പാല്‍പ്പാണ്ടിക്ക് ലോകം കൂന്തന്കുളമാണ്. കൂന്തന്‍കുളത്തിന്റെ അതിര്‍ത്തികള്‍ വിട്ട് പാല്‍പ്പാണ്ടി എങ്ങുംതന്നെ പോയിട്ടില്ല. എന്നിട്ടും പാല്‍പ്പാണ്ടിയെത്തേടി റഷ്യയില്‍ നിന്നും സൈബീരിയയില്‍ നിന്നുമൊക്കെ അവരെത്തും. ഓരോ വേനലിലും ചിറകടിച്ച് വായുവിമാനത്തിലേറി ഒരുപാട് ദേശാടനപക്ഷികള്‍. പാല്‍പ്പാണ്ടിക്ക് അവര്‍ ഒഴിവുകാലത്ത് കൂട്ടിനെത്തുന്നവരാണ്. മധ്യേഷ്യയിലെ വിവിധ രാജ്യങ്ങളില്‍ നിന്നും ജര്‍മ്മനിയില്‍ നിന്നുമൊക്കെ കൂന്തന്‍കുളത്തിന്റെ തണുപ്പും ചതുപ്പും തേടി അവര്‍ കൂട്ടംകൂട്ടമായെത്തും. ഇവിടെ പാല്‍പ്പാണ്ടിയുടെ സല്‍ക്കാരം സ്വീകരിച്ച് ഒഴിവുകാലം ആസ്വദിച്ച് മടങ്ങും. എത്രയോ യാത്രകളില്‍ പാല്‍പ്പാണ്ടിയെ ഇങ്ങനെ ഞങ്ങള്‍ കണ്ടിട്ടുണ്ട്. പക്ഷികളോട് ചിരിച്ചും കളിച്ചും അവര്‍ക്ക് അന്നം പകര്‍ന്നും കൂന്തന്കുളത്തിലെ ആതിഥേയനായി.
ദേശാടനപ്പക്ഷികളുടെ കേദാരമാണ് കൂന്തന്‍കുളം. തമിഴ്നാട്ടില്‍ തിരുനെല്‍വേലി ജില്ലയിലെ ഏറെ അറിയപ്പെടാതെ കഴിഞ്ഞിരുന്ന നാങ്കുനേരി പഞ്ചായത്തിലെ കൂന്തന്‍കുളം ഇന്ന് ദേശാടനപക്ഷികളുടെ ആവാസകേന്ദ്രമെന്ന നിലയില്‍ പുറംലോകം അറിഞ്ഞുതുടങ്ങിയതുതന്നെ അടുത്തകാലത്താണ്. ഭൂമിയുടെ അതിര്‍ത്തി ആകാശത്തിന് ബാധകമല്ലാത്തതു പോലെ വിവിധ വര്‍ണ്ണങ്ങളിലും വിവിധ രൂപത്തിലും ചിറകടിച്ചെത്തുന്ന ആയിരക്കണക്കിന് പക്ഷിജാലങ്ങള്‍ക്കും ദേശകാലങ്ങള്‍ ബാധകമല്ല.
വര്‍ഷംതോറും മുറതെറ്റാതെ എത്തുന്ന വിരുന്നുകാരെ എതിരേല്ക്കാനാണ് കൂന്തന്കുളത്തുകാരന് പാല്‍പ്പാണ്ടിയുടെ കാത്തിരിപ്പ്. വേനലൊഴിയുമ്പോള്‍ അവര്‍ക്കും മടിയാണ് പാല്‍പ്പാണ്ടിയെ വിട്ടുപോകാന്‍. അങ്ങനെ ഇന്ന് ഇവിടെ സ്ഥിരതാമസമാക്കിയവരും ഏറെയുണ്ട്.
പക്ഷികളുടെ സംരക്ഷകന്‍
കുട്ടിക്കാലം മുതല്‍ ആരംഭിച്ചതാണ് പാല്‍പ്പാണ്ടിയുടെ പക്ഷിസ്നേഹം. സലിം അലിയെപ്പോലുള്ള പ്രഗത്ഭരായ പക്ഷിനിരീക്ഷകര്‍ക്ക് വഴികാട്ടിയായി ഇവിടെ ഉണ്ടായിരുന്ന പാല്‍പ്പാണ്ടിയെ തമിഴ്നാട് സര്‍ക്കാര്‍ പക്ഷികളുടെ പരിചാരകനായി പ്രഖ്യാപിക്കുകയും ഇവിടുത്തെ വാച്ചറായി നിയമിക്കുകയുമായിരുന്നു. ഇവിടുത്തെ മരച്ചില്ലകളില്‍ നിന്നും കാല്‍വഴുതി വീഴുന്ന പക്ഷിക്കുഞ്ഞുങ്ങളെ കൂട്ടത്തിലുള്ള മറ്റു പക്ഷികള്‍ ഉപേക്ഷിക്കുകയാണ് പതിവ്. പിന്നീട് ഇതിന്റെ സംരക്ഷണ ചുമതല പാല്പ്പാണ്ടിക്കാണ്. ഇത്തരത്തില്‍ ആയിരക്കണക്കിന് പക്ഷിക്കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തിയ പാല്‍പ്പാണ്ടിയെ തമിഴ്നാട്-കേരള സര്‍ക്കാരുകള്‍ നിരവധി അവാര്‍ഡുകളും നല്കി ആദരിച്ചു. 94ല്‍ പറവെ ശരണാലയത്തിന്റെ വാച്ചര്‍ ആയ പാല്‍പ്പാണ്ടി പെന്‍ഷനായെങ്കിലും തന്റെ പക്ഷി സ്നേഹം ഉപേക്ഷിച്ചിട്ടില്ല. ഇന്നും ഇവിടെ എത്തുന്നവര്‍ക്ക് വഴികാട്ടിയായി, ഉപദേശകനായി പാല്പ്പാണ്ടിയുണ്ട്.
പരിസ്ഥിതി ഫോട്ടോഗ്രാഫറും സുഹൃത്തുമായ സുരേഷ് സൂര്യശ്രീയുമൊത്താണ് കൂന്തന്‍കുളത്തേക്ക് പോയത്. പുനലൂരില്‍നിന്നും കൂന്തന്‍കുളത്തിന്റെ സമീപപ്രദേശമായ തിരുനെല്‍വേലിയിലേക്ക് ദിവസവും സര്‍വീസ് ഉള്ളതിനാല്‍ രാവിലെ തന്നെ യാത്ര പുറപ്പെട്ടു. പുനലൂരില്‍ നിന്നും 110 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ തിരുനെല്‍വേലിയില്‍ എത്തും. ഇവിടെ നിന്നും 50 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മൂലക്കരപ്പെട്ടിയിലെത്തും. ഇവിടെ നിന്നും കൂന്തന്‍കുളത്തേക്ക് ബസ് സര്‍വീസുകളില്ല. പൊട്ടിപ്പൊളിഞ്ഞ ഗ്രാമീണ റോഡില്‍ മിനിബസുകളും ഓട്ടോയും മാത്രം. ഓട്ടോ എട്ടു കിലോമീറ്റര്‍ ചുറ്റിയാണ് ഞങ്ങളെ കൂന്തന്‍കുളത്ത് എത്തിച്ചത്. പേരുപോലെ തന്നെ ചെറുതും വലുതുമായ കുളങ്ങളുള്ള സ്ഥലം. സമയം രണ്ടുമണിയോടടുക്കുന്നു. നാങ്കുനേരിയിലെ ചെറിയ കടയില്‍ നിന്നും വാങ്ങിയ ഭക്ഷണം സമീപത്തുള്ള ഫോറസ്റ്റ് വാച്ചര്‍മാരുടെ ഷെഡില്‍ ഇരുന്നുകഴിച്ചു.
കുറച്ചുകഴിഞ്ഞ് പാല്‍പ്പാണ്ടി എത്തി. പക്ഷികളെക്കുറിച്ച് അറിയാനും അറിയാവുന്ന കാര്യങ്ങള്‍ വിശദമാക്കാനും യാതൊരു മടിയും കാട്ടാത്ത പക്ഷിസ്നേഹി. 129.33 ഹെക്ടര്‍ വരുന്ന സ്ഥലത്തെക്കുറിച്ച് പാല്‍പ്പാണ്ടിയുടെ വിവരണങ്ങളും പക്ഷിജാലങ്ങളെക്കുറിച്ചുള്ള വിശേഷങ്ങളുമൊക്കെ കഴിഞ്ഞപ്പോള്‍ സമയം നാലുമണിയോടടുത്തു. പാല്‍പ്പാണ്ടി ഞങ്ങളെ അടുത്തുള്ള വീടിന്റെ മട്ടുപ്പാവിലേക്ക് ക്ഷണിച്ചു. പാല്‍പ്പാണ്ടിയുടെ കൈവശം ഒരു ബൈനോക്കുലറുണ്ട്. ഇതിലൂടെ നോക്കി അയാള്‍ പക്ഷികളുടെ വരവ് അറിയിച്ചു. സുരേഷ് ഫോട്ടോ എടുക്കാന്‍ ക്യാമറ റെഡിയാക്കി. കുളവും വീടിന്റെ ടെറസും തമ്മില്‍ അധികം ദൂരമില്ല. പക്ഷിജാലങ്ങള്‍ കുളത്തില്‍ എത്തിയാല്‍ നല്ല രീതിയില്‍ കാണാന്‍ കഴിയുമെന്നതിനാല്‍ ഞങ്ങള്‍ ആകാംഷയോടെ കാത്തു.
കുറച്ചുസമയത്തിനുള്ളില്‍ നാട്ടിലെ താറാവിന്‍കൂട്ടം പോലെ ഒരു സംഘം പക്ഷികള്‍ കുളത്തിലെത്തി. വലുപ്പം കൊണ്ട് താറാവിനോളമെത്തുകയില്ല. എങ്കിലും സാദൃശ്യമേറെ. ഉച്ചവെയിലിന്റെ കാഠിന്യം കുറഞ്ഞുവെങ്കിലും ക്യാമറയില്‍ പ്രകാശം പതിക്കുന്നതിനാല്‍ ശരിയായ ആംഗിളില്‍ ഫോട്ടോ എടുക്കാന്‍ കഴിയാതിരുന്നതിനെത്തുടര്‍ന്ന് താഴെയിറങ്ങി കുളത്തിന് സമീപത്തുതന്നെയുള്ള വാച്ച് ടവറില്‍ കയറി. ഇവിടെ നിന്നാല്‍ നല്ല രീതിയില്‍ പക്ഷികളുടെ ഫോട്ടോ എടുക്കാം. അടുത്തുതന്നെ മരച്ചില്ലകളില്‍ കൂടുകൂട്ടിയിട്ടുള്ള പക്ഷിജാലങ്ങളെയും കാണാം.
ഇവിടെനിന്ന് നോക്കിയാല്‍ പനങ്കൂട്ടങ്ങളും വയലേലകളുമൊക്കെ ചേര്‍ന്ന് കേരളത്തിലെ ഒരു പാലക്കാടന്‍ ഗ്രാമഭംഗിയാണ് നമുക്ക് കാണാന്‍ കഴിയുക. കുറച്ചുകഴിഞ്ഞപ്പോള്‍ ദൂരെനിന്നും കൂട്ടമായി വര്‍ണകൊക്കുകള്‍ പറന്നിറങ്ങി. തൂവെള്ളയില്‍ വാലറ്റത്ത് കറുപ്പും ചുവപ്പും ഇടകലര്‍ന്ന അവയുടെ മീന്‍പിടുത്തം കാണേണ്ടുന്നതുതന്നെയാണ്. സുരേഷ് സുന്ദരമായ ആ കാഴ്ച ക്യാമറയില്‍ പകര്‍ത്താന്‍ ഒരുങ്ങിയപ്പോള്‍ പാല്‍പ്പാണ്ടിയുടെ മുന്നറിയിപ്പ്, ‘നില്ലങ്കള്, ഫോട്ടോ എടുക്കുമ്പോള്‍ ഫഌഷ് വീണാല്‍ പറവൈകള്‍ പറന്ത് പോയിടും.’ ആ അറിയിപ്പ് ശിരസാവഹിച്ച് ഫഌഷ് ഇല്ലാതെ തന്നെ നിരവധി ചിത്രങ്ങള്‍ തന്റെ ക്യാമറയില്‍ പകര്‍ത്തി.
തുടര്‍ന്ന് അടുത്തുതന്നെയുള്ള മരച്ചില്ലകളില്‍ കൂടുകൂട്ടിയിരിക്കുന്ന വര്‍ണ്ണകൊക്കുകളുടെയും കുഞ്ഞുങ്ങളുടെയും പെലിക്കണുകളുടെയും പടം എടുത്തു. ഇനി അടുത്ത കുളത്തിനടുത്ത് കൂടുതല്‍ പക്ഷികളെ കാണാം എന്നറിയിച്ചതിനെ തുടര്‍ന്ന് ഇവിടെനിന്നും 500 മീറ്റര്‍ മാത്രം അകലെയുള്ള കരിങ്കുളം എന്ന സ്ഥലത്ത് എത്തി. വഴിയോരത്ത് തന്നെ മണ്ണില്‍ മുട്ടയിട്ട് അടയിരിക്കുന്ന ആറ്റുമണല്‍ കോഴികളായിരുന്നു അവിടുത്തെ കാഴ്ച.
മുന്നോട്ടു നീങ്ങിയപ്പോള്‍ പല നിറത്തിലും രൂപത്തിലുമുള്ള മൂങ്ങകള്‍, കൊമ്പ് നീണ്ട കൊമ്പന് മൂങ്ങ, പനങ്കാക്ക ഇവയ്ക്കുപുറമെ അടുത്തുള്ള കുളത്തില്‍ താമരയും ആമ്പലുമൊക്കെ കാഴ്ചയുടെ മറ്റൊരു വിരുന്നൊരുക്കി സമൃദ്ധമായുണ്ട്. ഇതില്‍ നീന്തിത്തുടിക്കുന്ന നീലക്കോഴി, വെള്ളക്കൊക്കന്‍ കുളക്കോഴി, പട്ടക്കോഴി, വാലന്‍താമരക്കോഴി, നാടന്താമരക്കോഴി, പട്ടവാലന്‍ ഗോഡ്വിറ്റ്, ചാരമുങ്ങി, ചായമുണ്ടി, കുളകൊക്ക്, ചുള്ളന് എരണ്ട… ഇങ്ങനെ നീളുന്ന പക്ഷിക്കൂട്ടങ്ങളെയും കാണാം. സമയം പോയതറിഞ്ഞില്ല. ആറു മണിയോട് അടുക്കുന്നു. അടുത്ത് ഭക്ഷണസൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ വീണ്ടും ഓട്ടോ പിടിച്ച് നാങ്കുനേരിക്ക് പുറപ്പെട്ടു. അവിടന്നു ഭക്ഷണം കഴിച്ച് തിരികെ വാച്ചര്‍ ഷെഡ്ഡില്‍ എത്തി. സൗകര്യങ്ങള്‍ കുറവെങ്കിലും അവിടെ പക്ഷികളുടെ വിവിധയിനം ഒച്ചപ്പാടുകള്‍ക്ക് കാതോര്‍ത്ത് അന്നത്തെ ദിവസം പിന്നിട്ടു.
വിരുന്നെത്തുന്ന സ്വദേശികളും വിദേശികളും
ഇന്ന് ഞങ്ങള്‍ മറ്റൊരു കുളക്കരയിലാണ് സ്ഥാനം പിടിച്ചത്. ഇവിടെ വര്ണ്ണകൊക്കുകള്ക്ക് പുറമെ നീര്‍കാക്ക, ഉണ്ണികൊക്ക്, ഫ്ളെമിം ഗോസ്, വെള്ളനാര, കരണ്ടിമൂക്കന്‍, കൊത്തിനാര, വെള്ള അരിവാള്‍ മൂക്കന്, കറുത്ത അരിവാള്‍ മൂക്കന്, ചാമ്പല്നാര, ഡാര്‍ട്ടല്‍ തുടങ്ങിയ ഇനത്തിലെ പക്ഷികളെയും കാണാന്‍ കഴിഞ്ഞു. നിരവധി വര്‍ണ്ണങ്ങളുള്ള മരംകൊത്തി പക്ഷികളെയും കാണാന്‍ കഴിഞ്ഞ ഞങ്ങള്‍ക്ക് ചില വിദേശയിനങ്ങളെ കാണാന്‍ കഴിഞ്ഞില്ല. എന്നാല്‍ ഇനി നാട്ടിലേക്ക് തിരിക്കാന്‍ സമയമായി എന്നറിയിച്ചതിനെ തുടര്‍ന്ന് പാല്‍പ്പാണ്ടി ഓട്ടോ ഡ്രൈവറെ ഫോണില്‍ വിളിച്ച് എത്തുവാന്‍ പറഞ്ഞു. നവംബറില്‍ തുടങ്ങി ഏപ്രില്‍ മാസം വരെ നീളുന്നതാണ് ഇവിടുത്തെ വിദേശികളും സ്വദേശികളുമായ പക്ഷിജാലങ്ങളുടെ വരവ്. 250 ഓളം വരുന്ന പറവകള്‍ ഇവിടെ എത്തുന്നതായും പാല്‍പ്പാണ്ടി പറഞ്ഞു. സൈബീരിയയിലെ അതിശൈത്യത്തില്‍ നിന്നും രക്ഷതേടി എത്തുന്ന പക്ഷിക്കൂട്ടങ്ങളും ഇതില്‍പ്പെടും. വിദേശികളായ പക്ഷിജാലങ്ങളെകൊണ്ട് സമൃദ്ധമായ ഇവിടെ ഇനി അടുത്ത ഏപ്രില്‍ വരെ ഈ വിരുന്നുകാര് ഈ ഗ്രാമത്തിലെ അതിഥികളായി ഉണ്ടാകും.
കൂന്തന്‍കുളം ഗ്രാമത്തിന് നടുവിലെ വിശാലമായ ചെറുതും വലുതുമായ തടാകങ്ങളും മരച്ചില്ലകളുമാണ് പക്ഷികളുടെ താമസം. ദീപാവലി ആഘോഷമായി കൊണ്ടാടുന്ന തമിഴ്ജനത ഇവിടെ വെടിക്കോപ്പുകള്‍ ഉപയോഗിക്കാറില്ല. ഇവിടെ എത്തുന്ന പക്ഷികളുടെ പരിരക്ഷയ്ക്കായി ഗ്രാമവാസികള്‍ ഉച്ചഭാഷണികള്‍ പോലും ഒച്ച കുറച്ചേ ഉപയോഗിക്കൂ. പക്ഷികളെ പരിപാലിച്ച് ഭക്ഷണവും മരുന്നും നല്കി അപൂര്‍വയിനം പക്ഷിക്കുഞ്ഞുങ്ങള്‍ക്ക് സംരക്ഷകനായി ഒരാള്‍, അത് പാല്‍പ്പാണ്ടി മാത്രമാകും.
പക്ഷികളെക്കുറിച്ച് കൂടുതല്‍ അറിയാനായി അടുത്തുകൂടിയാല്‍ പാല്‍പ്പാണ്ടിയുടെ കണ്ണിലെ തിളക്കത്തിലൂടെത്തന്നെ പക്ഷികളോടുള്ള ഇദ്ദേഹത്തിന്റെ സ്നേഹം വായിച്ചറിയാന്‍ കഴിയും. താന്‍ സംരക്ഷിച്ച് തിരിച്ചയച്ച പക്ഷികളില്‍ അപൂര്‍വമായി ചിലത് തന്റെ സംരക്ഷകനെ തേടിയെത്തിയ കഥയും പാല്‍പ്പാണ്ടിക്ക് പറയാനുണ്ട്. തമിഴ്നാട് സര്‍ക്കാരിന്റെ വനംവകുപ്പിനാണ് ഈ പക്ഷിസങ്കേതത്തിന്റെ ചുമതല. വര്‍ഷംതോറും ഈ സ്ഥലത്തേക്ക് പുതിയ പുതിയ വിദേശ അതിഥികള്‍ എത്തിത്തുടങ്ങിയതോടെ ഇവരെ കാണാനെത്തുന്നവരുടെ എണ്ണവും വര്‍ധിച്ചുകഴിഞ്ഞു. തീര്‍ച്ചയായും ഇനി ലോകഭൂപടത്തില്‍ ഈ ചെറിയ തമിഴ് ഉള്‍നാടന്‍ഗ്രാമവും അറിയപ്പെടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: