പാലക്കാട്: വാളയാര്‍ ചെക്‌പോസ്റ്റിലെ ഗതാഗതക്കുരുക്കിനു പരിഹാരമുണ്ടാകാത്തതിന്റെ പശ്ചാത്തലത്തില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ കേരളത്തിലേക്കു ചരക്കു കൊണ്ടുപോകാനുള്ള ബുക്കിങ് നിര്‍ത്തി. പ്രശ്‌നത്തിനു പരിഹാരമുണ്ടായില്ലെങ്കില്‍ ഏപ്രില്‍ ഒന്നുമുതല്‍ വാളയാര്‍ ചെക്‌പോസ്റ്റ് വഴി കേരളത്തിലേക്കു ലോറികള്‍ ഓടിക്കില്ലെന്നു ലോറി ഉടമകളുടെ അഖിലേന്ത്യാ സംഘടനയായ ആള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസ് വ്യക്തമാക്കി.
വാളയാര്‍ ചെക്ക്‌പോസ്റ്റിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ പി.മേരിക്കുട്ടി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. നിലവില്‍ വാളയാറിലുള്ള സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനാണ് കലക്ടര്‍ യോഗം വിളിച്ചത്. . ഇന്ന് ലോറി ഉടമകളുടെയും ഉദ്യോഗസ്ഥരുടെയും യോഗം വൈകീട്ട് 3ന് കലക്‌ട്രേറ്റില്‍ ചേരും.
ചരക്കുമായി പോകുന്ന ലോറികള്‍ വാളയാര്‍ ചെക് പോസ്റ്റില്‍ അനിശ്ചിതമായി കാത്തുകെട്ടിക്കിടക്കേണ്ടി വരുന്നതാണു പ്രതിഷേധത്തിനു കാരണം. സംഘടനയുടെ പ്രസിഡന്റ് ഭീം ബാദുവയുടെ അധ്യക്ഷതയില്‍ നടത്തിയ യോഗത്തിലാണ് ഒന്നു മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു കേരളത്തിലേക്ക് അനിശ്ചിത കാലത്തേക്ക് ലോറികള്‍ അയക്കേണ്ടെന്നു തീരുമാനിച്ചത്. കേരളമടക്കം വിവിധ സംസ്ഥാനങ്ങളിലെ ലോറി ഉടമകളുടെ സംഘടനാ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.
ചരക്കുകളുമായി കേരളത്തിലേക്കു പോകുന്ന ലോറികള്‍ ചെക് പോസ്റ്റ് കടക്കാര്‍ രണ്ടു ദിവസം വരെ കാത്തു കിടക്കേണ്ടി വരുന്നുണ്ട്. പ്രശ്‌നം പരിഹരിക്കാമെന്നു 2013ല്‍ കേരള സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം പാലിക്കപ്പെടാത്തതാണു ലോറി ഉടമകള്‍ കടുത്ത നടപടികളിലേക്കു നീങ്ങാന്‍ കാരണം.
രാജസ്ഥാന്‍, മഹാരാഷ്‌ട്ര, ബിഹാര്‍, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ ലോറികളെല്ലാം കേരളത്തിലേക്ക് ഓടേണ്ടതില്ലെന്ന തീരുമാനത്തിലാണ്. ചരക്കുലോറികള്‍ ഓട്ടം നിര്‍ത്തുന്നതോടെ കേരളത്തിലേക്കുള്ള അവശ്യസാധനങ്ങളുടെ നീക്കവും മന്ദഗതിയിലാകും. സമരം തുടരുകയാണെങ്കില്‍ അവശ്യസാധനങ്ങളുടെ ക്ഷാമത്തിനും ഇടയാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: