ഹരിപ്പാട്: സ്ഥാനമാനങ്ങള്‍ക്കുവേണ്ടി ഇന്ന് പലരും നെട്ടോട്ടമോടുമ്പോള്‍ ത്യാഗത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി ജീവിച്ച മഹത് വ്യക്തിയായിരുന്നു ധീരദേശാഭിമാനി ടി.കെ. മാധവനെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു. നങ്ങ്യാര്‍കുളങ്ങര ടികെഎംഎം കോളേജില്‍ നിര്‍മ്മിച്ച ടി.കെ. മാധവന്റെ പ്രതിമ അനാച്ഛാദന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടി.കെ. മാധവന് ഉയര്‍ത്തിയ പൗരസമത്വവാദം ഇപ്പോഴും പ്രസക്തമാണെന്നും സര്‍ക്കാര്‍ സര്‍വ്വീസിലും വിദ്യാഭ്യാസ രംഗത്തും പോലീസ് ഡിപ്പാര്‍ട്ടുമെന്റിലും അടക്കം ഇന്ന് നിലനില്‍ക്കുന്ന പിന്നോക്ക സമുദായ ദ്രോഹനടപടികള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
എസ്എന്‍ഡിപി യോഗത്തിന്റെ ഏറ്റവും പരിണിത പ്രഞ്ജനും പ്രഗത്ഭനും ദീര്‍ഘദര്‍ശിയുമായ സംഘടനാ സെക്രട്ടറിയുമായിരുന്നു ടി.കെ.മാധവനെന്ന് വെള്ളാപ്പള്ളി നടേശന് പറഞ്ഞു. ഡോ. എ.വി. ആനന്ദരാജ് അദ്ധ്യക്ഷത വഹിച്ചു. കേരള യൂണിവേഴ്സിറ്റി സിന്റിക്കേറ്റ് അംഗം ജോണ്‍തോമസ്, എസ്എന്‍ ട്രസ്റ്റ് എക്സിക്യുട്ടീവ് അംഗങ്ങളായ വേലന്‍ചിറ സുകുമാരന്‍, എ. സോമരാജന്, അഡ്വ. ഇറവങ്കര വിശ്വനാഥന്, നങ്ങ്യാര്‍കുളങ്ങര ആര്‍ഡിസി ട്രഷറര്‍ എസ്. സലികുമാര്‍, പ്രൊഫ. ആര്.അജിത്, പ്രൊഫ. എസ്. ബി.ശ്രീജയ, ഭാന്ഷായി മോഹന്‍, ജെ. മോഹന്‍ദാസ്, വല്സലാകുമാരി, അരുണ്‍തോമസ്, പ്രൊഫ. കെ. രാജന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: