ആലപ്പുഴ: ഉത്സവാഘോഷങ്ങളിലും മറ്റും ആനയുടമകളും സംഘാടകരും നാട്ടാന പരിപാലനച്ചട്ടം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും ലംഘനമുണ്ടായാല്‍ കര്‍ശനനടപടി സ്വീകരിക്കുമെന്നും കളക്ടര്‍ എന്‍. പത്മകുമാര്‍ അറിയിച്ചു. കായംകുളം വള്ളികുന്നത്ത് വ്രണങ്ങളുള്ള ആനയെ എഴുന്നെള്ളത്തിന് ഉപയോഗിച്ചെന്ന ആരോപണത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ റാന്നി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ എസ്. ജനാര്ദ്ദനന് റേഞ്ച് ഓഫീസര്‍ക്കു നിര്‍ദ്ദേശം നല്കി. അതേത്തുടര്‍ന്ന് റാപ്പിഡ് റെസ്പോണ്‍സ് ടീം സ്ഥലത്തെത്തി പരിശോധന നടത്തി. രേഖകള്‍ അടിയന്തരമായി ഹാജരാക്കാന്‍ ആനയുടമയ്ക്കു നോട്ടീസ് നല്‍കിയിട്ടുണ്ട്.
ആനകളെ എഴുന്നെള്ളിപ്പിന് ഉപയോഗിക്കുന്നവര്‍ അതിന് ഏഴു ദിവസം മുമ്പ് സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി അനുമതിപത്രം വാങ്ങണമെന്ന് കളക്ടര്‍ അറിയിച്ചു. എഴുന്നെള്ളിപ്പിന് ഒരാഴ്ച മുമ്പ് കൊമ്മാടിയിലുള്ള സാമൂഹികവനവത്കരണവിഭാഗം അസി. കണ്‍സര്‍വേറ്റര്‍ക്കോ റാന്നി ഡിഎഫ്ഒയ്ക്കോ അപേക്ഷ നല്‍കണം. ഉപയോഗിക്കുന്ന ആനകളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് (15 ദിവസത്തിനകം എടുത്തത്), ഡേറ്റാ ബുക്ക്, ഇന്‍ഷുറന്‍സ്, ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ്, മൈക്രോചിപ്പ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ്, പരിപാടിയുടെ നോട്ടീസ് എന്നിവ ഹാജരാക്കണം.
എഴുന്നെള്ളിപ്പിന് 72 മണിക്കൂര്‍ മുമ്പ് അടുത്തുള്ള പോലീസ് സ്റ്റേഷന് ഹൗസ് ഓഫീസര്‍, വനം വകുപ്പ് റേഞ്ചര്‍ എന്നിവരെ ആഘോഷകമ്മിറ്റി ഭാരവാഹികള്‍ വിവരം അറിയിക്കണം. വെറ്ററിനറി ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത ആനകളെ ഉപയോഗിക്കാന്‍ അനുവദിക്കില്ല. പകല്‍ 11നും 3.30നും ഇടയില്‍ ആനകളെ എഴുന്നെള്ളിപ്പിനുപയോഗിക്കാന്‍ പാടില്ല. ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി ഒഴിച്ചുകൂടാന്‍ പറ്റാത്ത സാഹചര്യത്തില്‍ കളക്ടറുടെ പ്രത്യേകാനുമതി വാങ്ങണം. ഒരു ദിവസം ആറു മണിക്കൂറില്‍ കൂടുതല്‍ ഒരേ ആനയെ എഴുന്നള്ളിപ്പിന് ഉപയോഗിക്കരുത്. ഒരു ദിവസം പരമാവധി രണ്ടു തവണയായി നാലു മണിക്കൂര്‍ വരെ നിര്‍ത്താം. രാത്രി എഴുന്നെള്ളിപ്പിന് ഉപയോഗിച്ച ആനയെ പിറ്റേദിവസം പകല്‍ വീണ്ടും അതിനുപയോഗിക്കരുത്.
ആനകളെ ഉപയോഗിച്ചുള്ള പുതിയ പൂരങ്ങള്‍ക്ക് അനുമതി നല്‍കില്ല. 2012ല്‍ ഉണ്ടായിരുന്ന പൂരങ്ങള്‍ക്ക് മാത്രമേ ആനയെ ഉപയോഗിക്കാന്‍ അനുവാദം നല്‍കൂ. ആനകളുടെ എണ്ണവും 2012ലേതിനു മുകളിലാകരുത്.ആനകളെ ഉപയോഗിക്കുന്ന എല്ലാ ഉത്സവങ്ങളിലും ഉത്സവകമ്മറ്റി 72 മണിക്കൂര്‍ സമയത്തേക്ക് 25 ലക്ഷം രൂപയ്ക്കെങ്കിലും ഇന്‍ഷ്വര്‍ ചെയ്തിരിക്കണം. ആനയെ ഇടച്ചങ്ങല, മുട്ടുചങ്ങല എന്നിവ കൂടാതെ എഴുന്നള്ളിപ്പിന് നിര്‍ത്തരുത്. ഒന്നും രണ്ടും പാപ്പാന്മാര്ക്ക് ആനയുടമ ഇന്‍ഷുറന്‍സ് എടുത്തിരിക്കണം.
ആനയെ ടാര്‍ റോഡിലൂടെ ഉച്ചസമയത്ത് അധികനേരം നടത്തരുത്. ആനയുടെ സമീപത്തുവച്ച് വന്‍ ശബ്ദമുള്ള പടക്കങ്ങള്‍ പൊട്ടിക്കരുത്. അഞ്ചോ അതില്‍ക്കൂടുതലോ ആനകളെ എഴുന്നെള്ളിപ്പിനു നിര്‍ത്തുന്ന സ്ഥലങ്ങളില്‍ എലിഫന്റ് സ്ക്വാഡിലെ വെറ്ററിനറി ഡോക്ടറുടെ സേവനം ഉത്സവകമ്മറ്റി ഉറപ്പാക്കണം. ആനകള്‍ക്ക് ഉത്സവസമയത്ത് മതിയായ വിശ്രമം കമ്മറ്റി ഭാരവാഹികള്‍ ഉറപ്പാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കൊമ്മാടിയിലുള്ള വനം വകുപ്പ് ഓഫീസുമായി 0477 2246034 നമ്പറില്‍ ബന്ധപ്പെടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: