തിരുവനന്തപുരം: കാര്‍ഷിക രംഗത്തെ യന്ത്രവല്‍കരണത്തില്‍ നിര്‍ണായക പങ്കു വഹിച്ചുകൊണ്ടിരിക്കുന്ന കേരള അഗ്രോ മെഷനറി കോര്പറേഷന് ലിമിറ്റഡ് (കാംകോ) രണ്ട് പുതിയ ഉത്പന്നങ്ങള്‍ വിപണിയിലിറക്കുന്നു.
കാംകോ ഡീസല്‍ പവര്‍ റീപ്പര്‍, കാംകോ ബ്രഷ് കട്ടര്‍ എന്നിവയുടെ വിപണ ഉദ്ഘാടനം ഇന്ന് വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കുമെന്ന് കാംകോ ചെയര്മാന് ചാരുപാറ രവിയും മാനേജിംഗ് ഡയറക്ടര്‍ എന്‍.കെ. മനോജും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കാംകോയുടെ ഡീസല്‍ പവേര്‍ഡ് റീപ്പറിന് 93,000 രൂപയാണ് വില. ബ്രഷ് കട്ടറിന് 21,000. കാര്‍ഷിക രംഗത്ത് ഇന്ത്യയില്‍ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് കൂടുതല്‍ യന്ത്രങ്ങള്‍ പിപണിയിലിറക്കുന്നത് കാംകോയാണ്.
1984 മുതല്‍ തുടര്‍ച്ചയായി പ്രവര്‍ത്തന ലാഭം നേടിവരുന്ന കാംകോ വികസന പദ്ധതികള്‍ നടപ്പിലാക്കിവരുന്നു. 1994ല്‍ കളമശേരിയിലും 1995ല്‍ പാലക്കാട് ജില്ലയിലെ കഞ്ചിക്കോട്ടും ഫാക്ടറികള്‍ പ്രവര്‍ത്തനം ആരംഭിച്ചു. 1999ലാണ് കാംകോ കൊയ്ത്ത് യന്ത്രം വികസിപ്പിച്ചെടുത്തത്. ഇതിനായി 2001ല്‍ മാളയില്‍ പുതിയ ഫാക്ടറി സ്ഥാപിച്ചു. ചെറുകിട കര്‍ഷകര്‍ക്കു വേണ്ടി ഗാര്ഡന് ട്രില്ലര്‍ 2010ല്‍ പുറത്തിറക്കി.
തുടക്കത്തില്‍ ഇറക്കുമതി ചെയ്തിരുന്ന ഈ യന്ത്രം 2013 ഡിസംബര്‍ മുതല്‍ നിര്‍മിക്കുവാന്‍ ആരംഭിച്ചു.1996 മുതല്‍ മികച്ച ഗുണനിലവാരത്തിനുള്ള ഐഎസ്ഒ അംഗീകാരം കരസ്ഥമാക്കി വരുന്നു. 2011ല്‍ ഇറ്റാലിയന്‍ സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തില്‍ മിനി ട്രാക്ടറുകളുടെ ഉല്പാദനത്തിനായി അത്താണിയില്‍ പുതിയ പ്ലാന്റ് സ്ഥാപിക്കുകയും 2012ല്‍ ഉത്പാദനം ആരംഭിക്കുകയും ചെയ്തു.
ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുകൊണ്ട് ന്യൂ ജനറേഷന് പവര്‍ ട്രില്ലറുകള്‍ ഉത്പാദിപ്പിക്കാനുള്ള ഫാക്ടറിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കൂത്തുപറമ്പിലുള്ള വലിയവെളിച്ചത്ത് ആരംഭിച്ചിട്ടുണ്ട്. ഈ വര്‍ഷം പ്രവര്‍ത്തനം തുടങ്ങാന്‍ കഴിയുന്ന വിധത്തില്‍ പുരോഗമിക്കുകയാണെന്നും ഇതിനായി സര്‍ക്കാര്‍ 10 കോടി രൂപ അനുവദിച്ചതായും ഇരുവരും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇന്ന് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ നടക്കുന്ന വിപണന ഉദ്ഘാടന സമ്മേളനത്തില്‍ കൃഷിമന്ത്രി കെ.പി മോഹനന് അധ്യക്ഷത വഹിക്കും. എം.പിമാരായ ഡോ. ശശി തരൂര്‍, ഇന്നസെന്റ്, എന്‍.കെ. പ്രേമചന്ദ്രന്, എംഎല്‍എമാരായ കെ. മുരളീധരന്, എന്‍വര്‍ സാദത്ത്, ടി.എന്‍. പ്രതാപന്, എസ്. ശര്‍മ്മ തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: