ആലപ്പുഴ: നിര്‍മാണം നടക്കുന്ന ആലപ്പുഴ നഗരസഭ സ്വകാര്യ ബസ് സ്റ്റാന്‍ഡ് പ്രവര്‍ത്തനം ആരംഭിക്കും മുന്‍പു തന്നെ അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കി യാത്രാബുദ്ധിമുട്ടുകളും അപകടസാധ്യതകളും ഒഴിവാക്കാന്‍ അധികൃതര്‍ ശ്രമിക്കണമെന്ന് ആവശ്യമുയരുന്നു.
സ്വകാര്യ ബസ് സ്റ്റാന്‍ഡും കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനും വാടക്കനാല്‍ തെക്കേക്കര റോഡില്‍ തന്നെ സ്ഥിതി ചെയ്യുന്നതിനാല്‍ ഇരു സ്റ്റേഷനുകള്‍ക്കും സഹായകരമാകുന്ന വിധത്തില്‍ റൂട്ടുകള്‍ നിശ്ചയിക്കണം. ഇപ്പോള്‍ ബസ് സ്റ്റേഷനിലേക്കും ബോട്ട് ജെട്ടിയിലേക്കും പോകേണ്ടവര്‍ സ്വകാര്യ ബസില്‍ നിന്നു ഇറങ്ങി നടക്കുകയോ ഓട്ടോറിക്ഷ പിടിക്കുകയോ വേണം. ഇത് റോഡില്‍ അനാവശ്യ തിരക്കും ചെലവും സൃഷ്ടിക്കുന്നു. സ്വകാര്യ ബസുകള്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന് വഴി വിടുകയും എറണാകുളം ഭാഗത്തേക്കുള്ള ബസുകള്‍ക്ക് സ്വകാര്യ സ്റ്റാന്‍ഡിനു മുന്നില്‍ സ്റ്റോപ് അനുവദിക്കുകയും ചെയ്താല്‍ യാത്രക്കാര്‍ക്ക് പ്രയോജനപ്പെടും.
ആലപ്പുഴ വഴി കടന്നു പോകുന്ന എല്ലാ അന്തര്‍സംസ്ഥാന സ്വകാര്യ ബസുകളുടെയും ബോര്‍ഡിങ്ങ് പോയിന്റ് സ്വകാര്യ ബസ് സ്റ്റാന്ഡിലാക്കണമെന്ന് ആവശ്യമുയരുന്നു. അത്തരം ബസുകളിലെ യാത്രക്കാര്‍ക്കായി ടിക്കറ്റ് വിതരണ, വിശ്രമ കേന്ദ്രം ഏര്‍പ്പെടുത്തുക. ഇപ്പോള്‍ പല സ്ഥലങ്ങളിലായി വലിയ ബസുകള്‍ റോഡില്‍ത്തന്നെ നിര്‍ത്തി യാത്രക്കാരെ കയറ്റിയിറക്കുന്നതിനാല്‍ ഗതാഗതതടസം ഉണ്ടാകുന്നു.
സ്വകാര്യ ബസ് സ്റ്റാന്‍ഡിനു സമീപം ഓട്ടോ റിക്ഷ സ്റ്റാന്‍ഡ് അനുവദിക്കുകയും പട്ടണത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള ദൂരവും നിരക്കും വ്യക്തമായി എഴുതി പ്രദര്‍ശിപ്പിക്കുകയും ചെയ്യണം.വഴിവക്കിലും നടപ്പാതകളിലും വഴിവാണിഭവും ബങ്കുകളും തട്ടുകടകളും ബോര്‍ഡുകളും അനുവദിക്കരുത്. തുടക്കത്തില്‍ തന്നെ നിരോധനം ഫലപ്രദമായി നടപ്പിലാക്കിയില്ലെങ്കില്‍ പ്രദേശമാകെ അനധികൃത കച്ചവടവും മറ്റു തടസങ്ങളും മാലിന്യക്കൂമ്പാരവുമാകും.
വൈഎംസിഎ പാലത്തിനും ശവക്കോട്ട പാലത്തിനും ഇടയ്ക്കുള്ള രണ്ടു കലുങ്കുകള്‍ക്ക് വീതി കൂട്ടി റോഡിന്റെ ഒപ്പമാക്കുക. വഴിച്ചേരിയില്‍ സ്റ്റാന്‍ഡിനോടു ചേര്‍ന്നു തന്നെ മാലിന്യ നിര്‍മാര്‍ജന ഏറോബിക് പ്ലാന്റുകള്‍ ആവശ്യത്തിന് ഉണ്ട്. സ്റ്റാന്‍ഡ് നിര്‍മാണം നടക്കുമ്പോള്‍ നിലവിലുള്ള സ്ഥലം അപഹരിക്കും വിധം സ്റ്റാന്‍ഡിനു നേരെ എതിര്‍വശത്തു റോഡുവക്കില്‍ വാടക്കനാലിനോടു ചേര്‍ത്തു സ്ഥാപിച്ച ഏറോബിക് പ്ലാന്റുകള്‍ ഉചിതമായ വേറെ സ്ഥലത്തേക്ക് മാറ്റുക.
സ്റ്റാന്‍ഡിനോടു ചേര്‍ന്നുള്ള ശൗചാലയങ്ങള്‍ എപ്പോഴും വൃത്തിയായി സൂക്ഷീക്കാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക. സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ നിന്നു പട്ടണം ചുറ്റുന്ന സ്വകാര്യ സര്‍ക്കുലര്‍ ബസുകള്‍ ആരംഭിക്കുക. അവസാന ട്രിപ്പുകള്‍ ഒഴിവാക്കുന്നത് തടയുക. യാത്രക്കാര്‍ക്കു റോഡു കുറുകെ കടക്കുന്നതിനു സബ്വേ നിര്‍മ്മിക്കുക. സ്റ്റാന്‍ഡിനു മുന്നിലുള്ള റോഡിലെ വാഹന ഗതാഗതം സുഗമമാക്കാന്‍ ഭാവിയില്‍ അത് ഉപകരിക്കും.
സ്വകാര്യ ബസ് സ്റ്റാന്‍ഡിനെയും കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനെയും ബന്ധിപ്പിച്ച് വാടക്കനാലിലൂടെ ചെറു ബോട്ട് സര്‍വീസിനുള്ള സാധ്യത ആരായുക. റെയില്‍വേ സ്റ്റേഷനു സമീപത്തേക്കു ഇത് നീട്ടുന്നതിനെക്കുറിച്ചു പഠിക്കാവുന്നതുമാണ്. ഈ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി നിവേദനം കളക്ടര്‍ക്കും നഗരസഭാ സെക്രട്ടറിക്കും തത്തംപള്ളി റസിഡന്‍സ് അസോസിയേഷന് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: