പൂച്ചാക്കല്‍: ആറുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം പള്ളിപ്പുറത്തെ മലബാര്‍ സിമിന്റ് ഫാക്ടറി വീണ്ടും പ്രവര്‍ത്തനം തുടങ്ങി. പള്ളിപ്പുറം പഞ്ചയത്തിലെ വ്യവസായ കേന്ദ്രത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സിമന്റ് നിര്‍മ്മാണ ഫാക്ടറി പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിച്ചു. 27,000 ടണ്ണോളം ക്ലിങ്കര്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പള്ളിപ്പുറത്തെത്തിച്ചിരുന്നു. അമ്പതോളം ഉദ്യോഗസ്ഥരെയും ഫാക്ടറിയില്‍ പുനര്‍വിന്യസിച്ചിട്ടുണ്ട്.
കഴിഞ്ഞ ഫെബ്രുവരിയില്‍ ഉദ്ഘാടനം നടത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും നടന്നില്ല. പ്രതിദിനം 600 ടണ്‍ ഉല്‍പാദനശേഷിയുള്ളതാണ് ഫാക്ടറി. 2009 ല്‍ പൂട്ടിയിട്ടതിനുശേഷം രണ്ടുകോടിയോളം രൂപ മുടക്കിയാണ് അറ്റകുറ്റപണികള്‍ നടത്തിയത്. പള്ളിപ്പുറത്തു നിന്നും കൊണ്ടുപോയ ഉപകരണങ്ങള്‍ തിരിച്ചു കൊണ്ടുവരികയും കേടായ ഉപകരണങ്ങള്‍ നന്നാക്കുകയും മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്തതോടെയാണ് ഫാക്ടറി പ്രവര്‍ത്തനം ആരംഭിച്ചത്.
നിര്‍മ്മാണത്തിനുള്ള ക്ലിങ്കറിന്റെ വില അന്താരാഷ്ട്ര വിപണിയില്‍ അനിയന്ത്രിതമായി വര്‍ദ്ധിക്കുകയും സിമിന്റിന്റെ വില കുറയുകയും നിര്‍മ്മാണ പ്രതിസന്ധി നേരിടുകയും ചെയ്യ്ത ഘട്ടത്തില്‍ താല്‍ക്കാലികമായി ഫാക്ടറി അടച്ചുപൂട്ടിയത്. തുടര്‍ന്ന് തൊഴിലാളി സംഘടനകളുടെയും പ്രശ്നങ്ങള്‍ രൂക്ഷമായി. മാര്‍ച്ച് 20ന് പരീക്ഷണാടിസ്ഥാനത്തില്‍ 90 ടെണ് സിമന്റ് ഉത്പാദിപ്പിച്ചു. അടുത്തമാസം ഉദ്ഘാടനം നടത്തുവാനാണ് ലക്ഷ്യമിടുന്നത്. അതുവരെ ചെറിയരീതിയില്‍ ഉത്പാദനം നടത്തും. എ.എം. ആരീഫ് എംഎല്‍എ, മലബാര്‍ സിമിന്റ്സ് എംഡി: കെ. പത്മകുമാര്‍, ജെ. വിജയമോഹന്, ജോസ് ടോം, അബ്ദുള്‍ റഷീദ്, വി.കെ. രാജു, ടി.കെ. മോഹനചന്ദ്രന് തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: