ആലപ്പുഴ: മുല്ലക്കയ്ക്കല് എവിജെ ജംഗ്ഷനു പിടിഞ്ഞാറു വശം സ്ഥിതി ചെയ്യുന്ന ഹോട്ടലിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ മൂന്ന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്ക് പൊള്ളേറ്റു. ആലപ്പുഴ ഫയര്യൂണിറ്റിലെ ലീഡിങ് ഫയര്മാന്മാരായ പുന്നപ്ര വടക്ക് പഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് ബ്രദേഴ്സ് ഹൗസില്‍ ബദറുദ്ദീന്‍ (45), മണ്ണഞ്ചേരി കുളമ്പയില്‍ വീട്ടില്‍ സതീശന് (45), പാതിരാപളളി കൃഷ്ണസദനത്തിന് മനോജ് (35) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഇവരെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മാര്‍ച്ച് 24ന് വൈകിട്ട് നാലേകാലോടെയാണ് സംഭവം. സി. രാധാമണിയുടെ ഉമസ്ഥതയിലുള്ള ഗോകുലം വെജിറ്റേറിയന്‍ ഹോട്ടലിന്റെ പാചക മുറിയില്‍ പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടറിനെയും സ്റ്റൗവിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന പൈപ്പ് ഊരിപ്പോയതാണ് അപകടത്തിന് കാരണം. ഹോട്ടിലുള്ള രണ്ട് വാണിജ്യ ഗ്യാസ് ലിണ്ടറുകള്‍ ഒരുമിച്ചാണ് ഘടിപ്പിച്ചിരുന്നത്. ഗ്യാസ് ചോര്‍ച്ച ആരംഭിച്ച ഉടനെ ജീവനക്കാര്‍ പുറത്തേക്ക് ഓടിയതിനാല്‍ ആര്‍ക്കും പരിക്കേറ്റില്ല. വിവരം അറിയിച്ചതിനെ തുടര്‍ന്നെത്തിയ ഫയര്‍ഫോഴ്സ് സംഘം തീ അണയ്ക്കുന്നതിനിടെ സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിന്റെ ആഘാതത്തില്‍ ഒരു ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് അവിടെ തന്നെ തെറിച്ച് വീണപ്പോള്‍ മറ്റു രണ്ടുപേരും പുറത്തേക്ക് തെറിച്ചു. ഇവരുടെ മുഖത്തും കൈകളിലുമാണ് പോള്ളലേറ്റത്. ഉടന്‍ തന്നെ ഇവടെ ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
ഹോട്ടലിനുള്ളില്‍ നിന്നും ഗ്യാസ് നിറച്ച് ആറ് സിലിണ്ടറുകള്‍ കണ്ടെടുത്തു. ഇത്രയും സിലിണ്ടറുകള്‍ ഒരുമിച്ച് സൂക്ഷിക്കുന്നത് നിയമിവിരുദ്ധമാണെന്ന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതില്‍ മൂന്നോളം സിലിണ്ടറുകള്‍ക്ക് ലീക്ക് ഉണ്ടായിരുന്നു. ഫയര്‍ഫോഴ്സിന്റെ അവസരോചിതമായ ഇടപെടല്‍ മൂലമാണ് വന്‍ ദുരന്തം ഒഴിവായത്. ചോര്‍ച്ച കണ്ടെത്തിയ സിലിണ്ടറുകള്‍ റോഡില്‍ വെച്ചുകൊണ്ടാണ് ഉദ്യോഗസ്ഥര്‍ തണുപ്പിച്ചത്.
അപകട സാധ്യതയുണ്ടായിരുന്ന ഒരു സിലിണ്ടര്‍ ആലപ്പുഴ ഫയര്‍ഫോഴ്സ് ഓഫീസിനു സമീപത്തെ കനാലില്‍ ഇറക്കിവെച്ചിരിക്കുകയാണ്. നിരവധി വ്യാപാര സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന മുല്ലയ്ക്കലില്‍ തലനാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായത്. രക്ഷാപ്രവര്‍ത്തനത്തിനിടെ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് പുറമേ ആലപ്പുഴ ഫയര്സ്റ്റേഷന് ഓഫീസര്‍ അനൂപ് ചന്ദ്രന്, ലീഡിംഗ് ഫയര്മാന് ഉദ്യോഗസ്ഥരായ സി.ആര്. ജയകുമാര്‍, സലീംകുമാര്‍, നൗഫല്‍, ധനേശ്, കെ. എസ്. ആന്റണി, ഷാജി, സന്തോഷ്, ഷിജു എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: