ആലപ്പുഴ: എണ്‍പത്തിയൊന്നുകാരിയായ അമ്മ രാവിലെ മുതല്‍ വനിതാ കമ്മീഷന് മെഗാ അദാലത്ത് നടക്കുന്ന കളക്ട്രേറ്റിന് സമീപം കാറിനുളളില്‍ കഴിച്ചു കൂട്ടുകയായിരുന്നു. പുറത്തേക്കിറങ്ങാനോ, നടക്കാനോ കഴിയില്ല. കാറിനുള്ളില്‍ സീറ്റ് താഴ്ത്തി കിടക്കുന്ന അവസ്ഥയിലാണിവര്‍. സ്വയം പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ മകള്‍ തന്നോടു ചെയ്യുന്ന ഉപദ്രവം കമ്മീഷനെ ധരിപ്പിക്കാനാണ് മാവേലിക്കര സ്വദേശിനി അദാലത്തിനെത്തിയത്. കമ്മീഷന് അംഗം ഡോ. ജെ. പ്രമീളാ ദേവി കാറിനരികില്‍ ചെന്ന് മൊഴിയെടുത്തു.
തന്റെ കിടപ്പുമുറിക്ക് സമീപത്തേക്കു മനുഷ്യ വിസര്‍ജ്യം വലിച്ചെറിയുന്നത് പതിവാക്കിയ മകളെ ഉപദേശിക്കണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു. പ്രശ്നം പരിഹരിക്കാന്‍ ഉടന്‍ നടപടിയെടുക്കുമെന്ന് കമ്മീഷന് ഉറപ്പു നല്കി. മകനും മരുമകളും ചേര്‍ന്ന് 82 വയസുകാരിയായ അമ്മയെ ഉപദ്രവിക്കുന്ന കേസും കമ്മീഷന് പരിഗണിച്ചു. രണ്ടു കേസും വൃദ്ധജനസംരക്ഷണത്തിന്റെ ചുമതലയുള്ള ആര്‍ഡിഒയുടെ പരിഗണനയ്ക്കു വിട്ടു. വൃദ്ധയായ മാതാവിന് ഹോംനഴ്സിന്റെ സേവനം വാഗ്ദാനം ചെയ്തശേഷം പിന്‍വാങ്ങിയ ഹോംനഴ്സ് ഏജന്‍സിക്കെതിരെയും പരാതി വന്നു.
മെഗാഅദാലത്തില്‍ പരിഗണിച്ച 75 കേസുകളില്‍ 31 എണ്ണം തീര്‍പ്പാക്കി. നാലെണ്ണത്തില്‍ ആര്‍ഡിഒയുടെ റിപ്പോര്‍ട്ടും 11 എണ്ണത്തില്‍ പോലീസ് റിപ്പോര്‍ട്ടും ആവശ്യപ്പെട്ടു. 25 കേസുകള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. നാലെണ്ണത്തില്‍ പരാതിക്കാരും എതിര്‍കക്ഷികളും എത്തിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: