വായും നാവും സൂക്ഷിക്കുന്നവന് തന്റെ പ്രാണനെ കഷ്ടത്തില്‍ നിന്നും സൂക്ഷിക്കുന്നു-ബൈബിള്‍
കൈയില്‍ നിന്ന് വീണുപോയത് എടുക്കാം. എന്നാല്‍ വായില്‍ നിന്ന് വാക്കുവീണുപോയാല് പ്രശ്നമാണ്. ലോകത്തെ ഒരുവിധപ്പെട്ട ദുരന്തങ്ങള്‍ക്കൊക്കെ കാരണം വായില്‍ നിന്ന് വീണുപോയ ഈ ആയുധം തന്നെയാണ്. അത് നന്നായി ഉപയോഗിക്കാന്‍ അറിയുന്നവര്‍ ലോക പ്രശസ്തരായിട്ടുണ്ട് എന്ന കാര്യം വേറെ. നമ്മുടെ നിയമസഭയില്‍ ഉണ്ടായ അഴിഞ്ഞാട്ടവും അതിന് തടയിടാന്‍ ചിലര്‍ നടത്തിയ തിറയാട്ടവും സാമൂഹികാന്തരീക്ഷത്തെ ഇപ്പോഴും കീഴ്മേല്‍ മറിച്ചുകൊണ്ടിരിക്കുകയാണ്. മഴ പെയ്തുകഴിഞ്ഞാല്‍ പിന്നെ മരം പെയ്യുന്ന സ്ഥിതിയുണ്ടല്ലോ. അതാണിപ്പോള്‍ നടക്കുന്നത്. കടിച്ചതിനെക്കാള്‍ വലുത് മാളത്തിലുണ്ട് എന്നതുപോലെയാണ് സംഭവഗതികള്‍. നിയമസഭാസാമാജികര്‍ എന്തൊക്കെ ചെയ്യണം, ചെയ്തുകൂട എന്നതിനെക്കുറിച്ച് വിവരിക്കുന്ന ശാക്തര്‍ ആന്റ് കൗള്‍ പുസ്തകം കൈവശം കരുതിയല്ലായിരുന്നല്ലോ 2015 മാര്‍ച്ച് 13ന് സഭയിലെ കളരിയഭ്യാസങ്ങള്‍.
മാനംമര്യാദയ്ക്ക് കാര്യങ്ങള്‍ തീരേണ്ടതായിരുന്നു. എന്നാല്‍ മാലപ്പടക്കത്തില് തീപ്പൊരി വീണ മട്ടിലായി സ്ഥിതിഗതികള്‍. വനിതാസാമാജികരെ ചിലര്‍ കൈകാര്യം ചെയ്തതിനെ പൊടിപ്പും തൊങ്ങലും ചാര്‍ത്തി വീശിയപ്പോള്‍ മുറിവില്‍ മുളകരച്ച് തേച്ച നില. എല്ലാവരെയും പോലെ സഭയിലെ കൈയാങ്കളികള്‍ ചതുരപ്പെട്ടിയില്‍ കണ്ട കോഴിക്കോട്ടെ കോണ്‍ഗ്രസ് നേതാവ് എരിവും പുളിയും മസാലയും ചേര്‍ത്ത് അതങ്ങ് വിളമ്പി. കൈയടിക്കാന്‍ മുമ്പില്‍ ആളെ കിട്ടിയാല്‍ ചില വിദ്വാന്മാര്ക്ക് വെളിവും വെള്ളിയാഴ്ചയും ഉണ്ടാവില്ല എന്നതത്രേ വസ്തുത. ഒരു തരത്തിലുള്ള ആക്ഷേപമൊക്കെ കഴിഞ്ഞ് നേരം പുലര്‍ന്നു വരുമ്പോഴാണ് വനിതാസാമാജികരെ അപമാനിക്കുന്ന തരത്തില്‍ കോണ്‍ഗ്രസ് നേതാവ് ചിലതൊക്കെ തട്ടിവിട്ടത്. കേട്ടവര്‍ കേട്ടവര്‍ ആയത് പൊലിപ്പിച്ചതോടെ അബുക്കയെന്ന നേതാവ് വെട്ടിലായി. കോണ്‍ഗ്രസ് നേതാക്കളും കൂടി വാളും പരിചയുമായി ഇറങ്ങിയതോടെ നില്ക്കക്കള്ളിയില്ലാതായ ഇക്ക എല്ലാം പിന്‍വലിച്ച് മാപ്പിരന്നുവെന്നാണ് പിന്നാമ്പുറ വര്‍ത്തമാനം. അതാണ് പറഞ്ഞത് വായും നാക്കും സൂക്ഷിക്കുന്നവര്‍ തന്റെ പ്രാണനെ കഷ്ടത്തില്‍ നിന്ന് സൂക്ഷിക്കുന്നുവെന്ന്. എന്തു നെറികേട് പറഞ്ഞാലും അതിലൊരു ലോജിക്കുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നവര്‍ മനുഷ്യന് മൃഗത്വത്തിലേക്ക് കൂപ്പുകുത്തുകയാണെന്ന് സമ്മതിക്കുകയാണ്. അത് ശരിയല്ല. ഏതായാലും അബുക്കയുടെ താണ്ഡവം മാതൃഭൂമിയിലെ ഗോപീകൃഷ്ണന് നാലഞ്ചു വരകള്‍ കൊണ്ട് കോറിയിട്ടത് കണ്ടാല്‍ ചിരിയെക്കാള്‍ കൂടുതല്‍ ചിന്തിക്കാം.
ആദര്‍ശമില്ലാത്ത മനുഷ്യന് വഴിതെറ്റിയ കപ്പല്പോലെയാണെന്നു പറഞ്ഞതു മഹാത്മാഗാന്ധിയാണ്. ആദര്‍ശം മറക്കുന്ന ചില കോണ്‍ഗ്രസ്സുകാര്‍ക്കുള്ള മുന്നറിയിപ്പുപോലെയായിരുന്നോ ആ വാക്കുകള്‍? വിവരവും വിവേകവുമുള്ള നേതാക്കളെ മാത്രം ജനങ്ങള്‍ അംഗീകരിക്കുന്ന കാലമാണിത്. ജനകീയമായ ആ അംഗീകാരവും ആദരവും തുടര്‍ന്നും നിലനിര്‍ത്തണമെങ്കില്‍ സ്ത്രീനിന്ദയുടെയും വിദ്വേഷത്തിന്റെയും അവഹേളനത്തിന്റെയും വാക്കുകള്‍ രാഷ്ട്രീയ നേതാക്കളുടെ ശൈലിയായിക്കൂടാ. ഏതു സാഹചര്യത്തിലും ആത്മനിയന്ത്രണം കൈവെടിയാത്തവര്‍ക്കും സംസ്കാരമുള്ള ഭാഷ ഉപയോഗിക്കുന്നവര്‍ക്കും മാത്രമേ നേതാവ് എന്ന സ്ഥാനത്തിന് അര്‍ഹതയുള്ളൂ എന്നാണ് കോണ്‍ഗ്രസ്സിനുവേണ്ടി കണ്ണിലെണ്ണയൊഴിച്ച് സദാ അക്ഷരപ്പെയ്ത്തു നടത്തുന്ന കോട്ടയം മുത്തശ്ശി പറയുന്നത്. അവരുടെ മാര്‍ച്ച് 23ന്റെ ലക്കത്തിലെ മുഖപ്രസംഗത്തിന്റെ മുഖ്യതലക്കെട്ട് ഇതാ: നാവിനുമുണ്ട് ലക്ഷ്മണരേഖ. ഇടത്തലക്കെട്ട് ഇങ്ങനെ: പൊതുപ്രവര്‍ത്തകര്‍ അന്തസ്സുവെടിയരുത്. മനോരമയ്ക്കു പോലും ഇത്തരമൊരു തിരിച്ചറിവിലേക്ക് കോണ്‍ഗ്രസ്സുകാരെ ക്ഷണിക്കണമെന്നു തോന്നിയെങ്കില്‍ പന്തികേട് അത്ര ചെറുതല്ലെന്ന് സാരം. ഇനിയെങ്കിലും വാക്കും നോക്കും നോക്കി ജീവിച്ചാല്‍ പ്രാണന് അപകടം പറ്റാതെ നോക്കാം എന്നു മാത്രമേ പറയാനുള്ളൂ. അതിന് മുട്ടിപ്പാടി പ്രാര്‍ത്ഥിക്കാനുള്ള വാക്യം നടേതന്നെ സൂചിപ്പിച്ചിട്ടുണ്ട്.
ഞാന്‍ നിന്നോട് എല്ലാത്തിനെക്കുറിച്ചും വ്യക്തമായി പറഞ്ഞു തന്നിട്ടുണ്ട്. ഇനി നീ യുക്ത്യനുസരണം കാര്യങ്ങള്‍ ചെയ്യുക എന്നാണ് കുരുക്ഷേത്ര യുദ്ധത്തിന്റെ തുടക്കത്തില്‍ വില്ലാളിവീരനായ അര്ജുനനോട് കൃഷ്ണന് ഉപദേശിക്കുന്നത്. ലോകത്തുള്ള സകല വില്ലാളിവീരന്മാര്‍ക്കും അല്ലാത്തവര്‍ക്കും ആയത് ബാധകമാണ്. പക്ഷേ, ഒരു പ്രശ്നമുള്ളത് എന്തെന്നുവെച്ചാല്‍ എന്താണ് പറയുന്നത് എന്നതിനെക്കുറിച്ച് ബോധ്യമുണ്ടാവണം. പിന്നീട് അത് തന്റെ ബുദ്ധിശക്തിക്കൊത്തവണ്ണം മനനം ചെയ്യണം. ശേഷം നടപ്പില്‍വരുത്തണം. ഇതൊക്കെ സാമാന്യം വിവരവും വിവേകവും ഉള്ളവര്‍ക്ക് പറഞ്ഞിട്ടുള്ളതാണ്. എന്നാല്‍ മുന്‍വിധി, ദുഷ്ടലാക്ക്, ഒളിവിദ്യ, പരദ്രോഹം, വിവരക്കേട് എന്നിവയുടെയൊക്കെ മൂര്ത്തിമദ്ഭാവമായവര്ക്ക് ഇത് സാധിക്കില്ല. അവര്‍ക്ക് കണ്ണിച്ചൂരല്കൊണ്ട് കണ്ണും മൂക്കും നോക്കാതെ കണക്കിന് കൊടുക്കുകയേ നിവൃത്തിയുള്ളൂ. അങ്ങനെ കിട്ടാന്‍ സര്‍വഥാ യോഗ്യനായിത്തീരുന്നു നമ്മുടെ പെരുമ്പടവത്തെ ശ്രീധരന്. ആള് വല്യ പുള്ളിയാണ്. കഥയെഴുതാനറിയാം, നോവല്‍ അതിമനോഹരമായി രചിക്കാനറിയാം, നാലാളുകൂടുന്നിടത്ത് വിടുവായത്തം പറയാനും.
തൃശൂര്‍ മുളങ്കുന്നത്തുകാവ് നടന്ന മാനവസംസ്കൃതി സംസ്ഥാനതല നേതൃത്വ പരിശീലനക്യാമ്പില്‍ അദ്ദേഹം വന്ന് ചില ഉദീരണങ്ങള്‍ നടത്തി. ആള് വല്യസാഹിത്യകാരനായതുകൊണ്ട് രാഷ്ട്രീയക്കാര്‍ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം പട്ടും വളയും നല്കി ഏല്‍പ്പിച്ചുകൊടുത്തിരിക്കുകയാണല്ലോ. അങ്ങനെ വരുമ്പോള്‍ യജമാന സ്നേഹം പരമകാഷ്ഠയിലെത്തും. അതിന്റ വിശ്വരൂപമാണ് ആ ക്യാമ്പില്‍ കണ്ടത്. ഭഗവദ്ഗീതയുടെ അന്തഃസത്ത നാം വിചാരിച്ചുവെച്ചതൊന്നുമല്ലെന്ന് ടിയാന് സമര്‍ത്ഥിക്കുന്നു. ഇതാ ആ ബഹുമാനിതന്റെ വാക്കുകളില്‍ ചിലത്: ഭഗവദ്ഗീതയുടെ അന്തഃസത്ത യുദ്ധമാണ്. അതിന് മാനവസ്നേഹത്തെ ഉയര്‍ത്തിപ്പിടിക്കാനോ രക്ഷിക്കാനോ ആകില്ല. യുദ്ധത്തിന് ഒരിക്കലും ധര്‍മ്മത്തെ രക്ഷിക്കാനാകില്ല. അധഃസ്ഥിതനുമേല്‍ അടിമത്വത്തിന്റെ രേഖ വരയ്ക്കുകയാണ് ഗീത ചെയ്തത്. ഈ മഹാവിദ്വാന്‍ ആധുനികകാലത്തിന്റെ മഹാരക്ഷകനായി ആരെയൊക്കെയാണ് ദുഃഖ ദുരിതത്തില്‍ നിന്ന് കരകയറ്റുന്നതെന്ന് നമുക്കറിഞ്ഞുകൂട. ലോകം മുഴുവന്‍ ഗീതാസന്ദേശത്തിന്റെ പ്രസക്തിയെക്കുറിച്ച് ഗവേഷണവും പഠനവും നടക്കുമ്പോഴാണ് പെരുമ്പടവത്തെ വിദ്വാന് ഗീതക്കെതിരെ പെരുമ്പറയുമായി സില്‍ബന്തികളെ സുഖിപ്പിക്കാനായി ഇറങ്ങിത്തിരിച്ചിരിക്കുന്നത്. ഒരുപക്ഷേ, നമുക്കൊരു പുതുസങ്കീര്ത്തന ഗീത ടിയാനില്‍ നിന്ന് കിട്ടിയേക്കാം. അതിന് നോബല്‍ പുരസ്കാരവും ലഭ്യമായേക്കാം. പഴയ ഗീത യുദ്ധത്തിനുള്ള ആഹ്വാനമാവുമ്പോള് പുതുഗീത സമാധാനത്തിനുള്ളതാവുമല്ലോ. പ്രണയം ഹൃദയത്തിലേക്കും പ്രേമം ശരീരത്തിലേക്കും നോക്കുമെന്നൊരു പക്ഷമുണ്ട്. പെരുമ്പടവത്തെ വിദ്വാന് ഗീതയെ എങ്ങനെയാണ് നോക്കിയതെന്ന് ആര്‍ക്കറിയാം. ചിലര്‍ക്ക് ചിലത് കിട്ടിയാലേ തോന്നേണ്ടത് തോന്നൂ എന്ന് എന്റെ നാട്ടിലെ കുമാരേട്ടന് പറഞ്ഞത് എത്ര ശരി!
ഒരു മാറ്റം ആരാണ് ആഗ്രഹിക്കാത്തത്! നമ്മുടെ രാജകുമാരന് അങ്ങനെ ആഗ്രഹിച്ചതിന് പഴി ഏറെ കേട്ടു. എന്നാല്‍ മ്യാന്മറില് ജപവും ധ്യാനവുമായി വര്‍ധിതവീര്യനായ പുമാന് തിരിച്ചെത്തുമെന്ന് വാത്സല്യപൂര്‍വം കോട്ടയം മുത്തശ്ശിയുടെ പായ്യാരം. മാര്‍ച്ച് 23ന്റെ പത്രത്തില്‍ ഒന്നാംപുറത്ത് പെട്ടിക്കൂടില്‍ ആയത് കാണാം. എന്ത് ധ്യാനമാണെന്നും അതിന്റെ ഗുണഗണങ്ങള്‍ എന്തൊക്കെയെന്നും വിശദമായി വിളമ്പിയിരിക്കുന്നു. കണ്ട് പഠിക്കാത്തവനു വേണ്ടിയുള്ള കൊണ്ട്പഠിപ്പ് അതികേമം. ലോകത്തെ സ്വാധീനശക്തിയുള്ള 20 പേരില്‍ രണ്ടാമന് നമ്മുടെ നരേന്ദ്രമോദിയാണെന്ന വാര്‍ത്തയ്ക്ക് 20 പേരില്‍ നരേന്ദ്രമോദിയും എന്ന് ഏതോ കാണാപേജിലെ കാണാമൂലയില്‍ ഒതുക്കിയ പത്രാധിപ ധര്‍മ്മമേ രാജകുമാരനോടുള്ള വാത്സല്യത്തിന് ഇതാ ഒരു താമരമൊട്ട്. എ.ഒ. ഹ്യൂമും ആനിബസന്റും ഭാരത സംസ്കൃതിയുടെ പരിപൂത വഴികളില്‍ സ്വയാര്‍പ്പണം നടത്തിയെങ്കില്‍ രാജകുമാരന് അതൊന്നും പഥ്യമായില്ല. ഒരു മാറ്റം ആരാണിഷ്ടപ്പെടാത്തത് അല്ലേ? ഏതായാലും കോട്ടയം മുത്തശ്ശി കേന്ദ്രഭരണക്കാര്‍ക്ക് ഒരു ഓര്‍മപ്പെടുത്തലായാണ് മേപ്പടി വാര്‍ത്ത നല്കിയതെങ്കില് കിടക്കട്ടെ ഒരു കൈ അവര്‍ക്കും!
പ്രതികരിക്കാൻ ഇവിടെ എഴുതുക: