പഴയ കളിവണ്ടിയും സൈക്കിളും വീട്ടിന്റെ മൂലയില്‍നിന്നെടുത്ത് പൊടിതൂത്ത് വഴിയിലിറക്കുന്ന കാലം. കാറ്റുപോയ പന്തിന്റെ ഓട്ടയടച്ച് വീണ്ടും കളിക്കളത്തിലേക്കിറങ്ങുന്ന കാലം. നാട്ടു തോട്ടില്‍ കൂട്ടുകാരുമൊന്നിച്ചിറങ്ങി വാശിയോടെ നീന്തല്‍ പഠിക്കുന്ന കാലം. അമ്മയുടെ നാട്ടിലേക്ക്, അല്ലെങ്കില്‍ അകലെയുള്ള ബന്ധുവിന്റെ വീട്ടിലേക്ക് നീണ്ടനാളത്തെ ഉല്ലാസങ്ങള്‍ തേടിയുള്ള യാത്രയുടെ കാലം. ചോക്കും ചൂരലും പുസ്തകവും കറുത്ത ബോര്‍ഡും ബഞ്ചും ഡസ്കും നിറഞ്ഞ ലോകത്തുനിന്നും രണ്ടു മാസക്കാലത്തെ വിടുതല്‍ക്കാലം…
അതൊക്കെയായിരുന്നു പണ്ട് മാര്‍ച്ച് മാസത്തിന്റെ സന്തോഷം കുട്ടികളുടെ ലോകത്തിന്. ജൂണ്‍ ഒന്നുകഴിഞ്ഞാല്‍ പിന്നെ മാര്‍ച്ച് 31 ആയിരുന്നു അവരുടെ കലണ്ടറിലെ സന്തോഷത്തിന്റെ അടയാളം. പക്ഷേ എന്നാണ് നമ്മുടെ കുട്ടികള്‍ക്ക് അവധിക്കാലം ഇല്ലാതായത്. എന്തുകൊണ്ടാണ് ഇല്ലാതായത്. ആരാണ് അതിനു പിന്നില്‍. എന്താണവര്‍ നേടിയത്. കുട്ടികള്‍ക്കെന്താണു കിട്ടിയത്.
ഗ്രാമവഴികളില്‍ പോലും വണ്ടിയുരുട്ടിക്കളിക്കുന്ന, കല്ലുകൊത്തിക്കളിക്കുന്ന കുട്ടികളുടെ കൂട്ടം ഇല്ലാതായപ്പോള്‍ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് സാമൂഹ്യ പാഠങ്ങളുടെ പ്രായോഗിക ജീവിതമല്ലേ ഇല്ലാതായത്… ഒരിക്കലും ഇനിയൊരിക്കലും തിരികെ വരാത്ത ആ കാല്‍പ്പനികതയുടെ ലോകത്തിന്റെ നഷ്ടം കുട്ടികള്‍ പോലും അറിയുന്നില്ല. ആ നഷ്ടം അറിഞ്ഞ മുതിര്‍ന്നവര്‍ പഴയ ഓര്‍മ്മകളെ വേദനയോടെ ആസ്വദിച്ച് ഏറ്റുപാടും; കവി ഒ എന്‍വിയോടൊപ്പം, ‘ഒരുവട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം….’ പക്ഷേ, സ്വന്തം കുട്ടികള്‍ക്ക് ആ ലോകം കിട്ടാന്‍ അവസരം ഒരുക്കാതെ…
മാതാപിതാക്കള്‍ക്ക് പേടിസ്വപ്നങ്ങളുടെ കാലമാണിത്. വാര്‍ഷികപ്പരീക്ഷ; അതുകഴിഞ്ഞാല്‍ വരികയായി അവധിക്കാലം.പത്തുമാസം നീണ്ട പഠനച്ചൂടില്‍നിന്ന് കുട്ടികള്‍ക്ക് അടുത്ത രണ്ടുമാസം മോചനം. ശാസനകളുടെയും ശിക്ഷണത്തിന്റെയും മടുപ്പിക്കുന്ന മാനസികാവസ്ഥയില്‍ നിന്ന് മാറി ആര്‍ത്തുല്ലസിക്കാന്‍ കുട്ടികള്‍ക്കു കിട്ടുന്ന അവധിക്കാലം എങ്ങനെ വിനിയോഗിക്കാം?
ടെലിവിഷന്‍ ചാനലുകള്‍ ഒരുക്കുന്ന കൂത്താട്ടങ്ങളും തുടര്‍പഠനത്തിനുളള പ്രാരംഭാഭ്യാസങ്ങളും കമ്പ്യൂട്ടര്‍ മൗസിന്റെ താളത്തിനു തുള്ളുന്ന ശ്ലീലവും അശ്ശീലവുമായ ദൃശ്യങ്ങളുമൊക്കെയാണ് ആധുനിക സമൂഹത്തില്‍ നഗരങ്ങളിലെ അവധികാല വിനോദങ്ങള്‍. തീര്‍ച്ചയായും കുട്ടികളുടെ മാനസികവികാസത്തിന് ഇവയൊന്നും പര്യാപ്തമല്ലെന്ന് നിരവധി പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്വാതന്ത്ര്യത്തിന്റെയും പ്രകൃതിയുടെയും ശുദ്ധവായു ശ്വസിച്ച് ബന്ധുക്കളും സുഹൃത്തുകളുമായി ആഗ്രഹങ്ങളും ആശയങ്ങളും പങ്കുവെച്ച് ഗ്രാമീണതയുടെ സൗന്ദര്യവും ബന്ധങ്ങളുടെ വിലയും തിരിച്ചറിഞ്ഞ് സ്വയം വളരാന്‍ അവര്‍ക്ക് അവസരങ്ങളൊരുക്കുകയാണ് അവധിക്കാലത്ത് രക്ഷിതാക്കള്‍ ചെയ്യേണ്ടത്. അങ്ങനെയായിരുന്നു പണ്ടെല്ലാം…
അടുത്തകാലത്തായി അവധിക്കാലത്തിന്റെ മധുരം കുറഞ്ഞുവരുന്നതായി കാണാം. അവധിയ്ക്കിടയില്‍ അടുത്ത ക്ലാസ്സുകളിലേയ്ക്കുള്ള ചൂടിലാണ് ഇന്നത്തെ രക്ഷിതാക്കള്‍. മുന്‍കാലങ്ങളില്‍ അവധിക്കാലത്ത് വിനോദങ്ങള്‍ക്കാണ് പ്രാമുഖ്യം നല്കിയിരുന്നതെങ്കില് ഇന്ന് ആ സമയവും പഠനത്തിനായി നീക്കിവയ്ക്കാനാണ് രക്ഷിതാക്കളുടെ വ്യഗ്രത.
ഒട്ടേറെ തിരക്കുകള്‍ക്കിടയില്‍ പങ്കുവയ്ക്കാന്‍ മറന്നുപോയ സ്നേഹവും പരിലാളനയും അവര്‍ക്കു പകുത്തു നല്കാന് ലഭിക്കുന്ന അവസരവും കൂടിയാണ് സുദീര്‍ഘമായ അവധിക്കാലം. പക്ഷേ…
തിരക്കുകളില്‍ നിന്ന് തെന്നി മാറി ആഹ്ലാദകരമായ ഒരു വിനോദയാത്രക്ക് തിരഞ്ഞെടുക്കാവുന്ന ഏറ്റവും അനുയോജ്യമായ സമയമാണ് മധ്യവേനലവധിക്കാലം. ഇത്തരത്തില്‍ ഒരു വിനോദയാത്ര ആസൂത്രണം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ കാര്യങ്ങള്‍ ഏറെയാണ്. യാത്രക്ക് തിരഞ്ഞെടുക്കേണ്ട സ്ഥലം, ചെലവഴിക്കേണ്ട ദിവസങ്ങള്‍, യാത്രാരീതി, താമസസൗകര്യം, ഷോപ്പിങ്ങ് തുടങ്ങിയ കാര്യങ്ങള്‍ നേരത്തെ തന്നെ ആസൂത്രണം ചെയ്യുകയും കഴിയാവുന്നത്ര ഇവയ്ക്കുളള ഏര്‍പ്പാടുകള്‍ നേരത്തെ തന്നെ ചെയ്തുവെക്കുകയും ചെയ്താല്‍ വിനോദയാത്ര കുടുംബ ബജറ്റിലൊതുങ്ങുന്നതാക്കി മാറ്റാം.
കഴിയുന്നതും അവധിക്കാലത്തിന്റെ ആദ്യപകുതി വിനോദയാത്രയ്ക്കായി തിരഞ്ഞെടുക്കുന്നതായിരിക്കും ഉചിതം. തുടര്‍പഠനത്തിന്റെ ആരംഭത്തിരക്കിനു മുമ്പുതന്നെ യാത്ര പൂര്‍ത്തിയാക്കി തിരിച്ചെത്താം. ഇത് അടുത്ത അധ്യയന വര്‍ഷത്തിലേക്കുളള ഒരുക്കങ്ങള്‍ ആയാസരഹിതമാക്കാനും ആലോചനാപൂര്‍ണ്ണമാക്കാനും സഹായകരമാവും. വിനോദയാത്രയ്ക്കു പകരം ബന്ധുഗൃഹങ്ങളിലേക്കും ഉറ്റ സുഹൃത്തുക്കളുടെ വീടുകളിലേക്കും സന്ദര്‍ശനം നടത്തുന്നതും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പുതിയ അനുഭവമായിരിക്കും. ബന്ധങ്ങള്‍ക്കും സ്നേഹങ്ങള്‍ക്കും വിലയില്ലാതായിവരുന്ന കാലമല്ലേ ഇപ്പോള്‍.
കുടുംബബന്ധങ്ങളും സുഹൃദ്ബന്ധങ്ങളും ഊട്ടിയുറപ്പിക്കാനും ഗ്രാമീണത ആസ്വദിക്കാനും ബന്ധുക്കളുടെ വിലയും ജീവിതചര്യകൡലെ മാറ്റങ്ങളും കുട്ടികളെ മനസ്സിലാക്കികൊടുക്കാനും ഇത് ഏറെ പ്രയോജനപ്രദമാണ്.ഇതിനും ആസൂത്രണം അനിവാര്യമാണ്. ഇതിനു ഷോപ്പിങ് ആസൂത്രണം പ്രധാനമാണ്. സന്ദര്‍ശിക്കാനുദ്ദേശിക്കുന്ന ബന്ധുഗൃഹങ്ങളും സുഹൃദ്ഗൃഹങ്ങളും മുന്‍കൂട്ടി നിശ്ചയിച്ച് അവര്‍ക്ക് ഓര്‍മ്മയില്‍ സൂക്ഷിക്കാവുന്ന പാരിതോഷികങ്ങള്‍ തിരഞ്ഞെടുത്ത് വാങ്ങുന്നതിനാണിത്.
അവധിക്കാലമായതിനാല്‍ മറ്റുള്ളവര്‍ക്കും അത് ആസ്വദിക്കാന്‍ അവസരമൊരുക്കുന്ന രീതിയില്‍ മുന്‍കൂട്ടി അവരുമായി ചര്‍ച്ച ചെയ്ത് യാത്രകള്‍ തീരുമാനിക്കേണ്ടതുണ്ടെന്നതും ഒരു യാത്ര കൊണ്ട് കുടുതല്‍ സന്ദര്‍ശിക്കാവുന്ന രീതിയില്‍ ആസൂത്രണം ചെയ്യണമെന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ട വിഷയങ്ങളാണ്.
അവധിക്കാലത്ത് മുത്തശ്ശിയും മുത്തശ്ശനും മറ്റും കുട്ടികളെ കാത്തിരിക്കുന്നുവെന്ന കാര്യം അവരുടെ മക്കള്‍ പോലും അവഗണിക്കുന്ന സ്ഥിതിയാണിന്ന്. ഗ്രാമങ്ങളിലെ അവധിക്കാല അനുഭവങ്ങള്‍ കുട്ടികളുടെ മാനസിക വളര്‍ച്ചക്കും ഗ്രാമീണതയോടുളള മമതയ്ക്കും സഹായകമാണ്. അവധിക്കാലം ചെലവഴിക്കാന്‍ അവര്‍ ഏറ്റവും ഇഷ്ടപ്പെടുന്നതും നാട്ടിന്‍പുറങ്ങളായിരിക്കും. അവിടെ അവര്‍ക്ക് സ്വാത്രന്ത്ര്യവും പുതുമകളുണ്ട്.
പുഴയിലും കുളത്തിലും നീന്തിക്കളിക്കാം (വളരെ ശ്രദ്ധയോടും മുതിര്‍ന്നവരുടെ സാന്നിധ്യത്തിലും വേണം ഇതെന്നു മാത്രം). പറമ്പിലും കൊയ്ത്തൊഴിഞ്ഞ പാടങ്ങളിലും കളിച്ചുനടക്കാം. മാമ്പഴത്തിന്റെയും ചക്കയുടെയും പറങ്കിമാങ്ങയുടെയും കാലമായതിനാല്‍ ഇഷ്ടം പോലെ തിന്നു രസിക്കാം. ഉത്സവങ്ങളുടെയും വേലകളുടെയും പൂരങ്ങളുടെയും വര്‍ണ്ണക്കാഴ്ചകള്‍ ആസ്വദിക്കാം. ഒപ്പം അവയുടെ ഐതിഹ്യപ്പെരുമ കൂടി അവര്‍ക്ക് പറഞ്ഞുകൊടുത്താല്‍ അവിസ്മരണീയ ഓര്‍മ്മയായി അത് ജീവിതകാലം മുഴുവന്‍ കൊണ്ടുനടക്കാനും അഭിമാനിക്കാനും വഴിയൊരുക്കും.
എന്നാല്‍, പരീക്ഷ കഴിയുംമുമ്പേ പ്രവേശന പരീക്ഷകള്‍ക്കുള്ള പരിശീലന കേന്ദ്രത്തില്‍ മക്കള്‍ക്കു സീറ്റുറപ്പിച്ചിരിക്കുന്ന രക്ഷിതാക്കള്‍ക്ക് ഇപ്പറഞ്ഞതിനൊക്കെ എവിടെ നേരം.
രണ്ടുമാസം കുട്ടിയെ വീട്ടില്‍ തനിച്ചാക്കി ജോലിക്കുപോകുന്നതെങ്ങനെയെന്ന ചിന്തയില്‍ മിമിക്രി പരിശീലിപ്പിക്കാന്‍ വിടുന്ന രക്ഷിതാക്കള്‍ പോലുമുണ്ടത്രെ- മറ്റു കലകളിലൊന്നും താല്പര്യമില്ലെങ്കില് അങ്ങനെയെങ്കിലും സമയം പോക്കട്ടെ എന്ന ചിന്തയില്‍. ഇത്തരക്കാരെ വലവീശി വെക്കേഷന് ക്ലാസുകളെന്ന പദ്ധതികളുമായി നാട്ടിന്‍പുറത്തും ഇന്നു മിടുക്കുള്ള ബിസിനസുകാര്‍ ധാരാളമാണ്. പ്രസംഗകല പഠിപ്പിക്കാന്‍, പഠിക്കാന്‍ പഠിപ്പിക്കാന്‍, മടി കളയല്‍ പഠിപ്പിക്കാന്‍. യോഗ പഠിപ്പിക്കാന്‍….
എന്തിനാണ് വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടു മാസത്തെ അവധി കൊടുക്കുന്നത്? എന്തിനാണ് ദൈനം ദിന സ്കൂള്‍ ടൈം ടേബിളില്‍ ഇടയ്ക്കിടെ ഇന്റര്‍വെല്‍ കൊടുക്കുന്നത്. ടിന്റു മോന് സ്റ്റൈലില്‍ ചിലപ്പോള്‍ ഇന്നത്തെ കുട്ടികള്‍ മറുപടി പറഞ്ഞേക്കും ടീച്ചര്‍ക്ക് റെസ്റ്റുകിട്ടാനെന്ന്. മധ്യവേനല്‍ അവധിയെന്നാണ് പേര്. ചൂടുകൂടിയ കാലത്ത് കുട്ടികള്‍ വീട്ടിലിരിക്കട്ടെ എന്നാണര്‍ത്ഥമാക്കുന്നതെങ്കില്‍ അവര്‍ വീട്ടിലിരിക്കണം.
പക്ഷേ അങ്ങനെ സംഭവിക്കുന്നില്ല. പിന്നെ എന്തിന് അവധി… ചോദ്യം കുഴപ്പമുണ്ടാക്കുന്നതാണ്. പക്ഷേ, ക്ലാസ് മുറികളില്‍നിന്നു കിട്ടാത്ത സാമൂഹ്യ പാഠങ്ങളുടെ അനുഭവം അവര്‍ക്കു ലഭിക്കാന്‍ ഇടയില്ലാതാക്കുന്നതു നമ്മള് രക്ഷിതാക്കളാണല്ലോ… പരിതപിക്കുന്നതും നമ്മള്‍തന്നെ തന്നെ; ഇന്നത്തെ തലമുറയ്ക്ക് സാമൂഹ്യ ബോധം ഇല്ലാതാകുന്നുവെന്ന്…
മകനു കിട്ടിയ സ്കോളര്‍ഷിപ്പു തുകയില്‍ ഒരു വിഹിതം കൈയില്‍ കൊടുത്ത് മോനിഷ്ടമുള്ള പുസ്തകം വാങ്ങാന്‍ അച്ഛന് നിര്‍ദ്ദേശിച്ചു. ജോലികഴിഞ്ഞു മടങ്ങി വന്നപ്പോള്‍ അച്ഛന്റെ മേശപ്പുറത്ത് രണ്ടു പുസ്തകങ്ങള്‍- ഒന്ന്: മക്കളെ എങ്ങനെ വളര്‍ത്തണം. രണ്ട്: എ ഹാന്‍ഡ് ബുക് ഫോര്‍ പേരന്റസ്. കണ്ണു തുറക്കുമായിരിക്കും, എന്നെങ്കിലും…
പ്രതികരിക്കാൻ ഇവിടെ എഴുതുക: