ഒറ്റപ്പാലം: ഭാരതപ്പുഴ വറ്റിവരണ്ടു, നാനൂറോളം കുടിവെള്ളവിതരണ, ജലസേചനപദ്ധതികളുടെ പ്രവര്‍ത്തനം ഭാഗികമായി. പാലക്കാട്, മലപ്പുറം, തൃശൂര്‍ ജില്ലകളിലെയും 170-ലധികം പഞ്ചായത്തുകളും 12-നടുത്ത് നഗരസഭകളും ഇതില്‍ ഉള്‍പ്പെടുന്ന ആറുലക്ഷം ജനങ്ങളും കുടിവെള്ളത്തിന് പ്രധാനമായി ആശ്രയിക്കുന്ന ഈ പുഴ മണലാരണ്യമായി.
ഇതോടെ ഈ ജില്ലകളില്‍ കുടിവെള്ളപദ്ധതികളുടെ പ്രവര്‍ത്തനം സ്തംഭനത്തിലാണ്.
രൂക്ഷമായ കുടിവെള്ളക്ഷാമമാണ് വരുംദിവസങ്ങളില്‍ വരാനിരിക്കുന്നതെന്നാണ് സൂചന. ഭാരതപുഴയില്‍ ചാലുകീറിയും കുഴിയെടുത്തും ജലം സമാഹരിക്കുന്നതും അധികനാള്‍ തുടരാനാകില്ല.
കുംഭസൂര്യന്റെ ചൂട് അത്രമാത്രം കൂടുതലാണ്. തുലാവര്‍ഷം അവസാനിക്കുന്നതിനുമുമ്പുതന്നെ ഭാരതപുഴയില്‍ ഇക്കുറി നീരൊഴുക്ക് കുറഞ്ഞിരുന്നു. ഈ വര്‍ഷം സാധാരണതോതിലുള്ള മഴ ലഭിച്ചിട്ടും പുഴയിലെ നീരൊഴുക്ക് ഗണ്യമായി കുറഞ്ഞത് ഏറെ ആശങ്കാജനകമാണ്. കാലവര്‍ഷത്തില്‍ 1572.7 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് 1708.2 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്.
ഒമ്പതുശതമാനം അധികം മഴ ലഭിച്ചിട്ടും പുഴ വളരെവേഗം വറ്റിവരണ്ടു. തുലാമഴ 396.5 മില്ലിമീറ്റര്‍ മഴലഭിക്കണമെങ്കിലും 322.6 മീറ്റര്‍ മഴയായിരുന്നു ലഭിച്ചത്. 19 ശതമാനം കുറവാണ് ഇവിടെയുണ്ടായത്.എന്നാലിത് സാധാരണ വ്യതിയാനം മാത്രമായിരുന്നു.
അനിയന്ത്രിതവും അശാസ്ത്രീയവുമായ മണല്‍വാരലും പുഴയില്‍ അകാലവരള്‍ച്ചയ്‌ക്ക് കാരണമാണ്.
അമിതമായ മണല്‍വാരല്‍മൂലം ജലം സമാഹരിച്ചു നിര്‍ത്താനുള്ള പുഴയുടെ ശേഷി കുറഞ്ഞുവരാന്‍ കാരണമാണ്. ഇതുമൂലം മഴക്കാലത്ത് ജലം പെട്ടെന്ന് ഒഴുകി അറബിക്കടലില്‍ എത്താന്‍ കാരണമാകുന്നുണ്ട്. ഇതു ഭൂഗര്‍ഭജലത്തെയും ദോഷകരമായി ബാധിക്കുകയാണ്.
കുളിക്കാനും കുടിക്കാനാവശ്യമായ ജലത്തിനും ഭാരതപുഴയെ ആശ്രയിച്ചു കഴിയുന്നവര്‍ക്ക് കുടിവെള്ളമെന്നത് വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: