പാലക്കാട്: എസ്എസ്എല്‍സി ഫലം പ്രഖ്യാപിക്കാനുള്ള തിടുക്കം മൂല്യനിര്‍ണയത്തെ ബാധിക്കുമെന്നും ആവശ്യമായ സമയമെടുത്ത് മൂല്യനിര്‍ണയം കാര്യക്ഷമമാക്കാന്‍ അവസരമൊരുക്കണമെന്നും ദേശീയ അധ്യാപക പരിഷത്ത് ജില്ലാ സമിതി ആവശ്യപ്പെട്ടു. എട്ടു ദിവസമാണു മൂല്യനിര്‍ണയത്തിനു ലഭിക്കുക. ശാസ്ത്രീയമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നതിലും കൂടുതല്‍ പേപ്പറുകള്‍ നോക്കേണ്ടി വരും.
ഫിസിക്സ്, കെമിസ്ട്രി ക്യാമ്പുകള്‍ മലപ്പുറത്തും പാലക്കാടുമായാണു നടത്തേണ്ടത്. ടൗണ്‍ കേന്ദ്രീകരിച്ചു നടത്തേണ്ട ക്യാമ്പ ഇക്കുറിയും മലപ്പുറം അതിര്‍ത്തിയിലേക്കു കൊണ്ടുപോയതില്‍ അധ്യാപകര്‍ക്ക് പ്രതിഷേധമുണ്ട്. ആലത്തൂര്‍, ചിറ്റൂര്‍, കൊല്ലങ്കോട് മേഖലയിലെ അധ്യാപകരാണു ക്യാംപിലെത്താന്‍ പ്രയാസപ്പെടുന്നത്. ഇതു സംബന്ധിച്ച് പരീക്ഷ സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നതായും ജില്ലാ സമിതി അറിയിച്ചു.
ജില്ലയിലെ ഉയര്‍ന്ന താപനില പരിഗണിച്ച് തിളപ്പിച്ചാറിയ വെള്ളം, ഫാന്‍, കൂളര്‍ എന്നിവ ഉറപ്പാക്കണം. വിലസൂചികയ്ക്കനുസരിച്ച് മൂല്യനിര്‍ണയ പ്രതിഫലം വര്‍ധിപ്പിക്കണമെന്നു എന്‍ടിയു ആവശ്യപ്പെട്ടു. റവന്യു ജില്ലാ പ്രസിഡന്റ് ആര്. വേണു ആലത്തൂര്‍ ഉദ്ഘാടനം ചെയ്തു. ജി. മധുസൂദനന്‍പിള്ള അധ്യക്ഷത വഹിച്ചു. പി. മനോജ്, പി.എ. കൃഷ്ണന്‍കുട്ടി, വിനോദ്കുമാര്‍, എ.ജെ. ശ്രീനി, കെ. കേശവനുണ്ണി, സുരേഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: