര്‍പ്പണം ചെയ്ത വിപ്ലവകാരിയായ ആ മഹായോഗീശ്വരന്റെ പാദാരവിന്ദങ്ങളില്‍ പ്രണമിച്ചുകൊണ്ട് ആയിരമായിരം ശ്രദ്ധാഞ്ജലികള്‍ അര്‍പ്പിക്കട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: