കൊച്ചി: സാമ്പത്തികവിശ്വാസ്യതയിലും പുതിയ നിക്ഷേപങ്ങള്‍ ഉണ്ടാകുന്നതിലും ഭാരതം ഏറ്റവും മുന്നിലെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. രാജ്യത്തെ ഭരണമാറ്റം തങ്ങളുടെ സ്ഥാപനത്തിന് മെച്ചമുണ്ടാക്കുമെന്ന് അഭിപ്രായപ്പെട്ടവരാണ് സര്‍വ്വേയില്‍ പങ്കെടുത്ത പകുതിയിലധികം പേരും. അമേരിക്കന്‍ എക്സ്പ്രസിലെ ഭാരതീയസാമ്പത്തികവിദഗ്ധര് സിഎഫ്ഓ റിസര്‍ച്ചുമായി സഹകരിച്ച് നടത്തുന്ന എട്ടാമത് ഗ്ലോബല്‍ ബിസിനസ് ആന്റ് സ്പെന്‍ഡിങ് മോണിറ്റര്‍ സര്‍വ്വേയുടേതാണ് ഫലം.
സര്‍വ്വേയില്‍ പങ്കെടുത്ത 94% വിദഗ്ധരും രാജ്യത്ത് വളര്‍ച്ചയുണ്ടാകുമെന്നാണ് അഭിപ്രായപ്പെട്ടത്. ഏതാണ്ട് ഇത്ര തന്നെ ആളുകള്‍ വലിയ തോതിലോ മിതമായോ നിക്ഷേപവും ചെലവഴിക്കലും വര്‍ദ്ധിക്കുമെന്നും അഭിപ്രായപ്പെട്ടു. സര്‍വ്വേയില്‍ പങ്കെടുത്ത 85% കമ്പനികള്‍ തങ്ങള്‍ക്ക് മുന്‍വര്‍ഷത്തേതിനേക്കാള്‍ അധികം വരവ് ലഭിച്ചതായി വെളിപ്പെടുത്തിയപ്പോള്‍ 74% പേര് രാജ്യത്തെ മികച്ച സാമ്പത്തികാവസ്ഥ മൂലം അടുത്തവര്‍ഷവും സ്ഥാപനത്തിന്റെ വളര്‍ച്ച ആവര്‍ത്തിക്കുമെന്ന് അഭിപ്രായപ്പെട്ടു.
രാജ്യത്തെ ആഭ്യന്തരസാമ്പത്തികവ്യവസ്ഥയെപ്പറ്റി മികച്ച പ്രതികരണമാണ് സര്‍വ്വേയില്‍ നിന്ന് ലഭിച്ചതെന്ന് അമേരിക്കന്‍ എക്സ്പ്രസ് ഗ്ലോബല്‍ കോര്‍പ്പറേറ്റ് പേയ്മെന്റ്സ് കണ്ട്രി ബിസിനസ് ഹെഡ് സരു കൗശല്‍ പറഞ്ഞു. സര്‍ക്കാരിന്റെ വികസനപരിപാടികള്‍ നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും കാര്യക്ഷമതയും ഉത്പാദനക്ഷമതയും വര്‍ദ്ധിപ്പിച്ചുകൊണ്ട് കൂടുതല്‍ നിക്ഷേപം നടത്താന്‍ നിക്ഷേപകര്‍ തയ്യാറാകുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ആഗോളശരാശരിയായ 17%ത്തിന്റെ ഇരട്ടിയോളം ഭാരതീയസാമ്പത്തികരംഗത്തെ പ്രമുഖര്‍ (38%) വളര്‍ച്ച പ്രാപിക്കുമെന്നാണ് സര്‍വ്വേയില്‍ തെളിഞ്ഞത്. അതേ സമയം ചൈനയില്‍ നിന്നുള്ള 28% പ്രമുഖര്ക്കേ വന്‍തോതിലുള്ള വളര്‍ച്ച മുന്നില്ക്കാണാനായുള്ളൂ.
ഉത്പാദനക്ഷമത, ബിസിനസ് ഇന്റലിജന്‍സ്, ആസൂത്രണം എന്നിവയിലും ഭാരതം ഏറ്റവും മുന്നിലാണെന്ന് സര്‍വ്വേയില്‍ കണ്ടെത്തി. സര്‍വ്വേയില്‍ പങ്കെടുത്ത സാമ്പത്തികരംഗത്തെ പ്രമുഖരുടെ പട്ടികയില്‍ 45% പേരും കൂടുതല്‍ നിക്ഷേപം നടത്താന്‍ പദ്ധതിയിടുന്നവരാണ്.
സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 84 ശതമാനവും അഭിപ്രായപ്പെട്ടത് കയറ്റുമതി രാജ്യത്തിന് വളര്‍ച്ച കൊണ്ടുവരുമെന്നാണ്.
സോഴ്സിങ്, വിതരണം, ഉത്പാദനം, പുറംകരാര്‍ തുടങ്ങിയ മേഖലകളില്‍ നിക്ഷേപം തുടങ്ങാനോ വര്‍ദ്ധിപ്പിക്കാനോ താത്പര്യപ്പെടുന്ന ഭാരതത്തില്‍ നിന്നുള്ള സംരംഭകരില്‍ 66% വും തെരഞ്ഞെടുത്തത് ഇന്ത്യയാണ്. ആഗോളരംഗത്തെ നിക്ഷേപകരെപ്പോലെ തന്നെ ഇന്ത്യന്‍ നിക്ഷേപകരും ഐടി, ക്ലൗഡ് കമ്പ്യൂട്ടിങ് മേഖലകളില്‍ പ്രതീക്ഷ രേഖപ്പെടുത്തി. മൊബൈല്‍ സാങ്കേതികവിദ്യയുടെ വളര്‍ച്ച ഉപഭോക്തൃസേവനം മെച്ചപ്പെടുത്തുമെന്നായിരുന്നു 50%ത്തിന്റേയും വിശ്വാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: