മരട്: ഏറെ വിവാദം സൃഷ്ടിച്ച മരടിലെ ബാര്‍ ലൈസന്‍സ് എന്‍ഒസി വിഷയത്തില്‍ നഗരസഭ മലക്കം മറിഞ്ഞു. കെപിസിസി പ്രസിഡന്റിനെതിരെ വരെ കോടതി പരാമര്‍ശത്തിന് വഴിവെച്ച സംഭവത്തില്‍ മേല്‍ക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കും എന്ന തീരുമാനത്തില്‍ നിന്നുമാണ് മരട് നഗരസഭ പിന്‍വാങ്ങിയിരിക്കുന്നത്. തിങ്കളാഴ്ച നടന്ന കൗണ്‍സില്‍ യോഗത്തില്‍ ഹോട്ടലിന് ബാര്‍ ലൈസന്‍സ് നല്‍കുന്നതിനുള്ള എന്‍ഒസി നല്കുവാന് തീരുമാനിക്കുകയായിരുന്നു.
സിപിഎം ഉള്‍പ്പെടെയുള്ള പ്രതിപക്ഷം യോഗ തീരുമാനം അംഗീകരിച്ചപ്പോള്‍ കോണ്‍ഗ്രസ് ഐ വിഭാഗത്തിലെ രണ്ട് മുതിര്‍ന്ന കൗണ്‍സിലര്‍മാരും മുസ്ലിംലീഗ് അംഗവും യോഗം ബഹിഷ്കരിച്ചു.
ഹോട്ടലില്‍ മദ്യശാല തുടങ്ങുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ നഗരസഭ എന്‍ഒസി നല്കാന് വിസമ്മതിച്ചതിനെ ചോദ്യം ചെയ്ത് മരടിലെ ഹോട്ടല്‍ ക്രൗണ്‍ പ്ലാസ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് നഗരസഭ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.
കെപിസിസി അദ്ധ്യക്ഷന്‍ വി.എം. സുധീരന്റെ സര്‍ക്കുലര്‍ നിര്‍ദ്ദേശം ഉള്ളതിനാലാണ് എന്‍ഒസി നല്‍കാതിരുന്നത് എന്ന വിശദീകരണമാണ് മരട് നഗരസഭ കോടതിക്ക് നല്‍കിയത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ തയ്യാറാവാതിരുന്ന കോടതി എന്‍ഒസി വിഷയത്തില്‍ അടിയന്തരമായി അനുകൂല തീരുമാനം ഉണ്ടാവണമെന്ന് നഗരസഭക്ക് ഉത്തരവു നല്‍കിയിരുന്നു. ഇതിനെ സുപ്രീംകോടതിയില്‍ സമീപിക്കും എന്നായിരുന്നു നഗരസഭാ ചെയര്മാന് അഡ്വ.ടി.കെ.ദേവരാജന്‍ പരസ്യമായി പ്രഖ്യാപിച്ചിരുന്നത്.
മുന്‍ തീരുമാനത്തില്‍ നിന്നും വ്യതിചലിച്ച നഗരസഭയാണ് ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ ബാര്‍ലൈസന്‍സിന് എന്‍ഒസി നല്കുവാനുള്ള തീരുമാനം അംഗീകാരത്തിനായി സമര്‍പ്പിച്ചത്. തുടര്‍ന്നാണ് മൂന്ന് അംഗങ്ങളുടെ എതിര് പ്പോടെ തീരുമാനം അംഗീകരിച്ചത്. ക്രൗണ്പ്ലാസക്ക് ബാര്‍ ലൈസന്‍സ് നല്കിയ വിഷയത്തില്‍ ഭരണ-പ്രതിപക്ഷങ്ങള്‍ ഒത്തുകളിച്ചെന്ന് ബിജെ പി ഏരിയാ കമ്മറ്റി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: