വം പാവം കുഞ്ഞുണ്ണി
കുഞ്ഞുങ്ങടെയാ കുഞ്ഞുണ്യെ
സ്മാരകപ്പേരിലേ പറ്റിച്ചൂ
രാഷ്ട്രീയ നേതാക്കള്‍ പറ്റിച്ചു..
കുഞ്ഞുണ്ണിക്കുണ്ടൊരു വീട്
കുഞ്ഞുണ്ണിക്കുണ്ടൊരു നാട്
കുഞ്ഞുണ്ണിക്കില്ലൊരു ഓര്‍മ്മക്കല്ല്
ഇതുപോലെ എത്ര കുഞ്ഞിക്കവിതകള് വേണമെങ്കിലും കുഞ്ഞുണ്ണിമാഷുടെ കവിതകളുടെ രൂപത്തില്‍ എഴുതാം – നമ്മുടെ രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക നായകരുടെ അനാസ്ഥയെക്കുറിച്ച്, കുഞ്ഞുണ്ണി മാഷോടുളള അവഗണനയെക്കുറിച്ച്… കുഞ്ഞിക്കവിതകളെഴുതാന് നമ്മെ പഠിപ്പിച്ചതു മാഷായിരുന്നല്ലോ.
വര്‍ഷാവര്‍ഷം ചരമവാര്‍ഷികദിനത്തില്‍ ദുഃഖഭാവം മുഖത്ത് വരുത്തി, ഓര്‍മകളുണ്ടെന്നു ഭാവിച്ച് വായില്‍കൊള്ളാത്ത വര്‍ത്തമാനങ്ങള്‍ പറഞ്ഞ് പത്രത്താളിലും ചാനല്‍ ദൃശ്യങ്ങളിലും കടന്നുപറ്റാന്‍ പെടാപ്പാടുപെടുന്നവരാണ് ഉന്നതസ്ഥാനത്തിരിക്കുന്നവര്‍. അവരില്‍ രാഷ്ട്രീയക്കാരുണ്ട്, ഭരണപക്ഷവും പ്രതിപക്ഷവും ഉണ്ട്. സാഹിത്യനായകരുണ്ട്, എഴുതിത്തെളിഞ്ഞവരും എഴുത്തിനെ തലനാരിഴ കീറി വിമര്‍ശിക്കുന്നവരും അക്ഷരപ്പിച്ചവെക്കുന്നവരുമുണ്ട്. സാംസ്കാരിക ഗര്ജ്ജനങ്ങളുണ്ട്, സെപ്റ്റിക് ടാങ്ക് പൊട്ടിയൊലിച്ചാലും സാമ്പത്തിക പ്രതിസന്ധി വന്നാലും പ്രസ്താവനയിറക്കി പ്രതിഷേധിക്കുന്ന സാമൂഹ്യപ്രവര്‍ത്തകരുണ്ട്. അവരൊന്നും ഇത്രകാലമായിട്ടും കുഞ്ഞുണ്ണി മാഷിനൊരു സ്മാരകം യാഥാര്‍ത്ഥ്യമാക്കാന്‍ എന്തു ചെയ്തുവെന്ന് ആ മഹദ് കവിയുടെ ഒമ്പതാം ചരമവാര്‍ഷികത്തിലെങ്കിലും ആത്മപരിശോധന നടത്തിയിരുന്നെങ്കില്‍…
ഒരാചാരം പോലെ, അനുഷ്ഠാനം പോലെ ഓരോ ചരമവാര്‍ഷികദിനത്തിലും കുഞ്ഞുണ്ണിയുടെ സ്മാരകത്തെ ഓര്‍ത്ത് വിലപിക്കുന്നവരുണ്ട്. വാഗ്ദാനം പാലിക്കാത്തതിനെക്കുറിച്ചല്ല, മറിച്ച് വാഗ്ദാനം ചെയ്തവരുടെ രാഷ്ട്രീയം നോക്കിയുള്ള വിമര്‍ശനങ്ങളാണധികവും. അധികാരത്തില്‍ ഞങ്ങളായിരുന്നെങ്കില്‍ എല്ലാം ചെയ്തേനെ എന്ന് വീമ്പിളക്കിയവര്‍ അധികാരത്തിലെത്തിയപ്പോള്‍ ഒന്നും ചെയ്യാതെ കടന്നുപോയതിന്റെ ഇളിഭ്യതയില്ലാതെ അനുസ്മരണ ചടങ്ങുകളില്‍ വാതോരാതെ കുഞ്ഞുണ്ണി മാഷെക്കുറിച്ച് പ്രസംഗിക്കും…
ഇതെല്ലാം കേട്ട് മാഷിപ്പോള്‍ സ്വര്‍ഗത്തിലിരുന്ന്
ഇങ്ങനെ കുറിച്ചിടുന്നുണ്ടാകും…
വേണ്ടയീ സ്മാരകം
വേണ്ടയീ പോര്‍വിളി
കാല്‍ലക്ഷത്തിലധികം വേദികളില്‍ നമ്മളോട് വര്‍ത്തമാനം പറഞ്ഞ കുരുന്നുകളുടെ കവി കുഞ്ഞുണ്ണി 2006 ല്‍ മലയാള കവിതാ ലോകത്തോട് വിട പറഞ്ഞു. അന്നുതന്നെ ലോകം കേള്‍ക്കുമാറുച്ചത്തില്‍ മാഷ്ടെ വലപ്പാട്ടെ അതിയാരത്ത് വീട്ടുമുറ്റത്ത് ചേര്‍ന്ന അനുശോചന യോഗത്തില്‍ പലരും വിളിച്ചു പറഞ്ഞു, അടുത്ത വര്‍ഷം നാം മാഷിനെ അനുസ്മരിക്കുമ്പോള്‍ സ്മാരകം ഉയര്‍ന്നിരിക്കുമെന്ന്. എന്നാല്‍ ഒന്നല്ല, രണ്ടല്ല, വര്‍ഷം ഒമ്പത് പിന്നിട്ട് ദശാബ്ദത്തിലേക്ക് കടക്കുമ്പോഴും അതിയാരത്ത് പറമ്പിലെ സ്മാരകത്തിനായി വീട്ടുകാര്‍ വിട്ടു നല്കിയ ഭൂമിയില്‍ ഒരു കല്ലു പോലും ഉയര്‍ന്നില്ല, ഇപ്പോഴും പറഞ്ഞു കൊണ്ടിരിക്കുന്നു മാഷിന് സ്മാരകം നിര്‍മിക്കുമെന്ന.്
മാഷിന് സ്മാരകം വീട്ടു പറമ്പില്‍ വേണ്ടയെന്നായിരുന്നു പലരുടെ അഭിപ്രായം. എന്നാല്‍ പുറത്ത് പണിയാന്‍ സ്ഥലം കിട്ടാതായതോടെ സ്മാരക നിര്‍മാതാക്കള്‍ മാഷിന്റെ വീട്ടുകാരെ സമീപിച്ചു. ഇതേത്തുടര്‍ന്ന് അഞ്ചുവര്‍ഷം മുമ്പ് അഞ്ച് സെന്റ് സ്ഥലം സ്മാരക നിര്‍മാണത്തിനായി സാഹിത്യ അക്കാദമിക്ക് നല്കി. എന്നാല്‍ സ്മാരക നിര്‍മാണത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ സാഹിത്യത്തറവാട്ടുകാര്ക്കായില്ല, എന്നു മാത്രമല്ല ആ വഴിക്ക് തിരിഞ്ഞ് നോക്കുക പോലും ചെയ്തില്ല. ഇതിനിടെയാണ് സ്മാരക സമിതിയെന്ന കസര്‍ത്തുകളുമായി സര്‍ക്കാരുകള്‍ രംഗത്ത് ഇറങ്ങിയത്.
സാഹിത്യത്തെയും കലാകാരന്മാരെയും സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നവരെന്ന് സ്വയം ഊറ്റം കൊള്ളുന്ന എല്‍ഡിഎഫ് സര്‍ക്കാരായിരുന്നു ആദ്യ സ്മാരക സമിതിക്ക് രൂപം നല്‍കിയത്. അന്ന് സ്ഥലം എംഎല്‍എയായിരുന്ന ടി.എന്‍. പ്രതാപനെ ചെയര്‍മാനാക്കി രൂപീകരിച്ച സമിതിക്ക് അല്പായുസായിരുന്നു. ചെയര്മാന് കോണ്ഗ്രസുകാരാനായ എംഎല്‍എയായിരുന്നെങ്കിലും അംഗങ്ങള്‍ ഭൂരിഭാഗവും ഇടതുകാരായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ചെയര്മാന് കളമൊഴിഞ്ഞതോടെ ആദ്യ സമിതി ചാപിള്ളയായി.
ഇതിനിടയിലായിരുന്നു ധനമന്ത്രിയായിരുന്ന തോമസ് ഐസക്കിന്റെ വീര പ്രഖ്യാപനം.
കുഞ്ഞുണ്ണി സ്മാരകത്തിന് പത്ത് ലക്ഷം രൂപ ബജറ്റില്‍ പ്രഖ്യപിച്ചിരിക്കുന്നു. ഇത് കേട്ടപാതി,കേള്‍ക്കാത്ത പാതി സ്ഥലം എംഎല്‍എയുടെ നേട്ടമായി ഫഌക്സ് ബോര്‍ഡുകള്‍ ദേശീയ പാതയോരത്ത് ഉയര്‍ന്നു. എന്നാല്‍ ഇടതന്മാരും വിട്ടില്ല, കുഞ്ഞുണ്ണിയെ ബഹുമാനിച്ച ഐസക് സാറിനും നല്കി മനോഹരമായ കൂറ്റന്‍ ഫഌക്സുകള്‍.(പ്രഖ്യാപനങ്ങളുടെ സ്മാരകമായി ഫഌക്സ് ബോര്‍ഡുകള്‍ നിന്നെങ്കിലും സ്മാരകം മാത്രം ഉയര്‍ന്നില്ല) എന്നാല്‍ തിരുവനന്തപുരത്ത് പ്രഖ്യാപിച്ച പത്ത് ലക്ഷം വലപ്പാട്ടെ അതിയാരത്തെ വീട്ടുവളപ്പിലെ സ്മാരകത്തിന്റെ സ്ഥലത്ത് എത്തിയില്ലെന്ന് മാത്രം. അത് ബജറ്റ് പെട്ടിയില്‍നിന്ന് പുറത്തിറങ്ങിയില്ല.
എല്‍ഡിഎഫ് മാറി യുഡിഎഫ് അധികാരത്തില്‍ വന്നപ്പോഴും മാഷ് എഴുതിയ കവിത പോലെ മായം ചേര്‍ത്ത രാഷ്ട്രീയം അവിടേയും വന്നു. സമാരക സമിതി ചെയര്‍മാനായി സ്ഥലം എംഎല്‍എക്ക് പകരം മുന്‍ നാട്ടിക എംഎല്‍എയും ഇപ്പോള്‍ കൊടുങ്ങല്ലൂര്‍ എംഎല്‍എയുമായ ടി.എന്‍. പ്രതാപനെ നിയമിച്ചു. അപ്പോഴും വന്നു മറ്റൊരു രാജി. സ്ഥലം എംഎല്‍എയെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് ഗീതാഗോപി എംഎല്‍എ സ്മാരക സമിതിയില്‍ നിന്നും രാജിവെച്ചു.
പിന്നാലെ സമിതിയിലെ മറ്റൊരു അംഗമായ ബാലചന്ദ്രന് വടക്കേടത്ത് രാജി നല്‍കിയെങ്കിലും പിന്നീട് പിന്‍വലിച്ചു. കൂടാതെ സമിതിയില്‍ ഉണ്ടായിരുന്ന മാഷിന്റെ മരുമകള്‍ ഉഷാകേശവരാജ് സമിതിയുടെ പ്രവര്‍ത്തനത്തിലെ പ്രശ്നങ്ങളെത്തുടര്‍ന്ന് യോഗങ്ങളില്‍ പങ്കെടുക്കാറില്ല. ഇതോടെ കൊല്ലത്തിലൊരിക്കല് അനുസ്മരണ യോഗം നടത്തുന്ന സമിതിയായി മാറി.’
സമിതിയുടെ പ്രാരംഭ പ്രവര്‍ത്തനത്തിന് അഞ്ച് ലക്ഷം രൂപ നല്‍കിയത് സ്മാരക നിര്‍മാണത്തിന് ഉപയോഗിക്കേണ്ടതിന് പകരം അവാര്‍ഡ് കമ്മിറ്റിയായി സമിതി മാറി. ഇത്തവണയും അതിയാരത്തെ വീട്ടുമുറ്റത്ത് സ്മാരക സമിതികളുടെ നേതൃത്വത്തില്‍ കുഞ്ഞുണ്ണി അനുസ്മരണ ചടങ്ങുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. സ്മാരകം ഉയര്‍ന്നാലും ഇല്ലെങ്കിലും കുഞ്ഞുണ്ണി മാഷിന്റെ അമൂല്യങ്ങളായ എഴുത്താണിയും, ചാരു കസേരയും, പുസ്തകങ്ങളും, വളപ്പൊട്ടുകളും പൊട്ടിയ ബട്ടണുകളും, ഓര്മ്മച്ചിത്രങ്ങളുമെല്ലാം ഇന്നും മരണം വരെയും മാഷിന്റെ ഒപ്പം ഉണ്ടായിരുന്ന മരുമകള്‍ ഉഷയുടെ വീട്ടില്‍ ഭദ്രമാണ്. ആ ഓര്‍മ്മകള്‍ തേടിയെത്തുന്ന മുഴുവന്‍ പേര്‍ക്കും വേണ്ടി തുറന്ന മനസ്സുപോലെയിരിക്കുകയാണ്.
രാഷ്ട്രീയ കള്ളക്കളികള്ക്കിടെ സ്മാരകം സ്വപ്നം മാത്രമായി നീങ്ങുമ്പോള്‍ ഇത്രയും വര്‍ഷങ്ങള്‍ ക്ഷമയോടെ കാത്തിരുന്ന ബന്ധുക്കളും നാട്ടുകാരും സ്മാരകത്തിനായി ഇറങ്ങിക്കഴിഞ്ഞു, കുഞ്ഞുണ്ണി സ്മാരക കര്‍മ്മ സമിതിക്ക് രൂപം നല്കി. സി.വാസുദേവന്‍ ചെയര്‍മാനും എന്‍.കെ. ഹരിശ്ചന്ദ്രന്, ഉഷ കേശവരാജ്, സി.കെ. ബിജോയ് എന്നിവര്‍ മറ്റു ഭാരാവാഹികളായാണ് സമിതി രൂപികരിച്ചിരിക്കുന്നത്. 26 ന് ആ വല്യ കവിയുടെ ഒമ്പതാം ചരമ വാര്‍ഷികാചരണം നടക്കുകയാണ്. അനുസ്മരണ സമിതികളുടെ നേതൃത്വത്തില്‍ അതിയാരത്ത് വീട്ടുമുറ്റത്തും മറ്റിടങ്ങളിലും ചടങ്ങുകള്‍ നടക്കുന്നുണ്ട്. അവിടെ ചെന്നാല്‍ ഇത്തവണയും കാണാം, കേള്‍ക്കാം കുഞ്ഞുണ്ണിയുടെ നുറുങ്ങു കവിതകള്‍ക്ക് പകരം വാഗ്ദാനങ്ങളുടെ നീണ്ട ജല്പനങ്ങള്.
മാഷിന്റെ ഈരടികളിലൊന്നിങ്ങനെയാണ്, അത് 1987-ല്‍ ആയിരുന്നു. ആ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്നു. പൊതുവേ രാഷ്ട്രീയക്കാരെക്കുറിച്ച് അത്ര മതിപ്പില്ലാതിരുന്ന കുഞ്ഞുണ്ണി മാഷ് എഴുതി-
”എണ്പത്തേഴിനെന്തര്ത്ഥം?
എന്‍പിഴ നിന്പിഴ കൂട്ടായിട്ടു
പെരുമ്പിഴയാമെന്നതിനര്ത്ഥം..” ഏതെങ്കിലും ഒരു പാര്‍ട്ടിയെക്കുറിച്ചു പറയാതിരുന്നതുകൊണ്ട് മാഷിനുവേണ്ടി മറുപക്ഷ രാഷ്ട്രീയക്കാരും ഇല്ലാതായെന്നോ? അല്ലെങ്കില്‍ ഒമ്പതുവര്‍ഷം കഴിഞ്ഞിട്ടും എന്തേ ഇങ്ങനെ…
വാക്കും വക്കാലത്തും
”എനിക്കുണ്ടൊരു ലോകം
നിനക്കുണ്ടൊരു ലോകം
നമുക്കില്ലൊരു ലോകം”
കുഞ്ഞുണ്ണി മാഷിന്റെ ആ വരികള്‍ മലയാളിയുടെ അടിസ്ഥാന മനസ്സാണ്. നമുക്കെന്ന ഒന്നിച്ചു നില്ക്കുന്ന അവസ്ഥ അറിയില്ല, ഒറ്റയ്ക്കൊറ്റയ്ക്ക് അവര്‍ എന്തു വീമ്പുമിളക്കും…
ടി.എന്‍. പ്രതാപന് എം.എല്‍.എ.
(കുഞ്ഞുണ്ണി സ്മാരക സമിതി ചെയര്മാന്)
കുഞ്ഞുണ്ണി സ്മാരക സമിതി രൂപീകരിച്ചിട്ട് മൂന്നു വര്‍ഷമേ ആയിട്ടുള്ളൂ. സ്മാരക നിര്‍മാണത്തിന് ഇതുവരെയും ഫണ്ട് ലഭിച്ചിട്ടില്ല. സമിതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കാണ് തുക അനുവദിച്ചിരിക്കുന്നത്.
ഈ ഫണ്ട് ഉപയോഗിച്ചാണ് അവാര്‍ഡും മറ്റും നല്‍കുന്നത്. ഈ സമിതിയുടെ കാലാവധി ഏതാനും മാസങ്ങള്‍ കൂടിയേയുള്ളൂ. അതിന് മുമ്പ് സ്മാരകം സംബന്ധിച്ച് പദ്ധതി തയ്യാറാക്കി സര്‍ക്കാരിനും സാംസ്കാരിക വകുപ്പിനും കൈമാറും.
ഗീത ഗോപി, എംഎല്‍എ
സ്മാരക നിര്‍മാണത്തില്‍ സാംസ്കാരിക വകുപ്പ് ഗുരുതരമായ വീഴ്ചയാണ് വരുത്തിയിരിക്കുന്നത്.
എംഎല്‍എ എന്ന നിലയില്‍ സാംസ്കാരിക വകുപ്പ് അനുവദിക്കുന്ന പണം കഴിച്ച് സ്മാരക നിര്‍മാണത്തിനുവേണ്ടിവരുന്ന എത്ര തുക വേണമെങ്കിലും തന്റെ എംഎല്‍എ ഫണ്ടില്‍ നിന്നോ ആസ്തി ഫണ്ടില്‍ നിന്നോ നല്‍കാനും തയ്യാറാണ്.
ഉഷ കേശവരാജ് (കുഞ്ഞുണ്ണി മാഷിന്റെ മരുമകള്‍)
കുട്ടമാമയോട് കാണിക്കുന്നത് ക്രൂരതയാണ്. വര്‍ഷം ഒമ്പതു കഴിഞ്ഞിട്ടും ഒരു കല്ല് എടുത്തുവെക്കാന്‍ പോലും കഴിയാതിരുന്നതിനെക്കുറിച്ച് പലര്‍ക്കും പലതും പറയാനുണ്ടെങ്കിലും അതിന് ഒന്നും തന്നെ യാതൊരു ന്യായീകരണവും ഇല്ല.
വീട്ടുകാര്‍ക്ക് ചെയ്യാവുന്ന എല്ലാ കാര്യങ്ങളും ചെയ്തുകൊടുത്തു. ഇനി സ്മാരകം നിര്‍മിക്കേണ്ടത് സര്‍ക്കാര്‍ തന്നെയാണ്. അഞ്ച് വര്‍ഷം മുമ്പ് സ്ഥലം വിട്ടുകൊടുത്തിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ലയെന്ന് പറയുന്നത് മാഷിനോട് കാണിക്കുന്ന അവഗണനയ്ക്ക് ഉദാഹരണമാണ്.
സി. വാസുദേവന്‍, എം.കെ. ഹരിശ് ചന്ദ്രന് (കുഞ്ഞുണ്ണി സ്മാരക കര്‍മ്മസമിതി ഭാരവാഹികള്‍)
സ്മാരകം നിര്‍മ്മിക്കുന്നത് സംബന്ധിച്ച് സര്‍ക്കാരും സാംസ്കാരിക വകുപ്പും നിലപാട് വ്യക്തമാക്കണം.
സാധിക്കില്ലെങ്കില്‍ തുറന്ന് പറയണം. മാഷിനെ ഒരിക്കലും മണപ്പുറത്തുകാര്‍ക്ക് മറക്കാന്‍ കഴിയില്ല. സ്മാരകം നിര്‍മ്മിക്കാന്‍ കെല്‍പ്പുള്ള നാട്ടുകാര്‍ ഇവിടെയുണ്ടെന്ന് സര്‍ക്കാരും ബന്ധപ്പെട്ടവരും ഓര്‍ക്കണം
ഇമാബാബു
മാഷ് പങ്കെടുത്ത നിരവധി വേദികളില്‍ ഒപ്പം നടന്ന് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്താന്‍ ഭാഗ്യം ലഭിച്ച ഒരാളാണ് ഞാന്‍. മാഷിന്റെ ജീവിതത്തെ ആസ്പദമാക്കി ഡോക്യുമെന്ററി ഇറക്കുവാനും സാധിച്ചു. എന്നാല്‍ ആ ഹ്രസ്വ ചിത്രം വിദ്യാലയങ്ങളില്‍ പ്രദര്‍ശിപ്പിച്ച് പുതിയ തലമുറക്ക് അദ്ദേഹത്തെ കുറിച്ചറിയാന്‍ അവസരം ഉണ്ടാകുമെന്നിരിക്കെ അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു സഹായവും ലഭിച്ചില്ല. മറിച്ച് പലരുടെയും ഭാഗത്തുനിന്ന് വളരെ മോശം പ്രതികരണമാണ് ലഭിച്ചത്. മറ്റ് സംസ്ഥാനങ്ങളിലാവട്ടെ നല്ല പ്രതികരണം ലഭിക്കുകയും ചെയ്തു. മുംബൈയില്‍ മാഷിന്റെ ചിത്രങ്ങള്‍ പ്രദര്‍ശനത്തിന് വെച്ചപ്പോള്‍ മാഷിനെ ആരാധിക്കുന്ന ഒരാള്‍ ഒരു ചിത്രം വാങ്ങിയത് 5000 രൂപ നല്‍കിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: