കോട്ടയത്തിനടുത്ത് കുമാരനല്ലൂര്‍ എന്ന ക്ഷേത്ര സങ്കേതം അതിപ്രശസ്തമാണല്ലൊ. അവിടത്തെ ഭഗവതീക്ഷേത്രം തന്നെയാണ് ഹിന്ദു സമൂഹത്തിന്റെ കേന്ദ്രബിന്ദു. ആ ക്ഷേത്രമാകട്ടെ ഒട്ടേറെ സവിശേഷതകളുള്ളതുമാകുന്നു. ഐതിഹ്യമാലയില്‍ കൊട്ടാരത്തില്‍ ശങ്കുണ്ണി വളരെ രസകരമായ വിധത്തിലാണ് ദേവീക്ഷേത്രത്തിന്റെ കഥ വിവരിക്കുന്നത്. അതൊരു കയ്യേറ്റം കൂടിയായിരുന്നു. അതീതകാലത്തെന്നോ ഒരു രാജാവ് തെക്കുംകൂര്‍ ആയിരിക്കണം ദേവിയേയും സുബ്രഹ്മണ്യനേയും പ്രതിഷ്ഠിക്കാനുദ്ദേശിച്ചുകൊണ്ടു മനോഹരമായ രണ്ടുക്ഷേത്രങ്ങള്‍ പണിയിച്ചുവത്രെ. സുബ്രഹ്മണ്യനുവേണ്ടി കുമാരനല്ലൂരും ദേവിക്കുവേണ്ടി ഉദയനായകിപുരത്തും. പക്ഷേ ദേവി മധുരയില്‍നിന്ന് ഓടിവന്ന് ആദ്യം കണ്ടക്ഷേത്രത്തില്‍ കയറിക്കൂടിയിരുന്നു. അതുകണ്ട് ”ഓടിവന്ന കുമാരനല്ലൂര്‍ കാര്‍ത്യായനീ ശരണമെന്നിഹ കൈതൊഴുന്നേന്‍” എന്ന കീര്‍ത്തനശ്ലോകവും ഒരജ്ഞാത കവി നിര്‍മിച്ചു. സുബ്രഹ്മണ്യന്റെ വിഗ്രഹം ഉദയനായകിപുരം ക്ഷേത്രത്തിലും പ്രതിഷ്ഠിച്ചുവത്രെ. അങ്ങനെ വൈക്കത്തപ്പന്റെ പുത്രനായി സുബ്രഹ്മണ്യന് അവിടെയെത്തി.
കുമാരനല്ലൂര്‍ ക്ഷേത്രത്തെപ്പറ്റി മാധവജി പറഞ്ഞ ഒരു പ്രത്യേകത ശ്രദ്ധേയമാണ്. ആ ക്ഷേത്രത്തിന്റെ ശ്രീകോവില്‍ ശ്രീചക്രത്തിന്റെ ത്രിമാനവിക്ഷേപമാണത്രേ. ശ്രീചക്രസ്വരൂപത്തിലുള്ള ഏറ്റവും വലിയ ക്ഷേത്രം കമ്പോഡിയയിലെ അങ്കോര്‍വാത് (ഓങ്കാരവത്) ക്ഷേത്രമാണെന്നും മാധവജി പറഞ്ഞുതന്നു. ഏതാണ്ട് ആയിരം വര്‍ഷക്കാലം വിസ്മൃതമായിക്കിടന്ന ആ ക്ഷേത്രം ഡച്ച് അധിനിവേശക്കാലത്ത്, അവരുടെ ചരിത്ര അന്വേഷകരാണ് കണ്ടെത്തിയത്. ഒരു മൈല്‍ ചുറ്റളവില്‍ വ്യാപിച്ചു കാടുപിടിച്ച കിടന്നിരുന്ന ആ സമുച്ചയത്തെ അവര്‍ പര്യടനകേന്ദ്രമാക്കി. കമ്പോഡിയയില്‍ സമാധാനം നിലവില്‍ വന്നശേഷം ഐക്യരാഷ്ട്രസഭയുടെ ലോകപൈതൃക പുനരുദ്ധാരണ ശ്രമങ്ങളുടെ ഭാഗമായി ഭാരതീയ ശില്പ വിദഗ്ദ്ധരുടെ സഹായത്തോടെ ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് ഏതാണ്ട് പൂര്‍വസ്ഥിതിയിലേക്കു കൊണ്ടുവന്നു.
കുമാരനല്ലൂര്‍ ക്ഷേത്രത്തെപ്പറ്റിയാണല്ലോ തുടങ്ങിയത്. അവിടെ സംഘശാഖ ആരംഭിച്ചത് രാ വേണുഗോപാല്‍ കോട്ടയത്ത് പ്രചാരകനായിരുന്ന കാലത്താണെന്ന് കേട്ടിട്ടുണ്ട്. കോട്ടയത്തെ ബാലഭാസ്കരന്‍ ചേട്ടനും വേണുവേട്ടനും കൂടി നടന്നായിരുന്നു മിക്കവാറും പോക്ക്. പിന്നീട് കുറേക്കാലത്തു ആ ശാഖ നിര്‍ജീവമായെങ്കിലും പഴയ സ്വയംസേവകര്‍ പലരും ഉള്ളിലെ തീ കെടാതെ സൂക്ഷിച്ചവരായി ഉണ്ടായിരുന്നു. 1965-66 കാലത്ത് കെ.മാധവന് ഉണ്ണി കോട്ടയത്തെ പ്രചാരകനായിരിക്കെ അവിടുത്തെ പ്രവര്‍ത്തനങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമം നടന്നു. ഉണ്ണി മുഖ്യമായും സിഎംഎസ് കോളേജിലെ വിദ്യാര്‍ത്ഥികളെയാണ് ലക്ഷ്യം വച്ചത്. കുമാരനല്ലൂരിലെ മാത്രമല്ല അനേകം സ്ഥലങ്ങളില്‍നിന്നുള്ള വിദ്യാര്‍ത്ഥികളെ സംഘത്തിന്റെ മണ്ഡലത്തിലേക്കു കൊണ്ടുവരാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. കുമ്മനം രാജശേഖരന്, ഏറ്റുമാനൂര്‍ രാധാകൃഷ്ണന്, പരേതനായ കെ.എന്‍.മേനോന് തുടങ്ങി പിന്നീട് പ്രശസ്തരായ ഒട്ടേറെ പേരെ അതില്‍പ്പെടുത്താം.
മലയാള പത്രലോകത്തെ അവിസ്മരണീയനായ ആര്.കെ.കര്‍ത്താ (മുന്‍ ദേശബന്ധു പത്രാധിപര്‍) അക്കാലത്തു കുമാരനല്ലൂരാണ് താമസിച്ചത്. കര്‍ത്താവും ഉണ്ണിയുമായുള്ള അടുപ്പം കുമാരനല്ലൂരിലേക്കു വീണ്ടും കടന്നുചെല്ലാന്‍ അവസരമുണ്ടാക്കി. അദ്ദേഹത്തിന്റെ മകനും (പേര് മറന്നു) മറ്റുചില കൂട്ടുകാരുമൊത്ത് അവിടുത്തെ ദേവസ്വം വക സ്കൂളില്‍ ശാഖ നടത്താനുള്ള അവസരമുണ്ടായി. ദേവസ്വം ഊരാണ്മ ദേവസ്വം ബോര്‍ഡിന്റെ പ്രമുഖ ക്ഷേത്രമാണ്. അവരുടെ തന്നെയാണ് സ്കൂളും. 1966 ല്‍ അവിടെ പ്രാഥമിക ശിക്ഷാ ശിബിരം നടത്താനുള്ള അനുമതിയും മാധവനുണ്ണി സമ്പാദിച്ചു. സംഘപ്രവര്‍ത്തനം കേരളത്തിലാകെ ദുര്‍ബലമായിരുന്ന ആ ഘട്ടത്തില്‍ ശിബിരത്തില്‍ പരിശീലനത്തിന് 20 പേര് തന്നെ തികച്ചുണ്ടായിരുന്നില്ല. പക്ഷേ ഭാസ്കര്‍ റാവുജി, ഹരിയേട്ടന്, ബാബാ സാഹിബ് ആപ്ടേജി തുടങ്ങിയ മുതിര്‍ന്ന അധികാരിമാര്‍ പങ്കെടുത്തതിനാല്‍ ശിക്ഷാര്‍ത്ഥികള്‍ക്ക് അത് അമൂല്യമായ അനുഭവങ്ങള്‍ നല്കി.
ആര്.കെ. കര്‍ത്താ നേരത്തെ തന്നെ ഉറച്ച സംഘാനുഭാവി ആയിരുന്നു. ശക്തനായ ഹിന്ദുത്വാഭിമാനിയുമായിരുന്നു. അദ്ദേഹത്തിന്റെ ലേഖനങ്ങളുടേയും മുഖപ്രസംഗങ്ങളുടെയും മൂര്‍ച്ച തുളച്ചു കയറാത്ത മേഖലകളുണ്ടായിരുന്നില്ല. പേപ്പര്‍കട്ടിങ്ങുകളുടെ മഹാശേഖരം തന്നെ അദ്ദേഹം സൂക്ഷിച്ചു. അക്കാര്യത്തില്‍ കര്‍ത്താസാറിനോടു കിടപിടിക്കാന്‍ കണ്ണൂരിലെ പി.വി.കെ.നെടുങ്ങാടിയേ ഉണ്ടായുള്ളൂ. ജന്മഭൂമിയുടെ ഉറ്റസഹായി ആയിരുന്ന പെരുന്ന കെ.എന്‍.നായരെയും കൂടി ഉള്‍പ്പെടുത്താം.
അടിയന്തരാവസ്ഥക്കുശേഷമുണ്ടായ സംഘത്തിന്റെ വളര്‍ച്ചയില്‍ കുമാരനല്ലൂരും പിന്നിലല്ല.അവിടുത്തെ സ്കൂള്‍ നിരവധി സംഘപരിപാടികള്‍ക്കുവേദിയായി. കോട്ടയത്തെ പഴയ പ്രവര്ത്തകന് ശിവദാസ് ക്ഷേത്രത്തിനടുത്ത് താമസമാക്കി. അദ്ദേഹത്തിന്റെ പുത്രി രാഷ്ട്രസേവികാ സമിതിയുടെ പ്രവര്‍ത്തകയുമായി. സമിതിയുടെ ഒരു പ്രാന്തീയ ശിബിരവും അവിടെ നടന്നുവെന്നാണോര്‍മ.
സംഘത്തിന്റെ ഏതാനും നിര്‍ണായകമായ പ്രാന്തീയ ബൈഠക്കുകളും സ്കൂളില്‍ നടത്തപ്പെട്ടു. കേന്ദ്രത്തില്‍ അടല്‍ജിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം നിലവില്‍ വന്ന 1998 ല്‍ നടന്ന ഒരു ബൈഠകില്‍ അന്ന് സഹസര്‍കാര്യവാഹ് ആയിരുന്ന മദന്‍ദാസ്ജി സ്വയംസേവകര്‍ക്ക് നല്കിയ ഉപദേശം അവിസ്മരണീയമായിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ പ്രമുഖകക്ഷിയായി ബിജെപിയുടെ നേതാക്കള്‍ സ്വയംസേവകരാണെന്നതുകൊണ്ട്, ആരും അമിതമായ പ്രതീക്ഷകള്‍ പുലര്‍ത്തരുതെന്നും കോണ്‍ഗ്രസുകാരെയും മറ്റു കക്ഷികളേയുംപോലെ വ്യക്തിപരമായ കാര്യസാധ്യത്തിനായി ഈ പരിതസ്ഥിതിയെ ഉപയോഗിക്കാന്‍ ശ്രമിക്കരുതെന്നും അദ്ദേഹം ഉപദേശിച്ചു.
ഇത്രയും കുമാരനല്ലൂരിനെക്കുറിച്ച് വിവരിക്കാന്‍ കാരണം അടുത്തകാലത്തുണ്ടായ ഒരു ദാരുണ സംഭവമാണ്. എന്റെ അടുത്തബന്ധുക്കളില്‍ ഒരാളായ മണിച്ചേട്ടന് (പത്മനാഭന് നായര്‍) ഏറ്റുമാനൂരിനടുത്ത് താമസിക്കുന്ന മകളുടെ വീട്ടിലേക്കു പോകുമ്പോള്‍ എംസി റോഡ് മുറിച്ചു കടക്കവെ ടാങ്കര്‍ ലോറി ഇടിച്ചതിനെത്തുടര്‍ന്ന് ആസ്പത്രിയില്‍ മരണപ്പെടുകയുണ്ടായി. കുമാരനല്ലൂരിലെ പ്രശസ്ത ആയുര്‍വേദ വൈദ്യനായിരുന്നു അദ്ദേഹം. എന്റെ സഹോദരീ പുത്രന് മഹേശ് അദ്ദേഹത്തിന്റെ മകളെയാണ് വിവാഹം കഴിച്ചത്. ഏതാണ്ട് 25 വര്‍ഷം മുമ്പു നടന്ന വിവാഹനിശ്ചയത്തിന് കുമാരനല്ലൂരിലെ വീട്ടില്‍ പോയപ്പോള്‍ കുടുംബങ്ങള്‍ അന്യോന്യം പരിചയപ്പെടുകയായിരുന്നു. സംഘപ്രചാരകന് എന്ന നിലയ്ക്ക് കുമാരനല്ലൂരുമായുള്ള പഴയ പരിചയം അറിയിച്ചപ്പോള്‍ അദ്ദേഹം പഴയ വേണുജിയെപ്പറ്റി അന്വേഷിച്ചു. പഴയ കോട്ടയത്തുകാര്‍ മാത്രമാവും വേണുവേട്ടനെ വേണുജി എന്നുവിളിക്കുന്നത്. തുടര്‍ന്ന് കോട്ടയത്തെ ബാലന് ചേട്ടനും (ബാലഭാസ്കരന്‍ നായര്‍)വേണുജിയുമൊരുമിച്ചു ശാഖകളില്‍ പങ്കെടുത്തതിന്റെയും അമ്പലങ്ങളിലെ ഉത്സവങ്ങളില്‍ കഥകളി കാണാന്‍ പോയതിന്റെയും വിവരണങ്ങളായി. വേണുജി ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ ദേശീയ ചുമതല വഹിച്ച് രാജ്യമൊട്ടാകെ സഞ്ചരിക്കുന്ന ആളാണെന്നും ഇനി കാണുമ്പോള്‍ മണിച്ചേട്ടന്റെ വിവരം ഓര്‍മിപ്പിക്കാമെന്നും അറിയിച്ചു. അക്കാര്യം അറിഞ്ഞപ്പോള്‍ വേണുവേട്ടനും പഴയകാര്യങ്ങളും ആളുകളെയുമൊക്കെ ഓര്‍ത്തുപറഞ്ഞു. കോട്ടയത്ത് പോകുമ്പോള്‍ കാണുമെന്നും അറിയിച്ചു. ആ കൂടിക്കാഴ്ച നടന്നില്ലെന്നറിയാന്‍ കഴിഞ്ഞു.
കോട്ടയത്തെ ആദ്യകാല സ്വയംസേവകനായ മണിച്ചേട്ടനെ ഇന്നത്തെ തലമുറക്കാര്‍ ആ നിലയ്ക്കു പരിചയമുണ്ടോ എന്നറിയില്ല. മാനസ്സില്‍നിന്ന് മായാത്ത ഓര്‍മകള്‍ നല്കുന്ന സ്ഥലമാണ് കുമാരനല്ലൂര്‍ പരിസരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: