ആലപ്പുഴ: മുല്ലയ്ക്കല് ശ്രീരാജരാജേശ്വരി ക്ഷേത്രത്തിലെ ഉപദേവതകളായ വേണുഗോപാല സ്വാമിയുടെയും ആഞ്ജനേയ സ്വാമിയുടെയും പുനഃപ്രതിഷ്ഠ മാര്‍ച്ച് 29ന് രാവിലെ 11.30ന് നടക്കും. തന്ത്രിമാരായ അമ്പലപ്പുഴ പുതുമന ഇല്ലത്ത് ഡി. ശ്രീധരന് നമ്പൂതിരി, പി.ഇ. മധുസൂദനന് നമ്പൂതിരി, എന്‍. വാസുദേവന്‍ നമ്പൂതിരി, എസ്. ദാമോദരന്‍ നമ്പൂതിരി എന്നിവരുടെ കാര്‍മ്മികത്വത്തില്‍ 27, 28, 29 തീയതികളിലായാണ് പുനഃപ്രതിഷ്ഠ ചടങ്ങുകള്‍ നടക്കുന്നത്.
മാര്‍ച്ച് 27ന് പുലര്‍ച്ചെ അഞ്ചിന് അഷ്ടദ്രവ്യ മഹാഗണപതിഹോമത്തോടെ ചടങ്ങുകള്‍ തുടങ്ങി. ശ്രീകോവിലുകളുടെ അടിത്തറ, ഭിത്തി, ഉള്ളിലെ തറ, സോപാനം എന്നിവ കരിങ്കല്ലില്‍ നിര്‍മ്മിച്ച് മേല്‍ക്കൂര, മച്ച്, വാതില്‍ എന്നിവ തേക്കില്‍ പണിത് തേക്ക് പലകയുടെ മേല്‍ ചെമ്പ് പാളി മേഞ്ഞ് കേടുപാടുകള്‍ കൂടാതെ നൂറ്റാണ്ടുകള്‍ നിലനില്ക്കത്തക്ക വിധത്തിലാണ് ക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുള്ളത്. ക്ഷേത്ര നിര്‍മ്മാണവും പുനഃപ്രതിഷ്ഠ ചടങ്ങുകള്‍ ഉള്‍പ്പെടെ 45 ലക്ഷം രൂപ ചെലവ് വരുന്ന മുഴുവന്‍ തുകയും ഭക്തര്‍ സംഭാവനയായി നല്കിയിട്ടുള്ളതാണെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
കൃഷ്ണശാലയിലുള്ള ക്ഷേത്ര നിര്‍മ്മാണത്തിന് ചെങ്ങന്നൂര്‍ മഹേഷ് പണിക്കരും മേല്‍ക്കൂര നിര്‍മ്മാണം, ചെമ്പ് പാകല്‍, പിച്ചള പൊതിയല്‍, താഴികക്കുട നിര്‍മ്മാണം എന്നിവയ്ക്ക് ചെന്നിത്തല ഗോപിനാഥപിള്ളയും നേതൃത്വം നല്കി. ക്ഷേത്രം അഡ്ഹോക്ക് കമ്മറ്റി രക്ഷാധികാരി ജെ. കൃഷ്ണന്, പ്രസിഡന്റ് ആര്. കൃഷ്ണന്, സെക്രട്ടറി പി. വെങ്കിട്ടരാമ അയ്യര്‍, വൈസ് പ്രസിഡന്റ് എ. മണി, സബ് ഗ്രൂപ്പ് ഓഫീസര്‍ കെ.വി. പ്രദീഷ് കുമാര്‍, കമ്മറ്റി അംഗങ്ങളായ ജെ. ബാലകൃഷ്ണന്, എസ്. ഗോപാലകൃഷ്ണന് നായര്‍, പറമ്പില്‍ ശശികുമാര്‍, വി. ശശിധരന് നായര്‍, വി.വി. രാജേഷ്, കെ.കെ. പൊന്നപ്പന്, പി.കെ. വസന്തകുമാര്‍, വി. വെങ്കിട്ടനാരായണന്‍, എന്‍. ശിവകുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: