തന്റെ ശരീരം സിറിയന്‍ വില്ലുപോലെ വളഞ്ഞുകൊണ്ടിരിക്കുകയാണെന്ന് മൈക്കലാഞ്ജലോ തന്റെ സുഹൃത്തും സമകാലിക ചിത്രകാരനുമായ ജ്യോര്ജിയോവിനയച്ച കത്തില്‍ പരാതി പറയുന്നുണ്ട്. സിസ്റ്റൈന്‍ ചാപ്പലിന്റെ മുകള്‍ത്തട്ടില്‍, അതിനുകീഴിലുണ്ടാക്കിയ ചട്ടക്കൂടില്ക്കിടന്ന് ആനന്ദവേദനയോടെ ചിത്രം വരയ്ക്കുമ്പോള്‍ അത്രതന്നെ ആഹ്ലാദനൊമ്പരത്തിലാണ് മൈക്കലാഞ്ജലോ ഇപ്രകാരം കുത്തിക്കുറിച്ചത്.
വലിപ്പമേറിയ മറ്റൊരു ജീവിതം കിട്ടുമെന്നിരിക്കെത്തന്നെ ഗാന്ധിയനായി ജീവിക്കുന്നതിലെ പങ്കപ്പാടനു‘ഭവിച്ചുകൊണ്ട് വേദനയുടെ ആനന്ദ മൂര്‍ച്ഛ ഏറ്റുവാങ്ങിയ എസ്.കെ. ജോര്‍ജ്ജിനെക്കുറിച്ച് ‘ഗാന്ധിയന്‍ തീര്ത്ഥാടകന്’ എന്ന പേരില്‍ ഒരു ചെറു ലേഖനം എം.വി. ബെന്നിയുടെ ‘മതം, മാധ്യമം അധികാരം’ എന്ന പുസ്തകത്തിലുണ്ട്.
ലോകം കണ്ട ഏറ്റവും വലിയ ക്രിസ്ത്യാനി മഹാത്മാഗാന്ധിയാണെന്ന ജോര്‍ജിന്റെ കണ്ടെത്തലാണ് ക്ലേശപൂര്‍ണമായ ജീവിതം നയിക്കാന്‍ അദ്ദേഹത്തിന് പ്രചോദനമായത്. കല്‍ക്കത്തയിലെ ബിഷപ്പ് കോളേജില്‍ അദ്ധ്യാപകനായി പ്രവര്‍ത്തിച്ചുവരുമ്പോള്‍ ബ്രിട്ടീഷ് സര്‍ക്കാരിനെ വിമര്‍ശിച്ചും ക്രിസ്ത്യാനികള്‍ ഗാന്ധിയെ പിന്തുടരണമെന്നും പ്രഖ്യാപിക്കുന്ന ഒരു മാനിഫെസ്റ്റോ പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ ജോര്‍ജിന് ഉദ്യോഗം രാജിവെക്കേണ്ടിവന്നു. തുടര്‍ന്നങ്ങോട്ട് ക്രിസ്തുവിനെപ്പോലെ ദുരിതങ്ങളുടെ കുരിശു ചുമക്കുകയായിരുന്നു അദ്ദേഹം.
വിഷയത്തിന്റെ വ്യത്യസ്തതയും പ്രതിപാദനത്തിന്റെ മികവും തികഞ്ഞ ഇരുപത്തിനാല് ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. ഒരു പക്ഷവും ചേരാതെ മനുഷ്യഭാഗത്തുമാത്രം നിലയുറപ്പിച്ച നെറിവിന്റെ തീവ്ര നിരീക്ഷണമുള്ളതുകൊണ്ടാണ് ജോര്ജിന്റെതുപോലുള്ള സഹന ജീവിതം ബെന്നിയെ ആകര്‍ഷിക്കുന്നത്. മലയാളിയുടെ മറവി എന്ന പാപം പരിഹരിക്കാന്‍ മറ്റുചില അപൂര്‍വ്വ വ്യക്തിത്വങ്ങളെക്കൂടി ബെന്നി പുസ്തകത്തില്‍ ഓര്‍മിക്കുന്നുണ്ട്.
മലയാളിയെ ലോകസാഹിത്യത്തിലെ ചിന്മുദ്രകളെ പരിചയപ്പെടുത്തിയ ഇടപ്പള്ളി കരുണാകരമേനോനെക്കുറിച്ചുള്ള ഹൃദയഹാരിയായ സ്മൃതിയാണ് ‘വിവര്‍ത്തനകലയുടെ കുലപതി’. ടോള്‍സ്റ്റോയ്, ഡെസ്റ്റോവ് യ്സ്കി, വിക്ടര്‍ ഹ്യൂഗോ തുടങ്ങിയ എഴുത്തു വടവൃക്ഷങ്ങളിലൂടെ മലയാളി വായനാ തീര്‍ത്ഥാടനം നടത്തിയത് ഇടപ്പള്ളി വെട്ടിയൊരുക്കിയ വിവര്‍ത്തന വഴികളിലൂടെയാണ്.
മൂലകൃതിയുടെ ആത്മാവുനഷ്ടപ്പെടാതെയും വായനാ സൗഖ്യം ചോരാതെയും വിവര്‍ത്തന ജീവിതം നടത്തിയ ഈ തര്‍ജമക്കാരന്റെ യഥാര്‍ത്ഥ ജീവിതം പക്ഷേ, നേട്ടങ്ങള്‍ ഒഴുകിപ്പോയി വറ്റിയ ഒരണക്കെട്ടാണ്. മൂല്യത്തിന്റെ ആദര്‍ശം ആര്‍ക്കും വിവര്‍ത്തനം ചെയ്യപ്പെടാനാവാത്ത രീതിയില്‍ ജീവിച്ച ഇടപ്പള്ളി കരുണാകരമേനോന്റെ മഹത്വത്തിന്റെ പരാഗം ഈ ലേഖനത്തിലുണ്ട്.
നോവല്‍, കഥ, കവിത തുടങ്ങിയ സാഹിത്യ വിഭാഗങ്ങളില്‍ മാത്രമല്ല, സാഹിത്യബാഹ്യ വിതാനങ്ങളിലും ജീവിത പ്രദര്‍ശനശാല കാണാമെന്ന് ബെന്നിയിലെ എഴുത്തുകാരന് തിരശീല മാറ്റുന്ന ലേഖനങ്ങള്‍ വേറെയും ഈ സമാഹാരത്തിലുണ്ട്. കടലറിയാത്തവന് കരയിലിരുന്നുകൊണ്ട് കടലിനെ എഴുതുന്നതിനെക്കുറിച്ച് കഥാകൃത്ത് സെബാസ്റ്റ്യന്റെ നിരീക്ഷണം പങ്കുവയ്ക്കുന്ന ലേഖനം കടലെഴുത്തിന്റെ വ്യാകരണാംശം കൂടി നിറഞ്ഞതാണ്. സെബാസ്റ്റ്യന്‍ എഴുത്തുകാരന് എന്ന പരിണതിയിലേക്ക് കടലും കടല്‍ ജീവിതവും എങ്ങനെ ആവേശമായി ചേക്കേറുന്നു എന്ന അന്വേഷണമാണ് ‘സമുദ്രം മുഴങ്ങുന്ന വാക്ക്’.
ജീവിക്കുന്ന പരിസരം മനുഷ്യന്റെ വിധിയാകുന്നു എന്നൊരു ചിന്തയുണ്ട്. അതുപോലെ എഴുത്തുകാരന്റെ ചുറ്റുപാട് അവന്റെ കഥയും കഥാപാത്രങ്ങളുമാവാം. സെബാസ്റ്റിയന്റെ കഥകള്‍ അക്ഷരങ്ങളില്‍ ചുരുട്ടിവെച്ച കടലലകളാണെന്ന് ഈ ലേഖനം ഓര്‍മപ്പെടുത്തുന്നു.
പരാജയപ്പെട്ട ചിത്രകാരനെന്ന് ഹിറ്റ്ലറെ ബ്രഹ്ത് വിശേഷിപ്പിക്കുമ്പോള്‍ ബദലില്ലാത്ത ക്രൂരതകള്‍ കാട്ടാന്‍ ഹിറ്റ്ലറെ പ്രേരിപ്പിച്ചതില്‍ പരാജിതന്റെ നിരാശയും കാരണമായിട്ടുണ്ടെന്ന് വ്യാഖ്യാനങ്ങളുണ്ട്.
പരാജയപ്പെട്ടവന്റെ ആത്മരോഷത്തില്‍ നിന്നാണ് വര്‍ഗീയവാദിയായ മുഹമ്മദാലി ജിന്ന രൂപാന്തരപ്പെട്ടതെന്നുള്ള വാദത്തെക്കുറിച്ചുള്ളതാണ് ‘ജിന്നയുടെ രൂപാന്തരം’. നെഹ്റുവിനും ഗാന്ധിക്കും മുമ്പേ കോണ്‍ഗ്രസില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ച ജിന്നയെ പിന്നീട് എല്ലാവരും ചേര്‍ന്ന് അവഗണിച്ച് ഒറ്റപ്പെടുത്തിയതിന്റെ പകയാണ് അദ്ദേഹത്തിന്റെ രണ്ടാംവരവെന്നും അതാണ് ‘ഭാരത വിഭജനത്തിനും പാക്കിസ്ഥാന് പിറവിക്കും കാരണമായതെന്നും ഗാന്ധി, ജിന്ന പുനര്‍വായനകള്‍ ആവശ്യമാണെന്നും ഈ ലേഖനം ചൂണ്ടിക്കാട്ടുന്നു.
‘സംഭാഷണം’ എന്ന ശീര്‍ഷകത്തിലുള്ളത് നാല് മുഖാമുഖങ്ങളാണ്. മാധവിക്കുട്ടി, ജസ്റ്റിസ് കെ.ടി. തോമസ്, വി.ടി. രാജ്ശേഖര്‍, വെള്ളാപ്പള്ളി നടേശന് എന്നിവരുമായി നടത്തുന്ന സംഭാഷണങ്ങള്‍ക്ക് വസ്തുതകളുടെ പിന്‍ബലമുള്ള തുറസുകളുണ്ട്. നേരത്തെ എവിടെയും തുറന്നുപറയാത്ത സാഹിത്യ-രാഷ്ട്രീയ-സാംസ്കാരിക-ദളിത് പരിപ്രേക്ഷ്യങ്ങളുടെ ആര്‍ജവമുള്ള തുറന്നുപറച്ചിലുകളാണിത്.
ഒരേസമയം ഭ്രമവും സുബോധവും നിറഞ്ഞ മനുഷ്യ ജീവിതത്തെ പെരും നര്മംകൊണ്ടുകീറിമുറിക്കുന്ന വികെഎന്നിനെക്കുറിച്ചുള്ള നിരീക്ഷണ ലേഖനത്തിന് മൗലികതയുടെ ഉഗ്രതാപമുണ്ട്. നര്മത്തേക്കാള് വിദൂഷകവേഷം എഴുത്തില്‍ കെട്ടിയാടിയ വികെഎന്നിന്റെ ദര്‍ശന തലം ഇനിയും വ്യാഖ്യാനങ്ങള്‍ക്ക് വിധേയമാകാനിരിക്കുന്നതേയുള്ളു.
എല്ലാത്തരം അധികാരങ്ങളേയും സൂക്ഷ്മമായ കോമാളിത്തം കൊണ്ടു തച്ചുതകര്‍ത്ത് ഐറണിയില്‍ തൂക്കിയിട്ട് ആര്‍ക്കും വഴങ്ങാത്തൊരു സ്വകീയാധികാര ഭാഷ തീര്‍ത്ത് കുഞ്ചനെപ്പോലെ ചിരിക്കുകയായിരുന്നു വികെഎന്‍. അങ്ങനെയായതുകൊണ്ട് ഇങ്ങനെയായിരിക്കാമെന്നൊക്കെയുള്ള ലാക്ഷണിക സമാധാനങ്ങള്ക്കൊന്നും വഴങ്ങാതെ ചരിത്രം, മിത്ത്, ഭാഷ, ആക്ഷേപം തുടങ്ങിയ വിതാനങ്ങളിലൂടെ പരിചിതനായിക്കൊണ്ട് അപരിചിതനായി രൂപാന്തരപ്പെടുന്നതാണ് വികെഎന്‍ വ്യക്തിത്വം. വിവിധ ഭൂഖണ്ഡങ്ങളെചുറ്റി ഒഴുകുന്ന ഒറ്റക്കടലുപോലെയാണ് വികെഎന്‍ സാഹിത്യം. ‘ചരിത്രത്തിന്റ അറിവടയാളങ്ങള്‍’ എന്ന ലേഖന ശീര്‍ഷകം വികെഎന്‍ എന്ന എഴുത്തുകാരനെക്കുറിച്ചുള്ള മറ്റൊരടയാളം കാട്ടിത്തരുന്നു. ഈ എഴുത്തുകാരന്റെ ലോകത്ത് ക്രീമിലെയര്‍ ഇല്ലാത്തതുകൊണ്ടാവണം അടിത്തട്ടിലേക്ക് തുരന്നെത്താവുന്ന ഒരു പല്‍ച്ചക്ര ഭാഷ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായി ബെന്നി ഉപയോഗിച്ചത്.
ലളിതമായി എഴുതുന്നതിനു പിന്നിലെ ശ്രമകരമായ പ്രശ്നങ്ങള്‍ അറിഞ്ഞുകൊണ്ടുതന്നെ വായനയുടെ ശയ്യാസുഖം നല്‍കുന്നതാണ് ‘മതം മാധ്യമം അധികാരം’. പാണ്ഡിത്യഗര്വ്വിന്റെ അത്താണിയില്ലാതെയും വാക്കുകളുടെ അനാര്‍ഭാട സൗന്ദര്യംകൊണ്ടും പ്രവാഹവേഗം നല്കുന്നവയാണ് ഓരോ പേജുകളും. സാമാന്യവായനക്കാര്ക്കൊപ്പം, അവന്റെ കൂടി ആശയലോകം പങ്കിട്ടുകൊണ്ട് ഞാന്‍ നിങ്ങളോടൊപ്പം എന്നു പ്രഖ്യാപിക്കുകയാണ് ബെന്നിയിലെ എഴുത്തുകാരന്. അതുകൊണ്ടാണ് രാഷ്ട്രീയം, മതം, മാധ്യമം, സാഹിത്യം, കല എന്നിവയ്ക്കുമപ്പുറം മനുഷ്യചേരിയിലായിക്കൊണ്ട് ഈ കൃതി ജീവിത പ്രദര്‍ശന ശാലയാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: