കൊടുങ്ങൂര്‍: മീനപ്പൂര ഉത്സവത്തിന് എഴുന്നള്ളത്തില്‍ ഗജറാണി ഗുരുവായൂര്‍ നന്ദിനി ഇന്നലെ കൊടുങ്ങൂര്‍ ദേവീ ക്ഷേത്രസന്നിധിയിലെത്തി. ഇവിടെ ഉത്സവത്തിന് എഴുന്നള്ളിക്കുന്നത് പിടിയാനകളെ മതിയെന്നാണ് ദേവി ഹിതം. തുടര്‍ച്ചയായി മൂന്നാംതവണയാണ് നന്ദിനി കൊടുങ്ങൂരിലെത്തുന്നത്. പൂരംനാള്‍ വരെ നന്ദിനി, ദേവിയുടെ തിടമ്പേറ്റും. പിടിയാനകളെമാത്രം എഴുന്നള്ളിക്കുന്ന അപൂര്‍വം ക്ഷേത്രങ്ങളിലൊന്നായ കൊടുങ്ങൂരില്‍ ഭക്തര്‍ നന്ദിനിക്ക് ഗംഭീര വരവേല്പുനല്കി. ഇപ്പോള്‍ 58 വയസ്സുള്ള നന്ദിനിക്ക് 284 സെ.മീ. ഉയരം ഉണ്ട്. മറ്റുപിടിയാനകള്ക്കുള്ളപോലെ തേറ്റയില്ല എന്ന പ്രത്യേകത നന്ദിനിയ്ക്കുണ്ട്. കുട്ടികളുടെ കളിക്കൂട്ടുകാരിയായിപ്പോലും കൂടുന്ന നന്ദിനി മുന്‍വര്‍ഷങ്ങളില്‍ കൊടുങ്ങൂരില്‍ കുട്ടികള്‍ക്കു പ്രിയങ്കരിയായി അവര്‍ക്കൊപ്പം നിന്നിട്ടുണ്ട്. ഏപ്രില്‍ രണ്ടിന് കൊടുങ്ങൂര്‍ പൂരത്തിന് നന്ദിനിയുള്പ്പെടെ ഏഴുപിടിയാനകള് എഴുന്നള്ളത്തില്‍ അണിനിരക്കും. സ്വീകരണത്തിന് ദേവസ്വം ഭാരവാഹികളും ഉപദേശകസമിതി ഭാരവാഹികളും നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: