ന്യൂദല്‍ഹി: മികച്ച ഇ-ഗവേര്‍ണന്‍സ് സംരംഭങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വെബ് രത്ന പുരസ്കാരം കേരള ടൂറിസത്തിന് ലഭിച്ചു. ഏറ്റവും മികച്ച ഉള്ളടക്കത്തിനുള്ള ഗോള്‍ഡന്‍ ഐക്കണ്‍ പുരസ്കാരമാണ് കേരള ടൂറിസത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിന് ലഭിച്ചത്. ന്യൂദല്‍ഹിയിലെ ഇന്ത്യ ഹാബിറ്റാറ്റ് സെന്ററില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര വിവരസാങ്കേതിക വകുപ്പു മന്ത്രി രവിശങ്കര്‍ പ്രസാദില്‍ നിന്ന് സംസ്ഥാന ടൂറിസം സെക്രട്ടറി ജി.കമലവര്‍ദ്ധന റാവു പുരസ്കാരം ഏറ്റുവാങ്ങി.
ഇന്‍വിസ് മള്‍ട്ടി മീഡിയ രൂപകല്‍പ്പന ചെയ്ത കേരള ടൂറിസം വെബ്സൈറ്റ് ലോകത്ത് ഏറ്റവുമധികം സന്ദര്‍ശകരുള്ള ടൂറിസം പോര്‍ട്ടലുകളില്‍ ഒന്നാണ്. അഞ്ചു ദേശീയഅവാര്‍ഡുകളും പസഫിക് ഏഷ്യാ ട്രാവല്‍ അസ്സോസ്സിയേഷന്റെ അവാര്‍ഡുമുള്‍പ്പെടെ നിരവധി ദേശീയ, അന്തര്‍ദ്ദേശീയ പുരസ്കാരങ്ങള്‍ വെബ്സൈറ്റ് നേടിയിട്ടുണ്ട്.
വേള്‍ഡ് വൈഡ് വെബ് മുഖാന്തിരമുള്ള ഇ-ഗവേര്‍ണന്‍സ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് നാഷണല്‍ പോര്‍ട്ടല്‍ ഓഫ് ഇന്ത്യയുടെ കീഴില്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പുരസ്കാരമാണ് വെബ് രത്ന അവാര്‍ഡ്. സാങ്കേതിക ഭരണ, ഗവേഷണ, വ്യവസായ രംഗങ്ങളിലെ വിദഗ്ധരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് നിര്‍ണയം നടത്തുന്നത്.
ലോകത്തിലെ ഏറ്റവും മികച്ച വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നായി തുടരുന്നതിന് കേരള ടൂറിസം നടത്തുന്ന ശ്രമങ്ങള്‍ക്കുള്ള അംഗീകാരമാണ് വെബ് രത്ന അവാര്‍ഡെന്ന് സംസ്ഥാന ടൂറിസം മന്ത്രി എ.പി.അനില്‍ കുമാര്‍ പറഞ്ഞു.
ഐടി രംഗത്തെ മുന്‍ നിരക്കാരെന്ന നിലയില്‍ കേരള ടൂറിസം ആഗോള തലത്തില്‍ സഞ്ചാരികളിലേക്കെത്തുന്നത് വിജ്ഞാനപ്രദവും ഭാവനാത്മകവുമായ വെബ്സൈറ്റിലുടെയാണെന്ന് കേരള ടൂറിസം സെക്രട്ടറി കമല വര്‍ദ്ധന റാവു പറഞ്ഞു.
കേരളത്തെക്കുറിച്ചും ലക്ഷ്യസ്ഥാനങ്ങളെക്കുറിച്ചും ആവശ്യമായ വിവരങ്ങള്‍ സൈറ്റില്‍ ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു. അതിഥികളുമായും ഭാവിയില്‍ സഞ്ചാരികളാകാനിടയുള്ളവരുമായും തുടര്‍ സമ്പര്‍ക്കത്തിനും സൈറ്റ് സുപ്രധാന മാധ്യമമാണെന്ന് ഡയറക്ടര്‍ പി.ഐ.ഷേഖ് പരീത് പറഞ്ഞു.
2005 ല്‍ പ്രവര്‍ത്തനമാരംഭിച്ച കേരള ടൂറിസം വെബ്സൈറ്റ് ഒരു വര്‍ഷത്തിനിടെ 4.2 ദശലക്ഷം സന്ദര്‍ശനങ്ങളും പതിനാലു ദശലക്ഷം പേജ് വ്യൂകളുമുണ്ട്. ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മ്മന്‍, ഇറ്റാലിയന്‍, സ്പാനിഷ്, റഷ്യന്‍, ജാപ്പനീസ്, അറബിക്, ചൈനീസ് തുടങ്ങിയ പതിനൊന്ന് അന്താരാഷ്ട്ര ഭാഷകളിലും ഹിന്ദിയും മലയാളവും ഉള്‍പ്പടെ പത്തു ഇന്ത്യന്‍ ഭാഷകളിലും വൈബ്സൈറ്റ് കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: